രാജസ്ഥാനിലെ ഉദയ്പ്പൂരില്‍ തയ്യല്‍ക്കട നടത്തുന്ന ഹിന്ദു യുവാവിനെ ജിഹാദി ഭീകരര്‍ പട്ടാപ്പകല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ചാണ് രണ്ട് ജിഹാദികള്‍ ഈ അരുംകൊല നടത്തിയത്. ആവശ്യക്കാരെന്ന വ്യാജേന ഇവര്‍ ഉദയ്പ്പൂരില്‍ കനയ്യലാലിന്റെ തയ്യല്‍ക്കടയില്‍ കയറിച്ചെല്ലുകയും ഒരാളുടെ വസ്ത്രത്തിന്റെ അളവെടുക്കുന്നതിനിടെ മറ്റേയാള്‍ പിന്നില്‍നിന്ന് കടന്നുപിടിച്ച് ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കഴുത്തറുക്കുകയുമായിരുന്നു. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന അതിഭീകരമായ ഈ നരഹത്യയുടെ വീഡിയോ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മതഭ്രാന്തുകൊണ്ട് നടത്തിയ ഈ പൈശാചിക കൃത്യത്തെ ന്യായീകരിക്കുകയും കൊലക്കത്തി ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ പോലും വധഭീഷണി മുഴക്കുകയും ചെയ്തതിനുശേഷമാണ് ജിഹാദികള്‍ പിന്മാറിയത്. ഉദയ്പ്പൂര്‍ സ്വദേശികള്‍ തന്നെയായ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്തു. മനുഷ്യപ്പിശാചുക്കളായി മാറിയ മതഭീകരരുടെ ചെയ്തിയില്‍ നടുങ്ങിപ്പോയ ജനങ്ങള്‍ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. പ്രത്യാഘാതം ഭയന്ന് സര്‍ക്കാര്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.
യഥാര്‍ത്ഥത്തില്‍ കനയ്യ ലാലിന്റെ ഏഴുവയസ്സുകാരനായ മകനാണ് നൂപുര്‍ ശര്‍മയെ പിന്തുണച്ച പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനിടെ അബദ്ധവശാല്‍ സംഭവിച്ചതാണിത്. ഇതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സുരക്ഷ നല്‍കണമെന്നും പതിനൊന്ന് ദിവസം മുന്‍പ് കനയ്യ ലാല്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പോലീസ് അത് ചെവിക്കൊണ്ടില്ല. പോലീസിന്റെ ഈ അനാസ്ഥയും കൃത്യവിലോപവുമാണ് ഇസ്ലാമിക മതവെറി പൂണ്ടവര്‍ ഒരു സാധു മനുഷ്യന്റെ ജീവനെടുക്കാന്‍ ഇടയാക്കിയത്. രാജസ്ഥാന് ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. മുസ്ലിം മതമൗലികവാദികളെ പ്രീണിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും, അവരുടെ ചെയ്തികളെ വെള്ളപൂശുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നയമാണ് അത്യന്തം ക്രൂരമായ ഈ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറ്റപ്പെടുത്തുന്ന അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്താവനയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടത്തിയത്. കൊല നടത്തിയശേഷം പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ജിഹാദികളും ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയും ഒരുപക്ഷത്താവുന്ന കാഴ്ചയാണിത്. കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നയങ്ങള്‍ രാജസ്ഥാനില്‍ മതഭ്രാന്ത് വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതില്‍നിന്നാണ് ഉദയ്പൂരിലേതുപോലുള്ള കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സമീപകാലത്ത് വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുകയുണ്ടായി. ഇതില്‍നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനാണ് കോണ്‍ഗ്രസ്സും വിമതഭീഷണി നേരിടുന്ന മുഖ്യമന്ത്രി ഗെഹ്ലോട്ടും ശ്രമിക്കുന്നത്. ഇതിന്റെ ദുരന്തഫലമാണ് ഉദയ്പൂരിലേതും.
ഉദയ്പൂരിലെ ഹീനമായ കൊലപാതകം ഒറ്റപ്പെട്ടതല്ല. തമിഴ്നാട്ടിലും കര്‍ണാടകയിലും ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമൊക്കെ ഇത്തരം നിരവധി കൊലപാതകങ്ങള്‍ ജിഹാദികള്‍ നടത്തുകയുണ്ടായി. മനുഷ്യജീവനെക്കാള്‍ മതഭ്രാന്തിന് വിലകല്പ്പിക്കുന്നവര് വ്യക്തികളെന്ന നിലയ്ക്കല്ല ഈ മഹാപാപങ്ങള്‍ ചെയ്തുകൂട്ടുന്നത്. അന്യമത വിദ്വേഷം വളര്‍ത്തുകയും സമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്ന ഇസ്ലാമിക സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. അരിയും മലരും കുന്തിരിക്കവും കരുതി വച്ചുകൊള്ളാന്‍ ആലപ്പുഴയിലെ സമ്മേളനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ മുഴക്കിയ കൊലവിളി മുദ്രാവാക്യം ഇതിനു തെളിവാണ്. ഇക്കൂട്ടര്‍ തന്നെയാണല്ലോ മതനിന്ദ ആരോപിച്ച് തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയെടുത്തത്. ഉദയ്പ്പൂരിലേതുപോലുള്ള കൊലപാതകങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളിലും ജിഹാദികള്‍ നടത്തുന്നതാണ്. ഫ്രാന്‍സില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്റെ കഴുത്തറുത്തത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ ജിഹാദി ഭീകരതയെ വെള്ളപൂശുന്നവര്‍ ഇതിനുനേര്‍ക്ക് കണ്ണടയ്ക്കുകയാണ് പതിവ്. ഉദയ്പ്പൂരില്‍ പിടിയിലായ കൊലയാളികള്‍ക്ക് ഒരു പാക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവരുന്നു. കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്ത് മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരികയും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം. ജിഹാദികളെ ശക്തമായി അടിച്ചമര്‍ത്തുകയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ നിലയ്ക്കു നിര്‍ത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: