എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന് തിരിച്ചടി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി വിചാരണകോടതി തള്ളി. ഹര്‍ജി തള്ളുകയാണെന്ന് മാത്രമാണ് കോടതിയുടെ ഉത്തരവില്‍ ഉള്ളത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷന് ഉന്നയിച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പല സുപ്രധാന സംഭവങ്ങളും കേസുമായി ബന്ധപ്പെട്ട് സംഭവിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു.
ദിലീപിന് എതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നുമായിരുന്നു നടന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായിരിക്കെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഉള്‍പ്പെട്ടുവെന്നകാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെ പ്രോസിക്യൂഷന് പ്രതിരോധിച്ചത്. ഇതിന് പുറമേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതെല്ലാമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്.
ഏപ്രില്‍ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിച്ചത്. വധ ഗൂഢാലോചന കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് നല്കിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: