ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്ന് 16 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. ജമ്മു കശ്മീരില്‍ നിന്നെത്തിച്ചതാണ് ഇവയെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
പഞ്ചാബിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്നതിന്റെ പുതിയ ഉറവിടമായി കശ്മീര്‍ മാറിയെന്ന് ഐജി മോഹ്‌നിഷ് ചൗള പറഞ്ഞു. ജമ്മുവിനെയും പഞ്ചാബിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശിയപാതയാണ് ലഹരിക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ട് വാഹനങ്ങളില്‍ 16 പായ്‌ക്കറ്റുകളിലായാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. മാള്‍കിത് സിങ്ങിനു വേണ്ടിയായിരുന്നു ലഹരി കടത്ത്. ഇയാള്‍ നേരത്തെയും ലഹരിക്കടത്തു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്. ഒരു വര്‍ഷത്തിനിടയില്‍ ജമ്മുവില്‍ നിന്ന് പഞ്ചാബിലേക്ക് ലഹരിവസ്തുക്കളെത്തിക്കുന്ന മൂന്നാമത്തെ കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: