തളിപ്പറമ്പ്: മുസ്ലീങ്ങളുടെ ഇടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ സീതി സാഹിബ് സ്കൂള്‍ നടത്തിപ്പില്‍ ക്രമക്കേട് ആരോപിച്ച് സിപിഎം നടത്തിയ തന്ത്രം പൊളിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ പിന്തുണയോടെ രൂപീകരിച്ച വഖഫ് സംരക്ഷണ സമിതിയാണ് ആരോപണവുമായി രംഗത്ത് വന്നത്. ഓഡിറ്റ് പരിശോധനയില്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതായി മാനേജര്‍ പി.കെ. സുബൈര്‍ പറഞ്ഞു. കുറ്റകൃത്യങ്ങളും അഴിമതിയും നടത്തിയിരുന്ന ഒരു കൂട്ടത്തിന്റെ വാക്കുകള്‍ കേട്ട് സീതി സാഹിബ് സ്കൂളിനെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പരസ്യമായി മാപ്പു പറയണമെന്നും പി.കെ. സുബൈര്‍ തളിപ്പറമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സീതി സാഹിബ് സ്കൂള്‍ നടത്തിപ്പില്‍ 4.81 കോടിയുടെ ക്രമക്കേട് നടന്നതായി സിപിഎമ്മും ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതിയും ആരോപിച്ചിരുന്നു. തുടര്‍ന്ന് നടന്ന പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുവാന്‍ സാധിച്ചില്ലെങ്കിലും വഖഫ് ബോര്‍ഡ് എം പാനല്‍ ഓഡിറ്റര്‍ ഇ.കെ. കരുണാകരന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടത്തിയ സമഗ്ര സൂഷ്മ പരിശോധനാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചത്. 2013 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് പരിശോധിച്ചത്. മാസങ്ങള്‍ നീണ്ട പരിശോധനക്ക് ശേഷം വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാധാരണ ഓഡിറ്റുകളില്‍ പരാമര്‍ശിക്കാറുള്ള സാങ്കേതിക പോരായ്മകളും നിര്‍ദ്ദേശങ്ങളും അല്ലാതെ എന്തെങ്കിലും സാമ്പത്തിക ക്രമക്കേടു നടന്നതായോ അഴിമതി നടത്തിയതായോ പണം നഷ്ടപ്പെട്ടതായോ പരാമര്‍ശമില്ലത്രെ.
സ്കൂളിന്റെ സാമ്പത്തിക ഇടപാടുകളില്‍ 4 കോടി 81 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കൊണ്ട് സിപിഎം നിയന്ത്രണത്തിലുള്ള ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ സംഘടിപ്പിച്ച വഖഫ് സംരക്ഷണ കൂട്ടായ്മ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും ചരിത്രമുള്ള ഒരു സംഘത്തിന്റെ അസത്യ പ്രചരണങ്ങള്‍ വിശ്വസിച്ച് ഒരു വിദ്യാലയത്തെ തകര്‍ക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്കിയ സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായി മാപ്പുപറയണമെന്ന് പി.കെ സുബൈര്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിയുമായി ആലോചിച്ച് കുപ്രചരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സ്കൂള്‍ മാനേജര്‍ പറഞ്ഞു. വിദ്യാഭ്യാസ സമിതി ചെയര്മാന് പി.പി. മുഹമ്മദ് നിസാറും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: