മുംബൈ: ഏകനാഥ് ഷിന്‍ഡെ അവസാനമായി കേരളത്തില്‍ എത്തിയത് 2018 പ്രളയ കാലത്തായിരുന്നു. ആലപ്പുഴയില്‍ ക്യാമ്പ് ചെയ്ത്് അദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. താനെയിലെ ശിവസേന പ്രവര്‍ത്തകര്‍ സമാഹരിച്ച 5 ട്രക്കുകളിലായി നിറയെ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളുമായാണ് ഷിന്‍ഡെയും കൂട്ടരും മലയാളികള്‍ക്ക് ആശ്വാസം നല്കാന് എത്തിയത്.
കുട്ടനാട്ടിലെ കൈനകരിയിലെ നിരവധി ദുരിതാശ്വാസ ക്യാമ്പുകളില്‍ അദേഹം സഹായമെത്തിച്ചു. അദേഹത്തോടൊപ്പം മകന് ശ്രീകാന്ത് ഷിന്‍ഡെ ഉള്‍പ്പെടെ 31 ഡോക്ടര്‍മാരും ഉണ്ടായിരുന്നു. 2018 പ്രളയത്തില്‍ ശിവസേന എംപിമാരും എംഎല്‍എമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഏകനാഥിന്റെ ആഹ്വനത്തെ തുടര്‍ന്നായിരുന്നു ഇത്.
താനെയിലെ മലയാളി സമൂഹത്തോടും അടുത്ത ബന്ധമാണ് ഏകനാഥ് ഷിന്‍ഡെയ്ക്കുള്ളത്. അദേഹം ഒരിക്കലും മറാത്തിയെന്നോ മലയാളിയെന്നോ ജനങ്ങളെ വേര്‍തിരിച്ച് കണ്ടിട്ടില്ലായെന്ന് മലായാളി സമാജം താനെ ജില്ലാ സെക്രട്ടറി ജയന് നായര്‍ പറഞ്ഞു. ശിവസേനയ്ക്ക് ഒരു കാലത്ത് മലയാളികള്‍ വോട്ട് ചെയ്യുമായിരുന്നില്ല. എന്നാല്‍ ആ അവസ്ഥ മാറിയത് ഏകനാഥ് ഷിന്‍ഡെ ജില്ലയില്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തിയതോടെയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: