മുംബൈ: താക്കറെ കുടുംബവൃക്ഷത്തിലെ ഒരു ശാഖ കരിയുമ്പോള്‍ മറ്റൊരു മകനിലൂടെ പുതിയ ശാഖ തളിര്‍ക്കുന്നു. ഇതുവരെ ജനശ്രദ്ധയാകര്‍ഷിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ ചുറ്റുമുള്ള പ്രഭാവലയം മന്ത്രിയല്ലാതായതോടെ ഇല്ലാതായി. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ രാജ് താക്കറെയുടെ 30 കാരനായ മകന്‍ അമിത് താക്കറെ മാധ്യമശ്രദ്ധ നേടുകയാണ്.
അമിത് താക്കറെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവും എംഎല്‍എയുമായ നിതിന്‍ സര്‍ദേശായി പറയുന്നു. എംഎന്‍എസ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായ അമിത് താക്കറെ കൊങ്കണില്‍ നിന്നും തന്റെ ആദ്യത്തെ രാഷ്‌ട്രീയ യാത്ര നടത്താനൊരുങ്ങുകയാണ്.
ഒരു ദശകം മുന്‍പാണ് അമിത് തന്റെ രാഷ്‌ട്രീയരംഗപ്രവേശം നടത്തിയത്. 2012 മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇദ്ദേഹം പ്രത്യക്ഷനായത്. പിന്നീട് പഠനത്തില്‍ മുഴുകിയതിനാല്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനിന്നു. പിന്നീട് 2014ല്‍ വീണ്ടും എംഎന്‍എസ് വിദ്യാര്‍ത്ഥി സേന വഴി രംഗത്തെത്തി. വിവാഹിതനായ അമിത് കോമേഴ്സ് ബിരുദധാരിയാണ്.
മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയം അപ്രതീക്ഷിതമാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ രാജ് താക്കറെ ഒരു ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖംപ്രാപിച്ചുവരുന്നതേയൂള്ളൂ. ഇതോടെ അമിത് വീണ്ടും രാഷ്‌ട്രീയത്തില്‍ സജീവ റോള്‍ ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണ്.
ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി ആദിത്യ ശിവസേനയുടെ നഷ്ടപ്പെട്ട കളിക്കളം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, അമിത് കൂടി രംഗത്തെത്തുന്നതോടെ താക്കറെ കുടുംബം രണ്ട് തട്ടകത്തില്‍ നിന്നു കൊണ്ടുള്ള യുദ്ധം മുറുകും.
“ആദിത്യ താക്കറെ എപ്പോഴും പണക്കാരുടെ വലയത്തില്‍ യാത്ര ചെയ്യുന്ന വ്യക്തിയായതിനാല്‍ പലപ്പോഴും അപ്രായോഗികമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ആളാണ്. ഇതില്‍ നിന്നും അമിത് താക്കറെ പാഠം പഠിച്ച് മെച്ചപ്പെട്ട നേതൃത്വത്തിലേക്ക് ഉയരാനാണ് ശ്രമിക്കുന്നത്.” എംഎന്‍എസ് നേതാവ് നിതിന്‍ സര്‍ദേശായി അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: