ശ്രീലങ്കയിലെ അഭ്യന്തര കലാപം സാമ്പത്തിക അപചയത്തിന്റെ അനന്തരഫലമാണെന്നതിന് സംശയമില്ല. ആഭ്യന്തര ഉല്പാദനത്തിന്റെ ശോഷണവും വിദേശകടത്തിന്മേലുള്ള വര്‍ദ്ധിച്ച വിധേയത്വവും ലഭ്യമായ സമ്പത്ത് അനഭിലഷണീയമായ മാര്‍ഗ്ഗത്തിലൂടെ ഒഴുകിയതും ശ്രീലങ്കയുടെ പതനത്തിന് ആക്കം കുറിച്ചു. ഒരു കാലത്ത് തോട്ടവിളകളായിരുന്നു ശ്രീലങ്കയുടെ ഭാഗധേയം നിര്‍ണ്ണയിച്ചിരുന്നത്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ശ്രീലങ്കയിലേക്ക് ഒഴുകിയിരുന്ന തൊഴിലാളികളെ കുറിച്ച് നമുക്ക് മറക്കാറായിട്ടില്ല. ഇവിടുന്ന് ചെല്ലുന്നവര്‍ക്കെല്ലാം ശ്രീലങ്ക തൊഴില്‍ നല്കി. പിന്നെങ്ങിനെ, ആ രാഷ്ട്രത്തിന് ഈ ദുര്‍ഗ്ഗതി വന്നു ഭവിച്ചു. സംശയിക്കേണ്ട, സാമ്പത്തിക വിനിയോഗത്തില്‍ വന്ന പാളിച്ചകള്‍ തന്നെ കാരണം.
ഇതോടു ചേര്‍ത്തുവെച്ചുവേണം കേരളത്തിലെ വര്‍ത്തമാനകാല സ്ഥിതിയും സാമ്പത്തികാവസ്ഥകളെയും നോക്കികാണാന്‍. ഡോളര്‍ കടത്തും സ്വര്‍ണ്ണക്കടത്തുമൊക്കെ നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിലൊക്കെ ഉപരിയാണ് ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാല്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങള്‍. ധൂര്‍ത്തും വ്യക്തമായ ആസൂത്രണമില്ലായ്മയും നമ്മുടെ സാമ്പത്തിക രംഗത്തെ തളര്‍ത്തുന്നു. ആഭ്യന്തര ഉത്പാദനം നെല്ലിപ്പടിയും കടന്ന് താഴോട്ട് കൂപ്പ് കുത്തുകയാണ്. തോട്ടവിളകള്ക്കോ ഗള്‍ഫ് നാടുകളില്‍നിന്ന് ഇങ്ങോട്ടൊഴുകുന്ന പെട്രോ കറന്‍സികള്‍ക്കോ താങ്ങിനിര്ത്താനാകാത്തവിധം ഇവിടുത്തെ സാമ്പത്തിക സ്ഥിതി ബലഹീനമായിരിക്കുന്നു.
75 വര്‍ഷങ്ങളിലെ വിവിധ കക്ഷികളുടെ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നത് തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍പോലും വകയില്ലാത്തൊരു സാമ്പത്തിക വ്യവസ്ഥയാണ്. അധികാരത്തിലിരിക്കുന്ന വ്യക്തികളും ഭരിക്കുന്ന പാര്‍ട്ടിയും തടിച്ചുകൊഴുക്കുമ്പോള്‍ സംസ്ഥാന ഖജനാവ് ശോഷിക്കുന്നു. കടമെടുത്ത് ചെലവു നടത്തുക എന്ന ശൈലിയിലാണിപ്പോള് കേരളം. വാങ്ങുന്ന കടം എങ്ങനെ തിരകിച്ചടയ്ക്കുമെന്ന യാതൊരു ധാരണയുമില്ലാതെയാണ് വീണ്ടും വീണ്ടും കടമെടുക്കുന്നത്. ജനങ്ങള്‍ക്കാവശ്യമില്ലാത്ത വമ്പന്‍ പദ്ധതികള്‍ ആരംഭിക്കാന്‍ ലോകബാങ്കില്‍ നിന്നും ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കടമെടുത്താണ് ശ്രീലങ്ക ഇപ്പോഴത്തെ അവസ്ഥയിലെത്തിയത്. വികസനത്തിന്റെ പേരുപറഞ്ഞ്, ജനങ്ങള്‍ക്കാവശ്യമില്ലാത്ത പദ്ധതികളുടെ പേരില്‍ കോടികള്‍ കടമെടുക്കുന്ന കേരളവും ശ്രീലങ്കയുടെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പദ്ധതി വിഹിതവും സഹായങ്ങളും കൊണ്ടാണ് ഇന്ന് കേരളം പിടിച്ചു നില്‍ക്കുന്നതെന്നതാണ് വാസ്തവം. കേരളത്തിന്റെ പൊതു കടം മൂന്നേമുക്കാല്‍ ലക്ഷം കോടിയുടേതാണത്രെ. കടം തിരിച്ചടക്കാന്‍ കഴിയാത്തതുകൊണ്ട് രാജ്യത്തെ ഒരു തുറമുഖം ചൈനക്ക് നടത്താന്‍ കൊടുത്ത് ആപ്പിലായിരിക്കുകയാണ് ശ്രീലങ്ക ഇപ്പോള്‍. ഇതെല്ലാം നാം മലയാളികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവിടെ നടത്താന്‍ കൊടുക്കാന്‍ തുറമുഖങ്ങള്‍ക്ക് കുറവൊന്നുമില്ല.
ജനാധിപത്യവ്യവസ്ഥിതിക്കനുസരിച്ചും നമ്മുടെ ഭരണഘടന പ്രകാരവും നമ്മുടെ വരവുചെലവ് നിയന്ത്രിക്കാന്‍ നിരവധി സംവിധാനങ്ങളുണ്ട്. എന്നിട്ടും നമ്മുടെ സാമ്പത്തികസ്ഥിതിക്കെന്തേ പിടിച്ചു നില്കാന് കഴിയാഞ്ഞത്? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. 44 നദികളുള്ള കേരളത്തില്‍ വൈദ്യുതി ഉത്പാദനത്തിന്റെ കൂടുതല്‍ ഭാഗവും ജലസ്രോതസ്സുകളെ ആശ്രയിച്ചിട്ടാണെങ്കിലും രണ്ടു മാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡിംഗ് എന്ന മായാജാലത്തിലൂടെ കേരള സര്‍ക്കാര്‍ പൊതുജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ആനുകൂല്യങ്ങളൊന്നും ലഭ്യമല്ലാത്ത ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളിലും ഒരു സാധാരണ കുടുംബത്തിനത്യാവശ്യമായ വൈദ്യുതി സൗജന്യമാണ്. 2024 ലെ തെരഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ സമ്മതിദായകര്‍ വോട്ടിങ്ങ് മെഷീനില്‍ വിരലമര്‍ത്തുമ്പോള്‍ ഇവയൊന്നും പരിഗണിച്ചില്ലെങ്കില്‍ ശ്രീലങ്കയിലെ പ്രസിഡണ്ടിന്റെ വസതിയിലേക്ക് ജനം ഇരച്ചു കയറിയതുപോലെ ക്ലിഫ് ഹൗസിലേക്ക് നമുക്ക് ഇരച്ചു കയറേണ്ടിവരും. ഭരിക്കുന്ന സര്‍ക്കാര്‍ ഇതിനെ പറ്റി ബോധവാന്മാരാണെന്ന് തോന്നുന്നു. ക്ലിഫ് ഹൗസിന്റെ സുരക്ഷ അനുദിനം വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലൊ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: