ഡോ.എന്‍.സക്കീര്‍ സൈനുദ്ദീന്‍
കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഏറെ സങ്കീര്‍ണ്ണമായതും നിര്‍ണ്ണായകവുമായ പ്ലസ് വണ്‍ ഏകജാലക പ്രവേശന പ്രക്രിയ കാര്യക്ഷമതയോടും സാങ്കേതികത്തികവോടും കൂടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും എന്‍ഐസിയുടേയും ഐസിടി സെല്ലിന്റെയും സഹായത്തോടെ ചെയ്തുവരുന്നത്. പ്രവേശന നടപടി ക്രമങ്ങളില്‍ പരിഷ്കരണമാലോചിക്കുന്ന പശ്ചാത്തലത്തില്‍ ഏറെ കാലത്തെ പ്രവൃത്തി പരിചയവും അനുഭവങ്ങളുമുള്ള കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനുണ്ട്.
1. അക്കാദമിക് നേട്ടങ്ങളെ അപ്രസക്തമാക്കുന്ന തരത്തിലുള്ള ബോണസ് പോയിന്റുകളുടെ ആധിക്യം ശ്രദ്ധയില്‍ പെട്ടു തുടങ്ങിയിട്ട് കാലങ്ങളായി. തട്ടേക്കാട് ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ നീന്തല്‍ പരിശീലനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് രണ്ട് ബോണസ് പോയിന്റ് ഏര്‍പ്പെടുത്തിയെങ്കിലും പ്രായോഗിക തലത്തില്‍ വലിയ അനീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രാദേശിക പഞ്ചായത്ത് അധികാരികള്‍ നല്കിയ നീന്തല്‍ സര്‍ട്ടിഫിക്കറ്റുമായി തന്റെ മുന്നില്‍ എത്തുന്ന 50 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്കും നീന്തല്‍ അറിയില്ലെന്ന വസ്തുത പ്രിന്‍സിപ്പല്‍മാര്‍ക്ക് അറിയാമെങ്കിലും പ്രാദേശിക ഇടപെടലുകളും സ്വാധീനവും നിലവിലെ വ്യവസ്ഥിതിയും അദ്ദേഹത്തെ നിസ്സഹായനാക്കുന്നു. ചില ജില്ലകളില്‍ ഈ ബോണസ് പോയിന്റിനുള്ള ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിനായി എത്തിയവരെ നിയന്ത്രിക്കാനാവാത്ത വന്നപ്പോള്‍ ,ബഹളം വെച്ച് ദേശീയപാത ഉപരോധം വരെ നടത്തിയതും ബോണസ് പോയിന്റിനായി നീന്തല്‍ പരിശീലനത്തിനിറങ്ങിയ അച്ചനും മകനും മുങ്ങി മരിച്ച ദാരുണ സംഭവവും പരാമര്‍ശിക്കാതെ വയ്യ.
2. ജില്ല, താലൂക്ക്, പഞ്ചായത്ത് തുടങ്ങിയ പ്രാദേശിക തലത്തില്‍ നല്കുന്ന ബോണസ് അക്കാദമിക് നേട്ടങ്ങളെ അട്ടിമറിക്കുന്നു. പ്രാദേശിക ബോണസുകള്‍ ടൈ ബ്രേക്കിനായി ഉപയോഗിക്കുന്നുവെങ്കില്‍ ഇത്ര പ്രയാസം ഉണ്ടാവില്ല.
3. രണ്ട് അലോട്ട്മെന്റുകളോടെ മുഖ്യ അലോട്ട്മെന്റ് അവസാനിപ്പിക്കുന്നതും സ്കൂള്‍ ട്രാന്‍സ്ഫര്‍ നടത്തും മുമ്പ് സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് നീങ്ങുന്നതും എത്ര നീതീകരിച്ചാലും മെറിറ്റ് അട്ടിമറിക്കപ്പെടാന്‍ വഴിവയ്ക്കും. മുഖ്യ അലോട്ട്മെന്റ് ഘട്ടത്തില്‍ തന്നെ മൂന്ന് അലോട്ട്മെന്റ് നടത്തുകയും അതില്‍ തന്നെ രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞ ഉടന്‍ കമ്മ്യൂണിറ്റി, മാനേജ്മെന്റ് അഡ്മിഷന് നടത്തുകയും ചെയ്താല്‍ സ്കൂള്‍ ട്രാന്‍സ്ഫറിന് മുമ്പ് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നത് നീതീകരിക്കാനാവും.
4. അഡ്മിഷന് സമയത്തെ സ്പെഷ്യല്‍ ഫീസ് അടയ്ക്കേണ്ടി വരുന്നത് സ്കൂള്‍ അധികാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇപ്പോഴത്തെ രീതിയില്‍ സ്കൂള്‍ ട്രാന്‍സ്ഫര്‍ നേടി പോവുന്ന കുട്ടികളുടെ സ്പെഷ്യല്‍ ഫീസ് വിവിധ സ്കൂളുകളിലായി പോവുകയും അവസാനം എത്തപ്പെടുന്ന സ്കൂളുകാര്‍ക്ക് കുട്ടിയുടെ ഫീസ് കൃത്യമായി കിട്ടാതെ വരികയും ചെയ്യുന്ന സങ്കീര്‍ണ്ണ സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അഡ്മിഷന് പ്രക്രിയ ഏറെക്കുറെ കഴിഞ്ഞ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സ്പെഷ്യല്‍ ഫീസ് പിരിക്കും പോലെ ഒന്നിച്ച് പിരിക്കുന്നതാവും നല്ലത്. ഏതായാലും ഒരു സ്കൂളില്‍ ഫീസടച്ച ശേഷമുള്ള സ്കൂള്‍ ട്രാന്‍സ്ഫര്‍ ഒഴിവാക്കലാണ് അഭികാമ്യം
5. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി എച്ച്ഐടിസി ( ഹയര്‍ സെക്കന്‍ഡറി ഐടി കോ-ഓര്‍ഡിനേറ്റേഴ്സ്) മാരുടെ ലിങ്ക്, അഡ്മിഷന് ദിവസങ്ങളില്‍ തന്നെ കണ്ഫര്മേഷന് കൊടുക്കേണ്ട രീതിയില്‍ സെറ്റ് ചെയ്യുന്നത് വലിയ പ്രയാസമാണുണ്ടാക്കുന്നത്. അഡ്മിഷന്റെ ആദ്യ ദിവസം വന്ന് സ്ഥിര നിയമനത്തിന് തയ്യാറായ കുട്ടികളും രക്ഷിതാക്കളും അഡ്മിഷന് ദിനങ്ങള്‍ കഴിയുന്നതിന് മുമ്പ് തീരുമാനം മാറ്റുമ്പോള്‍ സ്കൂള്‍ അധികൃതര്‍ നിസ്സഹായരായിത്തീരും. പത്താം ക്ലാസുകഴിഞ്ഞ കുട്ടികള്‍ക്കും ചില രക്ഷിതാക്കള്‍ക്കും ഒരു തീരുമാനം എടുത്ത ശേഷം വിചിന്തനം ഉണ്ടാവാറുണ്ട്. അഡ്മിഷന് അനുവദിക്കപ്പെട്ടിട്ടുള്ള അവസാന ദിവസം മാത്രം കണ്ഫര്മേഷന് നല്കുന്ന മുന്‍ രീതി തന്നെയാവും നല്ലത്. സ്കൂള്‍ തലങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള കൃത്രിമങ്ങള്‍ തടയാനാണെങ്കില്‍ അതിന് മറ്റ് സാങ്കേതിക വഴികള്‍ തേടുന്നതാണ് നല്ലത്.
6. കമ്മ്യൂണിറ്റി കോട്ടയിലേക്കുള്ള അഡ്മിഷനാവശ്യമായ ഡാറ്റകള്‍ കോളജ് അഡ്മിഷന് പ്രക്രിയയില്‍ ചെയ്യുന്നതു പോലെ ആദ്യം തന്നെ ഏകജാല സംവിധാനത്തില്‍ ശേഖരിക്കുകയും അതിലൂടെ തന്നെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യുന്നത് ഈ പ്രക്രിയ കൂടുതല്‍ സുഗമമാക്കും.
7. പല ജില്ലകളിലും പത്താം ക്ലാസ് വിജയിച്ച കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ സീറ്റില്ലാത്ത വസ്തുത വാസ്തവവും ഗൗരവമേറിയതുമാണ്. അക്കാദമിക് മികവിനെ ബാധിക്കുന്ന തരത്തില്‍ ഒരു ക്ലാസില്‍ തന്നെ അറുപതിലേറെ കുട്ടികളെ കുത്തിനിറച്ചുകൊണ്ട് താത്കാലികാശ്വാസ നടപടികളാണിതുവരെ എടുത്തു വരുന്നത് . അതവസാനിപ്പിച്ച് അവശ്യമായ ജില്ലകളില്‍ അധിക ബാച്ചുകള്‍ നല്‍കിയുള്ള ഇടപെടലാണാവശ്യം. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് അധിക ബാച്ചുകള്‍ അനുവദിക്കാതെ സീറ്റ് വര്‍ദ്ധന മാത്രമായി നടത്തുന്നത്. എന്തായാലും പഠിക്കുന്ന കുട്ടികള്‍ക്ക് മികച്ച സ്കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും കിട്ടുന്നതിന് ആദ്യ അലോട്ട്മെന്റിന് മുമ്പു തന്നെ മുഴുവന്‍ സീറ്റ് വര്‍ധനയും നടത്തുന്നതാണ് ഉചിതം
പ്രതികരിക്കാൻ ഇവിടെ എഴുതുക: