ഇടുക്കി: ഒരാഴ്ചയായി കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയിലെ സംഭരണികളിലെ ജലനിരപ്പ് അതിവേഗമുയരുന്നു. ഒരാഴ്ചയ്ക്കിടെ 10.44 അടിയാണ് കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി സംഭരണിയില്‍ ഉയര്‍ന്നത്. ഈ മാസം ഒന്നിന് 2340.74 അടിയായിരുന്ന ജലനിരപ്പ് ഏഴ് ദിവസം കൊണ്ട് 2351.18 അടിയിലെത്തി.
ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്. പരമാവധി സംഭരണശേഷിയുടെ 46.54 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. 40 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഡാമിലേക്ക് ഒഴുകിയെത്തിയത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗവും ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. നീരൊഴുക്ക് ശക്തമായ കഴിഞ്ഞ ദിവസങ്ങളില്‍ ദിവസം രണ്ടടി വീതമാണ് ജലനിരപ്പുയര്‍ന്നത്.
മൂലമറ്റം പവര്‍ഹൗസില്‍ കഴിഞ്ഞ മാസം വരെ ദിവസവും ശരാശരി 6.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത് ഇപ്പോള്‍ 3.5 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ 3.5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. കല്ലാര്‍ക്കുട്ടി, പാംബ്ല, മലങ്കര എന്നീ അണക്കെട്ടുകളിലെ ഷട്ടര്‍ നിലവില്‍ തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 128.3 അടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: