കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വധഭീഷണി ഉയര്‍ത്തിയ ആള് അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശിയായ നൗഫലാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ പോലീസാണ് ഇയാളെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്.
“എറണാകുളത്തെ മരട് അനീഷ് (ഇയാള്‍ അറിയപ്പെടുന്ന ഗുണ്ടയാണ്) നമ്പര്‍ തന്നിട്ടാണ് വിളിക്കുന്നതെന്നായിരുന്നു നൗഫല്‍ സ്വപ്നയോട് ഞായറാഴ്ച ഫോണില്‍ വിളിച്ച് പറഞ്ഞത്. മുഖ്യമന്ത്രിയ്ക്കും ജലീലിനും പിന്നാലെയുള്ള നടത്തം നിര്‍ത്താന്‍ മരട് അനീഷ് പറഞ്ഞിട്ടുണ്ട്. “- ഇങ്ങിനെയായിരുന്നു സ്വപ്ന പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ നൗഫല്‍ സംഭാഷണം തുടങ്ങുന്നത്.
നിങ്ങള്‍ എന്തിനാ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് എന്ന് സ്വപ്ന ചോദിച്ചപ്പോള്‍ ഞാന്‍ നിങ്ങളെ തട്ടും എന്ന് പറഞ്ഞാല്‍ തട്ടിയിരിക്കും എന്നായിരുന്നു ഇയാളുടെ മറുപടി. “കുഴപ്പമില്ല. നിങ്ങളെ എനിക്കറിയില്ല. ഇനി നിങ്ങള്‍ എന്നെ ശല്യപ്പെടുത്തരുത്”- ഇതായിരുന്നു സ്വപ്നയുടെ മറുപടി.
“മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്താന്‍ നീയും സരിതയും പിസി ജോര്‍ജും ഒന്നും ആയിട്ടില്ല. ആവുമ്പോ പറയാട്ടോ. നിങ്ങള്‍ കേരളത്തില്‍ വാഴില്ലാട്ടോ…നൗഫലാ പറയുന്നത്. പെരിന്തല്‍മണ്ണ നൗഫലാ പറയുന്നേ”- ഇങ്ങിനെ പറഞ്ഞാണ് നൗഫല്‍ ഫോണ്‍ വിളി അവസാനിപ്പിക്കുന്നത്.
നൗഫലിനെ മലപ്പുറം എസ്പിക്ക് മുൻപാകെ ഹാജരാക്കാനാണ് തീരുമാനം. അതേസമയം മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണ് നൗഫൽ എന്ന് കുടുംബം പറയുന്നു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും നിരന്തരം വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന്നത് നിർത്താനും ആരോപണങ്ങൾ ഉന്നയിക്കാതെ ഒതുങ്ങിജീവിക്കാനും ഇല്ലെങ്കിൽ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നുമുള്ള ഭീഷണികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു.
നേരത്തെ ഇന്റർനെറ്റിലൂടെയുള്ള ഫോൺ വിളികളാണ് ലഭിച്ചതെങ്കിൽ, വിളിക്കുന്നയാളുടെ പേരും വിലാസവുമൊക്കെ പറഞ്ഞുള്ള നേരിട്ടുള്ള ഫോൺ വിളികളാണ് ഇപ്പോൾ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: