ന്യൂദല്‍ഹി: മൂല്യവര്‍ധനയുടെ കാര്യത്തില്‍ ലോകത്തെ ഞെട്ടിച്ച ക്രിപ്റ്റോ കറന്‍സിയാണ് ബിറ്റ് കോയിന്. പക്ഷെ 2022ല്‍ ഉടനീളം ബിറ്റ് കോയിന് വില തകരുകയാണ്. ബിറ്റ് കോയിന് മാത്രമല്ല, ഒട്ടുമിക്ക ക്രിപ്റ്റോ കറന്‍സികളുടെയും വില ഇടിഞ്ഞു തകരുകയാണ്.
അതിനിടിയിലാണ് ബിറ്റ് കോയിന് നിക്ഷേപകരുടെ ഉറക്കം കെടുത്തുന്ന പ്രവചനവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സാമ്പത്തിക പത്രമായ ഇക്കണോമിക് ഡെയ് ലി പറയുന്നത് ബിറ്റ് കോയിന് വില വൈകാതെ വട്ടപ്പൂജ്യമാകുമെന്നാണ്.
2021 നവമ്പറില്‍ ഒരു ബിറ്റ് കോയിന്റെ വില 69000 ഡോളറായിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക് ഡൗണ്‍ ഉണ്ടായ 2020ല്‍ ബിറ്റ് കോയിന് വില 300 ശതമാനം ഉയര്‍ന്നിരുന്നു. ലോകത്തിലെ മുഴുവന്‍ സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും പക്കല്‍ ബിറ്റ് കോയിന് ഉണ്ട്. നല്ലൊരു നിക്ഷേപം എന്ന നിലയിലാണ് അവര്‍ ഇത് സൂക്ഷിക്കുന്നത്. ആസ്ത്രേല്യന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ കോവിഡ് കാലത്ത്, കോവിഡിനെതിരെ പൊരുതുന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സിലേക്ക് ഒരു ബിറ്റ് കോയിനാണ് സംഭാവനയായി നല്‍കിയത്. അന്ന് ഒരു ബിറ്റ് കോയിന്റെ വില 40 ലക്ഷം രൂപയായിരുന്നു. പക്ഷെ ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത് ഈ വര്‍ഷം തന്നെ ബിറ്റ് കോയിന്റെ വില 14000 ഡോളറിലേക്ക് താഴുമെന്നാണ്. ഇത് ഇപ്പോഴത്തെ ഡോളറിന്റെ വിപണി വില അനുസരിച്ച് വെറും 10.98 ലക്ഷം രൂപ മാത്രമാണ്.
ഇപ്പോള്‍ ബിറ്റ് കോയിന്റെ വില 21,000 ഡോളറാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 17,958ലേക്ക് താഴ്ന്നിരുന്നു. യുഎസിലെ ഉപഭോക്തൃ വില സൂചിക ആശങ്കാജനകമായ നിലവാരത്തില്‍ എത്തിയതോടെയാണ് ക്രിപ്റ്റോ കറന്‍സികളുടെ കഷ്ടകാലം തുടങ്ങിയത്. സാമ്പത്തികമാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലിശ നിരക്ക് യുഎസ് ഉയര്‍ത്തിയതോടെ മിക്ക ക്രിപ്റ്റോ കറന്‍സികളും കൂപ്പുകുത്തി. ഇനി വീണ്ടും പലിശ നിരക്ക് ഉയര്‍ത്താനുള്ള ആലോചനയിലാണ് അമേരിക്കയിലെ കേന്ദ്ര ബാങ്ക്. ഇതോടെ വീണ്ടും ക്രിപ്റ്റോ കറന്‍സികള്‍ തകരും. റഷ്യ ഉക്രെയ്നെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് യുഎസ് വിപണിയും യൂറോപ്യന്‍ വിപണിയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ക്രിപ്റ്റോ വായ്പാ കമ്പനിയായ സെല്‍ഷ്യസ് ഈയിടെ ക്രിപ്റ്റോ കറന്‍സികള്‍ പിന്‍വലിക്കുന്നത് നിരോധിച്ചത് ഇതില്‍ പണം നിക്ഷേപിച്ചവര്ക്കിടയില് വലിയ ഭീതി പരത്തിയിരുന്നു. ക്രിപ്റ്റോ കറന്‍സികള്‍ നിക്ഷേപിച്ച് വായ്പ എടുക്കാവുന്ന സ്ഥലമാണ് ക്രിപ്റ്റോ ലെന്‍ഡിങ് കമ്പനിയായ സെല്‍ഷ്യസ്. എന്തായാലും ഓഹരികളും കമ്മോഡിറ്റികളും ബോണ്ടുകളും പോലെ റിസ്കുള്ള നിക്ഷേപമാണ് ബിറ്റ് കോയിനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: