പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ബീഹാറില്‍ പിടിയിലായ സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗുരുതരമാണ്. ഈ മാസം പന്ത്രണ്ടിനാണ് പ്രധാനമന്ത്രി ബീഹാര്‍ സന്ദര്‍ശിച്ചത്. തലേന്ന് രാത്രിയാണ് ഝാര്‍ഖണ്ഡ് പോലീസ് നല്കിയ വിവരമനുസരിച്ച് മൂന്ന് ഭീകരരും പിടിയിലായത്. ഇവരിലൊരാള്‍ മുന്‍ പോലീസുകാരനാണ്. ആദ്യം അറസ്റ്റിലായ മൂന്നുപേര്‍ നിരോധിത സംഘടനയായ ‘സിമി’യില്‍ പ്രവര്‍ത്തിച്ചിരുന്നവരാണെന്നു മാത്രമല്ല, ഇവരിലൊരാള്‍ ‘സിമി’ നിരോധിച്ചതിനെത്തുടര്‍ന്ന് 2001-02 കാലയളവില്‍ പാട്ന ഗാന്ധിമൈതാനിയില്‍ ബോംബുസ്ഫോടനം നടത്തിയ കേസില്‍ ജയിലിലായ ഭീകരവാദിയുടെ സഹോദരനുമാണ്. ഇവരുടെ നേതൃത്വത്തില്‍ കേരളം, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള ഭീകരവാദികള്‍ക്ക് ബീഹാറില്‍ ആയുധപരിശീലനം നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍നിന്ന് അത്യന്തം പ്രകോപനപരവും ദേശദ്രോഹപരവുമായ ഉള്ളടക്കമുള്ള നിരവധി ലഘുലേഖകള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഭൂരിപക്ഷ സമുദായത്തെ കീഴടക്കി 2047 ല്‍ ഭാരതത്തെ ഇസ്ലാമിക രാജ്യമായി മാറ്റണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ഇതിലൊന്ന്. ഈ ആഹ്വാനത്തിന് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന സിമിയുടെ മുദ്രാവാക്യവുമായുള്ള സാമ്യവും, പിടിയിലായവര്‍ക്ക് നിരോധിത സംഘടനയായ ‘സിമി’യുമായുള്ള ബന്ധവും യാദൃച്ഛികമല്ല.
ഇപ്പോള്‍ പിടിയിലായിരിക്കുന്നവര്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇസ്ലാമിക രാജ്യങ്ങളായ പാക്കിസ്ഥാന്, തുര്‍ക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ പണം കൈപ്പറ്റിയിരുന്നതായി ബീഹാര്‍ പോലീസ് കണ്ടെത്തുകയും, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയും ചെയ്തിരിക്കുകയാണ്. പ്രതികളെ ചോദ്യംചെയ്യുകയും, ഈ ദിശയില്‍ കൂടുതല്‍ അനേ്വഷണം നടത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ഇതുസംബന്ധിച്ച ചിത്രം വ്യക്തമാവുകയുള്ളൂ. ഭീകരപ്രവര്‍ത്തനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിന് തുര്‍ക്കിയില്‍നിന്നും ഖത്തറില്‍നിന്നുമൊക്കെ വന്‍തോതില്‍ സാമ്പത്തികസഹായം ലഭിക്കുന്നതായുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ബീഹാര്‍ സന്ദര്‍ശനത്തിനു മുന്‍പ് ഇപ്പോള്‍ പിടിയിലായിട്ടുള്ളവര്‍ രണ്ട് ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നേതൃത്വം ആര്‍ക്കായിരുന്നു, ആരൊക്കെയാണ് പങ്കെടുത്തത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ വെളിപ്പെടേണ്ടിയിരിക്കുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ബീഹാറിലെ പ്രചാരണ പരിപാടിക്കിടെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിയെ ലക്ഷ്യംവച്ച് ബോംബുസ്ഫോടനങ്ങള്‍ നടന്നിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയില്‍പ്പെട്ടവര്‍ പിടിയിലാവുകയും കോടതി വധശിക്ഷ വിധിക്കുകയും ചെയ്തതാണ്. മഹാരാഷ്ട്രയിലെ ഭിമ-കൊറെഗാവ് സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മാവോയിസ്റ്റ് ഭീകരര്‍ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.
രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നിരോധിക്കപ്പെട്ട ‘സിമി’യാണ് പോപ്പുലര്‍ ഫ്രണ്ടായി വേഷംമാറിയത്. ഈ സംഘടനയുടെ ഭീകരര്‍ ഇപ്പോള്‍ ബീഹാറില്‍ പിടിയിലായതോടെ സിമി ബന്ധം ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. ബീഹാറില്‍ പിടിയിലായ ഭീകരരില്‍നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകകളും പിടിച്ചെടുക്കുകയുണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സമീപകാലത്ത് രാജ്യത്തു നടന്ന പല അക്രമസമരങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കരങ്ങളുള്ളതായാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതും, ദല്‍ഹിയിലും മറ്റും വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവച്ചതും പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമഫലമായാണ്. ഇതിനുവേണ്ടി കോടിക്കണക്കിന് രൂപ ഈ സംഘടന നിയമവിരുദ്ധമായി ചില വിദേശ രാജ്യങ്ങളില്‍നിന്ന് കൈപ്പറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഇത്തരം ഇടപാടുകള്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹികള്‍ ഇപ്പോള്‍ ജയിലിലാണ്. മതത്തിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനംതന്നെയാണ് ഈ സംഘടന നടത്തുന്നതെന്ന് ഇതിനോടകം തെളിഞ്ഞുകഴിഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടനയാണെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുമുണ്ടായി. ഹിജാബ് സമരത്തിന്റെ പേരില്‍ സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് കര്‍ണാടക ഹൈക്കോടതിയും പരോക്ഷമായി സൂചിപ്പിക്കുകയുണ്ടായി. ഭീകരസംഘമായി കണ്ട് ഈ സംഘടനയെ നിയമംമൂലം നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: