കൊല്ലം: സമഗ്ര ശിക്ഷ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമതരായ കലാ-കായിക പ്രവൃത്തിപരിചയ അധ്യാപകര്‍ക്ക് വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യം. 2016ല്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് 2017 വരെ 22,500 ശമ്പളം ലഭിച്ചു. പിന്നീട് 2021 വരെ 14,000 എന്ന തുച്ഛമായ ശമ്പളമാണ് നല്‍കിയത്. 2022ല്‍ ഇത് 10,000 രൂപയില്‍ താഴെയായി. കേന്ദ്രഫണ്ട് വെട്ടിക്കുറച്ചതാണ് ശമ്പളം കുറയ്ക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
കേന്ദ്രപദ്ധതിയാണങ്കില് കൂടിയും ഓരോ സംസ്ഥാനത്തിന്റേയും ജീവിത നിലവാരത്തിന് അനുസരിച്ചുള്ള ശമ്പളം അതാത് സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്ന് കൃത്യമായി നിഷ്കര്‍ഷിക്കുന്നുണ്ട്. പാഠ്യപദ്ധതില്‍ കലാ-കായിക പ്രവൃത്തി പഠനം ഒഴിച്ചുകൂടാനാവാത്തതും കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമനത്തിന്റെ പരിധിയില്‍പെടുന്നതുമാണ്. എന്നിരിക്കെ കേന്ദ്രം ഈ തസ്തിക നിത്തലാക്കിയാല്‍ കൂടിയും സംസ്ഥാന സര്‍ക്കാരുകള്‍ ഇത് നിലനിര്‍ത്തണം.
സ്പെഷ്യലിസ്റ്റ് അധ്യാപകരെ പാര്‍ട്ട് ടൈം ആയി കരാര്‍ ഒപ്പിടുവിച്ച് ഫുള്‍ടൈം ആയി അഞ്ച് സ്കൂളുകളില്‍ വരെ ക്ലബ്ബ് ചെയ്ത് ജോലി ചെയ്യിക്കുന്ന തൊഴില്‍ ചൂഷണവും ഇതോടൊപ്പം നടക്കുന്നു. തുല്യ ജോലിയില്‍ തുല്യ വേതനമെന്നതും ദിവസവേതനക്കാര്‍ക്ക് നല്കുന്ന മിനിമം കൂലി പോലും ലഭിക്കുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു.
യുപിഎസ്എ അധ്യാപകരുടെ ശമ്പളം ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതിയും, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ച് നല്‍കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറും കേസുകളുമായി ബന്ധപ്പെട്ട വിധിന്യായത്തില്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതും സര്‍ക്കാര്‍ പരിഗണിച്ചില്ല.
കഴിഞ്ഞ നാലു വര്‍ഷമായി നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു. വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുക, 11-ാം ശമ്പള കമ്മീഷന്റെ അനുപാതത്തിലുള്ള ശമ്പളം നല്‍കുക, ഏറ്റവും അടുത്ത ബിആര്‍സി പരിധിയില്‍ നിയമനം നല്‍കുക, സ്കൂളുകളുടെ എണ്ണം രണ്ടായി ചുരുക്കുക, 14 ജില്ലകളിലേയും ജോലി ഏകീകരിക്കുക, പൊതു വിദ്യാലയ അവധി ദിനങ്ങള്‍ ഞങ്ങള്‍ക്കും ലഭ്യമാക്കുക. പിഎസ്സി പരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാരായി പരിഗണിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരം ആരംഭിക്കാനാണ് അധ്യാപകരുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: