തൃശൂർ: ആനയോടുള്ള കമ്പമാണ് അപ്പുവിനെ ആനക്കാരനാക്കിയത്. തലയെടുപ്പുള്ള ഗജവീരന്മാരെ തന്റെ ആജ്ഞകൾക്കനുസരിച്ച് വരച്ചവരയിൽ നിർത്തിയ അപ്പുവിന് ഒരു നാൾ താളംതെറ്റി. നിലത്തിട്ട് ചന്നംഭിന്നം ആനയുടെ കുത്തേറ്റ് ശരീരം പാതി തളർന്ന അപ്പുവിപ്പോൾ ചികിത്സക്ക് പണമില്ലാതെ സഹായം തേടുകയാണ്.
കടമ്പഴിപ്പുറത്തുള്ള വെളുത്ത്പറമ്പിൽ അപ്പു എന്ന് വിളിക്കുന്ന രാധാകൃഷ്ണ ( 35 )ന് ചെറുപ്പം മുതൽ ആനകളോട് കമ്പമായിരുന്നു. കൂലിപ്പണിക്ക് പോയി കുടുംബം നോക്കിയിരുന്ന അപ്പു 17 വർഷമായി ആനകളുടെ ചുമതലക്കാരന്റെ വേഷത്തിലുണ്ട്. മംഗലാംകുന്ന് അരവിന്ദൻ എന്ന ആനയുടെ പാപ്പാന്റെ സഹായി ആയിട്ടായിരുന്നു തുടക്കം. പാറന്നൂർ നന്ദൻ എന്ന ആനയുടെ ചുമതല ഏറ്റെടുത്തതോടെ ഒന്നാം പാപ്പാൻ എന്ന സ്ഥാനപ്പേരും കൈവന്നു.
മംഗലാംകുന്ന് കൃഷ്ണൻകുട്ടി, മുളളത്ത് കൈലാസ്, പട്ടാമ്പി അഭിമന്യു എന്നീ ആനകളുടെയും ഒന്നാം പാപ്പാനായി അപ്പു ജോലി ചെയ്തിട്ടുണ്ട്. 2019 ൽ പാണഞ്ചേരി അഭിമന്യു എന്ന ആനയുടെ ചുമതല ഏറ്റെടുത്ത് ഒരു മാസത്തിനകമാണ് അപ്പുവിന്റെ ജീവിതം മാറി മറിഞ്ഞത്. പൊന്നാനി തൃക്കാവ് ക്ഷേത്രത്തിൽ അഭിമന്യുവിനെയും കൊണ്ട് ലക്ഷ്മിപൂജ ദിവസം എഴുന്നള്ളിക്കാൻ അപ്പു പോയി. ഉത്സവ ചടങ്ങുകൾക്ക് ശേഷം രാത്രി പത്തരയോടെ ആനയെ തളക്കാനായി സമീപത്തെ പറമ്പിലേക്ക് നീങ്ങി.
ഈ സമയം നല്ല മഴയും മിന്നലും ഉണ്ടായിരുന്നതായി അപ്പു ഓർക്കുന്നു. ഇതിനിടെ അപ്പുവിനെ യാതൊരു പ്രകോപനവുമില്ലാതെ അഭിമന്യു കൊമ്പ് കൊണ്ട് തട്ടി താഴെയിട്ടു. തുടർന്ന് അപ്പുവിനെ നിലത്തിട്ട് പല തവണ കുത്തി. ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും മൂന്ന് കുത്തുകൾ തണ്ടെല്ലിന് കൊണ്ടു. രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായി കിടന്ന അപ്പുവിനെ നാട്ടുകാർ ചേർന്നാണ് തൃശൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചത്.
മെഡിക്കൽ കോളേജിൽ തുടർച്ചയായി ഏഴ് മാസം കിടന്ന് ചികിത്സ നടത്തി. അരയ്ക്ക് കീഴ്പ്പോട്ട് അപ്പുവിന്റെ ശരീരം പൂർണമായും തളർന്നിരുന്നു. ഒന്ന് തിരിഞ്ഞു കിടക്കണമെങ്കിൽ വരെ പരസഹായം വേണം. കൊറോണ ആരംഭിച്ചതോടെ ആസ്പത്രി വിട്ട് വീട്ടിലേക്ക് അപ്പുവിനെ മാറ്റി. ഇതിനിടെ നാല് ശസ്ത്രക്രിയകൾക്കും അപ്പു വിധേയനായി. ചികിത്സക്കും മറ്റുമായി ചിലവു വന്ന രണ്ടു ലക്ഷത്തിലധികം രൂപ സുഹൃത്തുകൾ സംഘടിപ്പിച്ചു നൽകിയതാണ്. അപകടമുണ്ടാക്കിയ ആനയുടെ ഉടമസ്ഥൻ ആസ്പത്രിയിൽ വച്ച് 30,000 രൂപ നൽകിയെങ്കിലും പിന്നീട് പലതവണ വിളിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും അപ്പു വേദനയോടെ പറയുന്നു. ഇൻഷുറൻസ് ഒന്നും എടുത്തിട്ടുമില്ലായിരുന്നു.
അപ്പുവിന്റെ തുടയിലെ എല്ലിൽ ശസ്ത്രക്രിയക്കായി ഇന്നലെ വീണ്ടും മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അവിവാഹിതനായ ഇയാൾക്ക് സഹായത്തിനുള്ള വയോധികയായ അമ്മ തങ്കമണിക്ക് ശ്വാസംമുട്ടും വയറ്റിൽ മുഴയും മൂലം മറ്റു പണികൾക്ക് പോകാനുള്ള അവസ്ഥയുമില്ല. അപ്പുവിനെ സഹായിക്കാൻ പറ്റുന്നവർക്ക് അമ്മ തങ്കമണിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ കടമ്പഴിപ്പുറം ശാഖയിലുള്ള 40705101011872 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങൾ അയക്കാവുന്നതാണ്. ഐഎഫ്എസ് സി കോഡ്: കെഎൽജിബി 0040705.
പ്രതികരിക്കാൻ ഇവിടെ എഴുതുക: