രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഭരണഘടനാപരമായ അതിന്റെ ചുമതലകള്‍ കൃത്യമായി നിര്വ്വഹിക്കുമ്പോള് മാത്രമാണ് ഏതൊരു രാജ്യത്തിന്റേയും ജനാധിപത്യം സുരക്ഷിതമാകുന്നത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സമീപകാലത്ത് ബഹുമാനപ്പെട്ട സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ എല്ലാ അതിരുകളും ലംഘിക്കുന്നതാകയാല്‍ ഇത്തരത്തില്‍ ഒരു തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു.
1. നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി.പര്‍ദിവാല എന്നിവര്‍ ഉള്‍പ്പെടുന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച സമാനതകള്‍ ഇല്ലാത്തതും ദൗര്‍ഭാഗ്യകരവുമായ അഭിപ്രായങ്ങള്‍ രാജ്യത്തും രാജ്യത്തിനു വെളിയിലും ഞെട്ടല്‍ ഉണ്ടാക്കി. രാജ്യത്തെ എല്ലാ മാദ്ധ്യമങ്ങളും ഒരുപോലെ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ പ്രസ്താവനകള്‍ നീതിന്യായ രംഗത്ത് പുലര്‍ത്തേണ്ട ധാര്‍മ്മികതകളുമായി ഒത്തുപോകുന്നതല്ല. ഒരു കോടതി ഉത്തരവിന്റെ ഭാഗമല്ലെങ്കില്‍ക്കൂടിയും ഈ അഭിപ്രായങ്ങള്‍ നീതിന്യായവ്യവസ്ഥയില്‍ പാലിക്കേണ്ട ഔചിത്യത്തിന്റേയും ന്യായബോധത്തിന്റേയും ഒരു തട്ടിലും വിശുദ്ധീകരിക്കപ്പെടാന്‍ പോന്നതല്ല. ഇത്തരത്തില്‍ അതിരുകടന്ന ലംഘനങ്ങള്‍ നീതിന്യായ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്തതാണ്.
2. നൂപുര്‍ ശര്‍മ്മ, നീതിന്യായ വ്യവസ്ഥയില്‍ അവര്‍ക്ക് ആവശ്യമായ പരിഹാരം ഉണ്ടാക്കണമെന്ന് ഈ രാജ്യത്തെ പരമോന്നതകോടതിയോട് അപേക്ഷിച്ചത് ആ പരിഹാരം ലഭ്യമാക്കാന്‍ പരമോന്നത കോടതിക്ക് മാത്രമേ സാധിക്കൂ എന്നതിനാലാണ്. ഹര്‍ജിയില്‍ അപേക്ഷിച്ച കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തവയാണ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍. എന്ന് മാത്രമല്ല നീതിനിര്‍വ്വഹണത്തിന്റെ എല്ലാ മാനദണ്ഡങ്ങളും സമാനതകള്‍ ഇല്ലാത്തവിധം ലംഘിക്കുന്നവയുമാണ്. ആത്യന്തികമായി ഇത് അവര്‍ക്കുള്ള നീതി നിഷേധിക്കല്‍ മാത്രമല്ല, ഭരണഘടനയുടെ ആമുഖത്തിനും, അന്തഃസത്തയ്ക്കും, മൂല്യങ്ങള്‍ക്കും നേരെയുള്ള ആക്രോശവുമാണ്.
3. ഒരു വലിയ കുറ്റവാളിയായി നൂപുര്‍ ശര്‍മ്മയെ വിധിച്ചുകൊണ്ടുള്ള, രാജ്യത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഏക ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്ന, ഈ ഹര്‍ജിയുമായി ഒരു ബന്ധവുമില്ലാത്ത നിരീക്ഷണം, ഒട്ടുംതന്നെ യുക്തിസഹമല്ല. ഉദയ്പൂരില്‍ പകല്‍ വെളിച്ചത്തില്‍ ഏറ്റവും ക്രൂരമായവിധത്തില്‍ തലയറുത്ത ആ കൊലയാളിയെ പോലും വ്യംഗ്യമായി കുറ്റ മുക്തനാക്കുന്നതാണ് ആ പ്രസ്താവന. ഈ നിരീക്ഷണങ്ങള്‍ ഒരിക്കലും നീതീകരിക്കാനാകാത്ത ഒരു അജണ്ടക്ക് വേണ്ടി വാദിക്കുന്നു.
4. ഒരു പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യപ്പെട്ടാല്‍ നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടേണ്ടതാണെന്ന നിരീക്ഷണം നിയമവൃത്തങ്ങള്‍ക്ക് അത്ഭുതവും ഞെട്ടലും ഉണ്ടാക്കുന്നതാണ്. രാജ്യത്തെ മറ്റുള്ള ഏജന്‍സികളെക്കുറിച്ച് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ നടത്തിയ നിരീക്ഷണങ്ങള്‍ ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്.
5. ദൗര്‍ഭാഗ്യകരമായ ഈ നിരീക്ഷണങ്ങള്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നീതിന്യായസംവിധാനത്തില്‍ ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലും സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ അടിയന്തിരമായ തിരുത്തല്‍ നടപടികള്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്.
6. നിലവില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉദയ്പൂര്‍ കൊലപാതകത്തിന്റെ തീവ്രതയെ നിസാരവല്‍ക്കരിക്കുന്നതാണ് ഈ നിരീക്ഷണങ്ങള്‍.
7. തങ്ങളുടെ പരിഗണനയില്‍ ഇല്ലാത്ത വിഷയത്തില്‍ പുറപ്പെടുവിക്കുന്ന വിധികല്പിക്കുന്ന സ്വഭാവത്തിലുള്ള നിരീക്ഷണങ്ങള്‍ ഭരണഘടനയുടെ ആത്മാവിനേയും അന്തസ്സിനേയും ഹനിക്കുന്നതാണ്. ഇത്തരം പ്രസ്താവനകളിലൂടെ ആവലാതിക്കാരിയെ പ്രതിരോധത്തില്‍ ആക്കുന്നതും, വിചാരണകൂടാതെ അവരെ കുറ്റവാളി എന്ന് പ്രഖ്യാപിക്കുന്നതും, ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്ന നിയമപരമായ പരിഹാരത്തിനുള്ള അവസരം നിഷേധിക്കുന്നതും ഒരിക്കലും ഒരു ജനാധിപത്യ സമൂഹത്തിനു ചേരാത്തതുമാണ്.
8. നീതിന്യായപ്രക്രിയയിലെ ഈ ലംഘങ്ങള്‍ യുക്തിസഹമായ മനസ്സിനെ അന്ധാളിപ്പിക്കുന്നതുമാത്രമല്ല, അവരെ കുറിച്ചു നടത്തിയ പ്രസ്താവനകള്‍ യുക്തിസഹമായ ചിന്തകളെ ഇല്ലാതാക്കുന്നതു കൂടിയാണ്.
9. നിയമവാഴ്ചയും ജനാധിപത്യവും നിലനില്ക്കുന്നതിനും തളിരിടുന്നതിനും ഈ പ്രസ്താവനകള്‍ പുനഃപരിശോധിക്കപ്പെടാന്‍ തക്കവണ്ണം ഗുരുതരമായതും നീതിക്കുവേണ്ടി നിലകൊള്ളുന്ന മനസ്സുകള്‍ക്ക് ആശ്വാസമേകുന്ന വിധത്തില്‍ തിരിച്ചുവിളിക്കപ്പെടേണ്ടതുമാണ്.
10. ഈ വിഷയത്തിനു മറ്റൊരു വശം കൂടിയുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഒരു ടിവി ചര്‍ച്ചയില്‍ താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ ഒരിടത്തേയ്ക്ക് (ഡല്‍ഹിയിലേയ്ക്ക്) മാറ്റണം എന്ന ആവശ്യവുമായാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒരേ കുറ്റാരോപണത്തിന്മേല്‍ വിവിധ സ്ഥലങ്ങളില്‍ എടുത്ത കേസുകളാണ് എല്ലാം. ഭരണഘടനയുടെ ഇരുപതാം അനുഛേദം ഒരേ കുറ്റത്തിനു ഒരാളെ ഒന്നിലധികം തവണ വിചാരണ ചെയ്യുന്നതും ശിക്ഷിക്കുന്നതും വിലക്കുന്നുണ്ട്. ഇരുപതാം അനുഛേദം ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ വരുന്ന ഭരണഘടന ഉറപ്പു നല്കുന്ന മൗലീകാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. ഒരേ കുറ്റത്തില്‍ രണ്ട് എഫ്ഐആര്‍ ഉണ്ടാവാന്‍ പാടില്ല എന്നും അതുകൊണ്ടു തന്നെ ഒരേ കുറ്റത്തിന് രണ്ടാമത്തെ എഫ്ഐആര്‍ അടിസ്ഥാനമാക്കി ഒരു അന്വേഷണം കൂടി പാടില്ല എന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി അര്‍ണബ് ഗോസ്വാമി ് െയൂണിയന് ഓഫ് ഇന്ത്യ (2020), ടി ടി ആന്റണി /സ്റ്റേറ്റ് ഓഫ് കേരള എന്നീ കേസുകളില്‍ ഉള്‍പ്പടെ അനേകം കേസുകളില്‍ വ്യക്തമായി വിധികല്പിച്ചിട്ടുള്ളതാണ്. അത്തരത്തില്‍ അന്വേഷണം നടക്കുന്നത് ഭരണഘടനയുടെ 20(2) അനുഛേദം ഉറപ്പുനല്‍കുന്ന മൗലീകാവകാശത്തിന്റെ ലംഘനം ആണ്.
11. ആവലാതിക്കാരിയുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനു പകരം ആ ഹര്‍ജി പരിഗണിക്കാതെ അത് പിന്‍വലിക്കാന്‍ ആവലാതിക്കാരിയെ സമ്മര്‍ദ്ദിലാക്കുകയും ഇത്തരത്തില്‍ പല സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചു പരിഗണിക്കാനോ ഏതെങ്കിലും ഒരു സ്ഥലത്തേയ്ക്ക് മാറ്റാനോ ഉത്തരവിടാനുള്ള അധികാരം ഹൈക്കോടതികള്‍ക്ക് ഇല്ലെന്ന പൂര്‍ണ്ണബോധ്യത്തോടെ തന്നെ സുപ്രീംകോടതി ആവലാതിക്കാരിയോട് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി ഇങ്ങനെ കൈകാര്യം ചെയ്തതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഉള്ള ഒരു സമീപനം ഒരു വിധത്തിലും പ്രശംസ അര്‍ഹിക്കുന്നില്ല. മാത്രമല്ല അത് പരമോന്നത നീതിപീഠത്തിന്റെ പവിത്രതയേയും കളങ്കപ്പെടുത്തുന്നതു കൂടിയാണ്.
കോര്‍ഡിനേറ്റര്‍മാര്‍
ജസ്റ്റിസ് പി എന്‍ രവീന്ദ്രന് (കേരള ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
സി.വി.ആനന്ദബോസ് ഐഎഎസ് (കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി)
ഈ കത്തില്‍ ഒപ്പുവച്ചവര്‍
ജസ്റ്റിസ് ക്ഷിടിജ് വ്യാസ് (മുംബൈ ഹൈക്കൊടതിയിലെ മുന്‍ചീഫ് ജസ്റ്റിസ്)
ജസ്റ്റിസ് എസ്.എം.സോണി (ഗുജറാത്ത് ഹൈക്കോടതിയിലെ മുന്‍ന്യായാധിപനും, ലോകായുക്തയും)
ജസ്റ്റിസ് കെ.ശ്രീധര്‍ റാവു (ഗുവഹാട്ടി ഹൈക്കോടതിയിലെ മുന്‍ആക്റ്റിങ് ചീഫ് ജസ്റ്റിസ്)
ജസ്റ്റിസ് കാമേഷ്വര്‍ നാഥ് (ലഖ്നൗ ഹൈക്കോടതിയിലെ മുന്‍ ന്യായാധിപനും, ലോകായുക്തയും)
ജസിറ്റിസ് ആര്.എസ്.റാഥോഡ് (രാജസ്ഥാന് ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
ജസ്റ്റിസ് പ്രശാന്ത് അഗര്‍വാള്‍ (രാജസ്ഥാന് ഹൈക്കോടതിയിലെ മുന്‍ ന്യായാധിപന്)
ജസ്റ്റിസ് എം.എസ്.പരീഖ് (ഗുജറാത്ത് ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
ജസ്റ്റിസ് പി.എന്‍.രവീന്ദ്രന് (കേരള ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
ജസ്റ്റിസ് എസ്.എന്‍.ധിന്‍ഗ്ര (ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
ജസ്റ്റിസ് ഡോ.ബി.ശിവശങ്കര (തലങ്കാന ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
ജസ്റ്റിസ് ആര് കെ സക്സേന (മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
ജസ്റ്റിസ് എം.സി.ഗാര്‍ഗ് (ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
ജസ്റ്റിസ് ആര്.കെ.മാര്‍തിയ (ഝാര്‍ഖണ്ഡ് ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
ജസ്റ്റിസ് എസ്.എന്‍.ശ്രീവാസ്തവ (അലഹബാദ് ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
ജസ്റ്റിസ് സുനില്‍ ഹാലി (ജമ്മു&കാശ്മീര്‍ ഹൈക്കോടതിയിലെ മുന്‍ന്യായാധിപന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: