മൂന്നാര്‍/ രാജാക്കാട്: ഹൈറേഞ്ച് മേഖലയില്‍ മഴ കനത്തതോടെ മണ്ണിടിഞ്ഞും മരം വീണും ഇന്നലെ പന്ത്രണ്ടോളം വീടുകള്‍ക്ക് ഭാഗികമായി തകര്‍ന്നു. ദേവികുളം, ഇടുക്കി, നെടുങ്കണ്ടം മേഖലകളിലാണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. ദേവികുളം മേഖലയില്‍ മാത്രം പത്തോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും അടിമാലി ആനച്ചാല്‍ മന്നാക്കുടിയില്‍ ഉപ്പൂട്ടിപറമ്പില്‍ സുധാകരന് രാജേന്ദ്രന്റെ വീടിന് മുകളിലേക്ക് വന്മരം കടപുഴകി വീണു. സംഭവ സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. രാജകുമാരിയില്‍ പാലത്തിങ്കല്‍ ബാബൂട്ടിയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉടുമ്പന്‍ചോലയില്‍ കാരിത്തോട് കരിമ്പിന് മാവില്‍ ശാന്ത ബിജുവിന്റെ വീടാണ് തകര്‍ന്നത്.
മരം കടപുഴകി വീണതാണ് വീട് തകരാന്‍ കാരണം. മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത്. മഴ ഇനിയും തുടര്‍ന്നാല്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉള്‍പ്പെടെ വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങള്‍.നേര്യമംഗലം, അടിമാലി, കല്ലാര്‍, മാങ്കുളം, വെള്ളത്തൂവല്‍, കൊന്നത്തടി അടക്കമുള്ള സ്ഥലങ്ങളിലും കനത്ത മഴയായിരുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായി. കനത്ത മഴയില്‍ തോടുകള്‍ കരകവിഞ്ഞൊഴുകുകയും ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്നലെ തുറന്നു. കനത്ത മഴയില്‍ നെടുങ്കണ്ടത്ത് വീടിന് മുകളില്‍ മരം വീണു. നെടുങ്കണ്ടം മൈനര്‍സിറ്റി കക്കുഴിനഗറില് ഇരുളുംതറയില് കെ.ഇ. വത്സലന്റെ വീടിന്റെ മുകളിലേയ്ക്കാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വന്മരം കടപുഴകി വീണത്.
വൈദ്യതി ലൈനുകളും കേബിള്‍ ലൈനുകളും തകര്‍ത്താണ് മരം വീടിന്റെ മുകളിലേയ്ക്ക് വീണത്. വെള്ളത്തൂവല്‍ രാജാക്കാട് റോഡില്‍ പന്നിയാര്കൂട്ടിയ്ക്ക് സമീപം മരം വീണ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. തുടര്‍ന്ന് ഇവിടെ ഗതാഗതം പുനസ്ഥാപിച്ചു. ദേവികുളം മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ദേവികുളം മേഖലയില്‍ 5.06 സെ. മീറ്റര്‍ മഴ രേഖപ്പെടുത്തി. ജില്ലയില്‍ ഇന്നലെ ശരാശരി 2.66 സെ. മീറ്റര്‍ മഴ ലഭിച്ചു. മൂന്നാറിലും പരിസര പ്രദേശത്തും കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ മറിഞ്ഞ് വീണ് ദേശീയ പാതയിലടക്കം ഗതാഗതം തടസപ്പെട്ടു. കൊച്ചി – ധനുഷ് കോടി ദേശീയ പാതയില്‍ പെട്ട ദേവികുളം ലാക്കാട് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ പത്തരയോടെയാണ് വന്മരം മറിഞ്ഞു വീണത്. ഇതെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മൂന്നാര്‍ വട്ടവട റോഡില്‍ ഫോട്ടോ പോയിന്റ്, ടോപ് സ്റ്റേഷന് എന്നിവടങ്ങളിലായി ബുധനാഴ്ച രാവിലെ മരങ്ങള്‍ വീണ് ഏതാനും മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടിരുന്നു. അഗ്നി രക്ഷാ സേന, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പെട്ടിമുടിയില്‍ ചൊവ്വാഴ്ച ഉച്ചമുതല്‍ മഴ കുറഞ്ഞു. മഴ കുറഞ്ഞെങ്കിലും പെട്ടിമുടിയില്‍ നിന്നും രാജമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ച തൊഴിലാളികള്‍ ഇപ്പോഴും അവിടെ തന്നെ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: