കണ്ണൂര്‍: കര്‍ണ്ണാടക ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് മാരകമയക്കുമരുന്നുകള്‍ ഒഴുകുന്നു. ദിനംപ്രതി വലിയ അളവില്‍ വിവിധതരം മയക്കുമരുന്നുകളാണ് ജില്ലയിലേക്ക് മയക്കുമരുന്ന് മാഫിയ സംഘങ്ങളെത്തിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസും എക്സൈസും പിടികൂടിയ മയക്കുമരുന്നുകള്‍ ഇതാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം ഇരിട്ടി മേഖലയില്‍ നിന്ന് മാത്രം ഏഴ് യുവാക്കളേയാണ് പോലീസും എക്സൈസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റില്‍ പരിശോധനയ്ക്കിടയില്‍ മാരകമയക്കുമരുന്നായ 11 ഗ്രാം മെത്താഫിറ്റാമിന്‍, 250 ഗ്രാം കഞ്ചാവ് എന്നിവ സഹിതം 4 യുവാക്കളേയും ഇരിട്ടിയില്‍വെച്ച് 26 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളേയുമാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇതു കൂടാതെ ഓരോ ദിവസവും ജില്ലാ കേന്ദ്രമായ കണ്ണൂര്‍ നഗരത്തില്‍ നിന്നും മറ്റ് നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിന്നും നിരവധി യുവാക്കളേയാണ് പോലീസും എസ്കസൈസ് സംഘവും അറസ്റ്റ് ചെയ്യുന്നത്.
അടിക്കടി മയക്കുമരുന്ന് കടത്ത്-വില്‍പ്പന സംഘങ്ങളെ പിടികൂടുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാണ്. കാരണം മാഫിയസംഘങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നത് യുവാക്കളേയും വിദ്യാര്‍ത്ഥികളേയുമാണെന്നതിനാല്‍ തന്നെ ജില്ലയിലെത്തുന്ന ഇത്രയധികം മയക്കുമരുന്നുകളുടെ ഉപഭോക്താക്കള്‍ ആരാണെന്നത് വലിയ ചോദ്യചിഹ്നമായി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ആരാണ് എപ്പോഴാണ് ഇവരുടെ വലയില്‍ അകപ്പെടുന്നതെന്നറിയാത്ത സ്ഥിതിയാണ്.
ലഹരിയ്ക്ക് അടിമപ്പെട്ട് കഴിഞ്ഞാല്‍ മാത്രമാണ് പലരും സ്വന്തം മക്കളുടെ അവസ്ഥ തിരിച്ചറിയുന്നുളളൂ. ലക്ഷങ്ങള്‍ കോഴ നല്കി മംഗളുരു ഉള്‍പ്പെടെയുളള സ്ഥലങ്ങളിലെ കോളേജുകളില്‍ എഞ്ചിനീയറിംഗിനും മറ്റും ചേര്‍ത്ത ജില്ലയില്‍ നിന്നുളള വിദ്യാര്‍ത്ഥികളെ കഴിഞ്ഞദിവസം മംഗലാപുരത്ത് നിന്നും പിടികൂടിയതും ജില്ലയിലെ രക്ഷിതാക്കളേയും പൊതുസമൂഹത്തേയും ഏറെ ആശങ്കപ്പെടുത്തുന്ന സംഭവമാണ്. കളളക്കടത്തിലൂടെയും വില്‍പ്പനയിലൂടേയും നല്ലതുക സമ്പാദിക്കാമെന്നതു കൊണ്ടുതന്നെ ജില്ലയുടെ പലമേഖലയിലും മയക്ക്മരുന്ന് കടത്തും വില്‍പ്പനയും തൊഴിലായി കണ്ട് ഏജന്റായും മറ്റും നിരവധി യുവാക്കളാണ് പ്രവര്‍ത്തിക്കുന്നത്.
പോലീസും എക്സൈസും പരിശോധനകള്‍ നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും റിമാന്റിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ജയിലില്‍ നിന്നും ഇറങ്ങി വീണ്ടും പതിവുപോലെ ലഹരി കടത്തും വില്‍പ്പനയും പലരും തുടരുകയാണ്. പൊതുസമൂഹവും ഭരണകൂടവും പോലീസും എക്സൈസും കുറേക്കൂടി ജാഗരൂകരാവുകയും ഒറ്റക്കെട്ടായി ലഹരിക്കെതിരെ ബോധവല്‍ക്കരണവും മറ്റും സംഘടിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ജില്ല ഭീകരമായ അന്തരീക്ഷത്തിലേക്ക് വഴിമാറലാകും ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: