പാലക്കാട്: പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ നാലുദിവസം പ്രായമായ കുഞ്ഞിനെ പാലക്കാട്ടു നിന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ന് രാവിലെ നാല് മണിയോടെ കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പൊള്ളാച്ചി കുമാരന്‍നഗര്‍ സ്വദേശികളുടെ നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് രണ്ടു സ്ത്രീകള്‍ തട്ടിക്കൊണ്ടു പോയത്.
കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. കുഞ്ഞിനെ കണ്ടെത്തിയ കൊടുവായൂരിലെ വീട്ടുകാരില്‍ നിന്നും പോലീസ് വിശദമായ മൊഴി ശേഖരിച്ചുവരികയാണ്. കുഞ്ഞ് എങ്ങനെ ഇവിടെ എത്തി എന്നതും ആരാണ് കൊണ്ടുവന്നത് എന്നതും എന്തിനാണ് ഇവിടേക്ക് കുഞ്ഞിനെ എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് പൊള്ളാച്ചിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും രണ്ടു സ്ത്രീകള്‍ കുഞ്ഞിനെ കടത്തിയത്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകൾ ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. 2 ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഉടനടി അന്വേഷണം തുടങ്ങി. 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ. പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു.
സംഭവത്തിൽ ഒരാളെ പാലക്കാട് നിന്ന് പിടികൂടിയിട്ടുണ്ട്. രണ്ടാമത്തെയാൾക്കായി അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: