തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണ്. അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സജി ചെറിയാന് ഒരു നിമിഷംപോലും മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
ഭരണഘടനയില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത വ്യക്തിയാണ് സജി ചെറിയാന്. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളായ മുഖ്യമന്ത്രി സജി ചെറിയാനെതിരെ നടപടി സ്വീകരിക്കണം. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയന് മനസിലാക്കണമെന്നുംകെ സുരേന്ദ്രന് പറഞ്ഞു.
ഇന്ത്യന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാധനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. തൊഴിലാളികളെ ചൂഷണം ചെയ്യാനായി രൂപപ്പെട്ടതാണ്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് പ്രകാരം എഴുതിവെച്ചതാണ് ഭരണഘടനയെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകവെയായിരുന്നു പരാമര്‍ശം.
രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. കുന്തവും കുടച്ചക്രവുമൊക്കെയാണ് അതില്‍ എഴുതിവെച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് സാംസ്കാരിക വകുപ്പ് മന്ത്രി നടത്തിയിരിക്കുന്നത്.
മൂന്നു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാന് ചെയ്തിരിക്കുന്നത്. ഭരണഘടനയെ മുന്‍ നിര്‍ത്തി സത്യപ്രതിജ്ഞ നടത്തിയ സംസ്ഥാന മന്ത്രി തന്നെയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: