ന്യൂയോര്‍ക്ക്: ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന് നാളെ അമേരിക്കയില്‍ ആരവമുയരുമ്പോള്‍ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യ. ഒന്‍പത് മലയാളികളടക്കം ഇരുപത്തിരണ്ടംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. 2003ല്‍ അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് 39 വര്‍ഷത്തെ ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഒരേയൊരു മെഡല്‍. എന്നാല്‍ ഇത്തവണ ഒറിഗോണിലെ യൂജിനില്‍ ചരിത്രം തിരുത്താനുള്ള പ്രതിഭാ സമ്പത്തുണ്ട് ഇന്ത്യക്ക്.
യൂജിനിലെ ഹേവാര്‍ഡ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയ്ക്ക് മത്സരങ്ങള്‍ തുടങ്ങും. രണ്ടായിരത്തില്‍ നടക്കേണ്ടിയിരുന്ന ചാംപ്യന്‍ഷിപ്പ് കൊവിഡ് കാരണം 2022ലേക്ക് മാറ്റുകയായിരുന്നു. ട്രാക്കിലും ഫീല്‍ഡിലുമായി 192 രാജ്യങ്ങളിലെ 1972 താരങ്ങള്‍. ലോക അത്ലറ്റിക്സിലെ വിഖ്യാത താരങ്ങളെല്ലാം കളത്തിലിറങ്ങും. 49 ഇനങ്ങളില്‍ മത്സരമുണ്ട്. റഷ്യയുടെ ഉക്രൈന് ആക്രമണത്തില്‍ പ്രതിഷേധിച്ച് റഷ്യ, ബലാറുസ് താരങ്ങളെ മത്സരങ്ങളില്‍നിന്ന് വിലക്കിയിട്ടുണ്ട്. ചാംപ്യന്‍ഷിപ്പ് ഈ മാസം 24ന് സമാപിക്കും.
ഇന്ത്യന്‍ ടീമിനെ ഒളിംപികസ് ജേതാവ് നീരജ് ചോപ്ര നയിക്കും. ടോക്കിയോയില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞ് ഒളിമ്പിക്സ് അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ ജേതാവായ നീരജില്ത്തന്നെയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. 2017ലെ ലോക ചാംപ്യന്‍ ജര്‍മ്മനിയുടെ യൊഹാനസ് വെറ്റര്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയതോടെ നീരജിന്റെ സാധ്യത വര്‍ധിക്കുന്നു. സീസണില്‍ 89.94 മീറ്റര്‍ ദൂരമാണ് നീരജിന്റെ മികച്ച പ്രകടനം. ഈ മികവിലേക്ക് എത്തിയാല്‍ നീരജിന് മെഡലുറപ്പ്. സീസണില്‍ 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സനാണ് നീരജിന് വെല്ലുവിളിയുയര്‍ത്തുക.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്ലേയിലും ലോംഗ്ജംപില് മലയാളിതാരം എം. ശ്രീശങ്കറിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഏപ്രിലില്‍ സ്വന്തം പേരിലുള്ള റിക്കാര്‍ഡ് 8.36 മീറ്ററാക്കി മെച്ചപ്പെടുത്തിയാണ് ശ്രീശങ്കര്‍ ലോക ചാംപ്യന്‍ഷിപ്പിനെത്തുന്നത്. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്താണ് പാലക്കാട്ടുകാരനായ ശ്രീശങ്കര്‍. വനിതാ ജാവലിന്‍ ത്രോ താരം അന്നു റാണിയും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.
എം. ശ്രീശങ്കര്‍, വൈ. മുഹമ്മദ് അനീസ് (ലോങ്ജംപ്), അബ്ദുല്ല അബൂബക്കര്‍, എല്‍ദോസ് പോള്‍ (ട്രിപ്പിള്‍ ജംപ്), എം.പി. ജാബിര്‍ (400മീ. ഹര്‍ഡില്‍സ്) എന്നിവര്‍ക്കു പുറമേ നോഹ നിര്‍മല്‍ ടോം, വൈ. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, രാജേഷ് എന്നിവര്‍ 400 മീറ്റര്‍ റിലേ ടീമിലെ അംഗങ്ങളാണ്.
നീരജ് ചോപ്രയും മലയാളി താരങ്ങളായ എം. ശ്രീശങ്കറും അബ്ദുല്ല അബൂബക്കറും ഈ സീസണിലെ ലോക റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനങ്ങളിലുണ്ട്. ഇന്ത്യന്ചീഫ് കോച്ച് പി.രാധാകൃഷ്ണന് നായരും ഡപ്യൂട്ടി ചീഫ് കോച്ച് എം.കെ.രാജ്മോഹനും മലയാളികളാണ്. ശ്രീശങ്കറിന്റെ പിതാവ് എസ്. മുരളിയും പരിശീലക സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: