തിരുവനന്തപുരം: ശ്രീ ചിത്തിരതിരുനാള്‍ ട്രസ്റ്റിന്റെ 2020, 2021 ദേശീയ പുരസ്കാരങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമ്മാനിച്ചു. 2020ലെ അവാര്‍ഡ് ചലച്ചിത്രകാരന് അടൂര്‍ ഗോപാലക്യഷ്ണനും 2021ലെ അവാര്‍ഡ് ഗായിക കെ.എസ്. ചിത്രയ്ക്കുമാണ് സമ്മാനിച്ചത്. രണ്ട് ലക്ഷം രൂപയും പ്രശംസാ ഫലകവും അടങ്ങിയതാണ് പുരസ്കാരം. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്മരണാര്‍ഥം ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റാണു പുരസ്കാരം നല്‍കിയത്.
സാമൂഹ്യ നവോത്ഥാനത്തിന് വേണ്ടി കലയെ ഉപയോഗിച്ച വ്യക്തിത്വങ്ങളാണ് അവാര്‍ഡ് നല്കി ആദരിച്ച ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണനും ഗായിക കെ.എസ്. ചിത്രയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. കേരളത്തെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചത് ചിത്തിര തിരുനാള്‍ ആയിരുന്നു. ആധുനികവും വിശാലവുമായ കാഴ്ചപ്പാടുള്ള ഭരണാധികാരിയായിരുന്നു ചിത്തിര തിരുനാള്‍. അതുകൊണ്ടാണ് ഇന്നും ജനങ്ങളുടെ മനസില്‍ അദ്ദേഹം നിലനില്‍ക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തെ കുറിച്ചറിഞ്ഞ മഹാത്മാഗാന്ധി ചിത്തിര തിരുനാളിനെ ആധുനിക അശോകന് എന്നാണ് വിശേഷിപ്പിച്ചത്. ‘വിനയംകൊണ്ട് സമുന്നതനും മൗനംകൊണ്ട് വാചാലനുമായിരുന്നു ചിത്തിര തിരുനാള്‍’ ഗവര്‍ണര്‍ പറഞ്ഞു.
മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുഖ്യാതിഥിയായിരുന്നു. കലയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ചവര്‍ക്കാണ് ശ്രീ ചിത്തിരതിരുനാള്‍ ട്രസ്റ്റിന്റെ ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. കല കച്ചവട ചരക്കല്ലെന്ന് തെളിയിച്ചവരാണ് അടൂര്‍ ഗോപാലക്യഷ്ണനും കെ.എസ്. ചിത്രയും. അത് കൊണ്ട് തന്നെ ഏവരുടേയും മനസ്സില്‍ ഇവര്‍ എന്നും ജ്വലിച്ച് നില്‍ക്കുമെന്നും കുമ്മനം പറഞ്ഞു. ടി.പി. ശ്രീനിവാസന്റെ ‘ഇന്ത്യന്‍ ഫോറിന് സര്‍വീസ് ചാംസ് ആന്‍ഡ് ചലഞ്ചസ്’ എന്ന പുസ്തകവും ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ശ്രീചിത്ര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളിലെ പ്രിന്സിപ്പാല് എസ്. പുഷ്പവല്ലി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: