കൊച്ചികണ്ടും കൊടകു കണ്ടും കൊതിപിടിച്ചുപോയ സായിപ്പിനെ നോക്കിയാണ് അഭ്രപാളിയിലും അനുവാചകനിലും ചിരിയും അതിലേറെ ആവേശവും പടര്‍ത്തിയ ആ ഗാനം പിറന്നത്. കൊല്ലക്കുടിലില് തൂശിവില്‍ക്കണ സായിപ്പേ എന്നാണ് പരിഹാസം കലര്‍ന്ന വിളി. വയനാടന്‍ മണ്ണിലേക്ക് തുപ്പാക്കിയുമായി വന്നിറങ്ങിയ സായിപ്പിന്റെ പടയോട് അന്നാട്ടിലെ സാധാരണക്കാരന്റെ ഉശിരുള്ള വികാരത്തിന് വരികളെഴുതിയത് സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മ. പഴശ്ശിയിലെത്തമ്പുരാന്‍ പകര്‍ന്ന ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ആ പാട്ട് സിനിമയിലും പിന്നെ നാടൊട്ടാകെയും ഒഴുകിപ്പടര്‍ന്നത്.
‘ആദ്യത്തെ കപ്പലില്‍ വന്നത് സോപ്പ് ചീപ്പ് കണ്ണാടി
പിന്നത്തെ കപ്പലില്‍ വന്നത് തൂക്കുചങ്ങല തുപ്പാക്കി
വയലെറമ്പത്ത് വെള്ളക്കൊക്കുകള്‍
നൊയമ്പുനോക്കണപോലെ നിങ്ങള്‍
വയനാടന്‍മലകള്‍ നോക്കി
വെള്ളമെന്തിനിറക്കണു….’
1964ലാണ് വെള്ളിത്തിര കീഴടക്കിയ പഴശ്ശിരാജ പുറത്തുവരുന്നത്. മലയാള സിനിമയില്‍ ചരിത്രപുരുഷന്മാരെ ആഢ്യത്വത്തോടെ അവതരിപ്പിച്ച കൊട്ടാരക്കര ശ്രീധരന്‍നായരാണ് പഴശ്ശത്തമ്പുരാനായി വേഷമിട്ടത്. സത്യനും നസീറും അടക്കമുള്ള മുന്‍നിരക്കാരും അഭിനേതാക്കളായി.
വിശ്രുത സാഹിത്യകാരന് തിക്കോടിയന്റെ രചനയിലാണ് പഴശ്ശിരാജ അഭ്രപാളിയില്‍ പിറന്നത്. സര്‍ദാര്‍ കെ.എം. പണിക്കര്‍ എഴുതിയ കേരളസിംഹം പഴശ്ശിരാജ എന്ന ചരിത്രനോവലായിരുന്നു അവലംബം. എം. കുഞ്ചാക്കോ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചു. വയലാര്‍ പാട്ടെഴുതി. ആര്.കെ. ശേഖര്‍ സംഗീതസംവിധാനം ചെയ്തു. ചൊട്ടമുതല്‍ ചുടല വരെ, അഞ്ജനക്കുന്നില്‍ തിരിതെളിക്കാന്‍ പോകും, ചിറകറ്റുവീണൊരു കൊച്ചുതുമ്പീ തുടങ്ങി പതിമൂന്ന് ഗാനങ്ങള്‍….
അഞ്ജനക്കുന്നില്‍ തിരിതെറുക്കാന്‍ പോകും
അമ്പലപ്രാവുകളേ
പോണ വഴിക്കോ വരും വഴിക്കും
മാണിക്യമഞ്ചല്‍ കണ്ടോ
കൈതപ്പൂക്കളാല്‍ കര്‍പ്പൂരമുഴിയുന്ന
കാനനനദേവതമാര്‍
കാണാന്‍ കൊതിക്കുമാ മഞ്ചലിനുള്ളില്‍
രാജകുമാരനുണ്ടോ …. പഴശ്ശിത്തമ്പുരാന് കാടും നാടും നല്കിയ വരവേല്പിന്റെ ഈണങ്ങള്‍…
പോരാട്ടത്തിന്റെയും ജീവിതത്തിന്റെയും ദേശഭക്തിയുടെയും കനല് നിറഞ്ഞ കഥ അഭ്രപാളിയില്‍ അഗ്നി പടര്‍ത്തി മാഞ്ഞിട്ട് 58 കൊല്ലം പിന്നിട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 2009ല്‍ എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനത്തില്‍ മമ്മൂട്ടി നായകനായി കേരളവര്‍മ്മ പഴശ്ശിരാജ വീണ്ടും തിയേറ്ററുകള്‍ കീഴടക്കി. നിത്യഹരിതമാണ് പഴശ്ശിയുടെ ചരിത്രമെന്ന് തെരയാന്‍ മറ്റ് ഏടുകള്‍ വേണ്ട. എന്നിട്ടും അമൃതോത്സവത്തിന്റെ കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ ആവേശം തുളുമ്പുന്ന ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സംവിധാനം ഉണ്ടാകുന്നില്ല. പ്രാദേശികതലങ്ങളില്‍ വരെ വിദേശസിനിമകള്‍ ഉള്‍പ്പെടുത്തി ഫിലിഫെസ്റ്റുകള്‍ സംഘടിപ്പിക്കുമ്പോഴെങ്കിലും പൊടി തട്ടിയെടുക്കേണ്ടതാണ് ഈ ചിത്രങ്ങള്‍. കാലമെത്ര കഴിഞ്ഞാലും പഴശ്ശിയുടെ നാട്ടുകാര്‍ പാടിയ പാട്ട് ചലച്ചിത്ര ചരിത്രത്തില്‍ നിന്ന് മായുന്നില്ല….
തലശ്ശേരി കടപ്പുറത്തെ കച്ചോടക്കമ്പനിയാപ്പീസ് ഇന്ന് മലയാളക്കര കൊള്ളയടിക്കണ കറക്കുകമ്പനിയാപ്പീസ് പൊളിച്ചുമാറ്റണതെന്നിനിയീ പൊളിഞ്ഞ കമ്പനിയാപ്പീസ്…. കാലമിത്ര കഴിഞ്ഞിട്ടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: