കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിക്ക് കീഴിൽ (AKAM-EBSB) ജോടിയാക്കിയ സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ സന്ദർശനത്തിന്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നുള്ള 50 അംഗ വിദ്യാർത്ഥി സംഘം നാളെ കൊച്ചി സന്ദർശനത്തിനായി എത്തും.
ഈ 50 വിദ്യാർത്ഥികളിൽ, 25 പേർ ഷിംലയിലെയും ഉനയിലെയും പരിസരങ്ങളിലുള്ള സീനിയർ സെക്കൻഡറി സ്കൂളുകളിലെ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് (13 ആൺകുട്ടികളും 12 പെൺകുട്ടികളും), 25 പേർ ഷിംലയിലെ ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ബി.ടെക് വിദ്യാർത്ഥികളും (15 ആൺകുട്ടികളും 10 പെൺകുട്ടികളും) ആണ്. ഇവർക്കൊപ്പം നാല് അധ്യാപകരും ഉണ്ടാകും. സംഘം 2022 ജൂൺ 28 മുതൽ ജൂലൈ 03 വരെ കൊച്ചിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. SCMS കൊച്ചിൻ സ്കൂൾ ഓഫ് ബിസിനസാണ് ആതിഥേയ ഇൻസ്റ്റിറ്റ്യൂട്ട്.
പരിപാടിയുടെ ഭാഗമായി സംഘം ഇടപ്പള്ളിയിലെ മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി, എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി, തൃപ്പൂണിത്തുറയിലെ ഹിൽ പാലസ് മ്യൂസിയം തുടങ്ങിയ പ്രശസ്തമായ എഎസ്ഐ സ്മാരകങ്ങൾ, പ്രാദേശിക മ്യൂസിയങ്ങൾ എന്നിവ സന്ദർശിക്കും. കൂടാതെ കേരളത്തിലെ തനത് കല-കായിക മേഖലകളെകുറിച്ച് അറിയാനായി സംഘത്തിനായി കളരിപ്പയറ്റിന്റെ പ്രത്യേക സെഷനും ഒരുക്കിയിട്ടുണ്ട്. ചാലക്കുടിയിലെ രാസ ഗുരുകുലം, ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ട്, മട്ടാഞ്ചേരി ജൂത തെരുവ് എന്നിവയും സംഘം സന്ദർശിക്കും.
ജല സംരക്ഷണ പ്രവർത്തനങ്ങളെ സംബന്ധിച്ചു പഠിക്കാൻ സംഘം കെഎംആർഎൽ മുട്ടം സ്റ്റേഷനും സയൻസ് ആൻഡ് ടെക്നോളജി യൂണിറ്റ് സന്ദർശനത്തിന്റെ ഭാഗമായി കുസാറ്റ് സയൻസ് ലാബും സന്ദർശിക്കും. തേവരയിലെ കേരള ഫോക്ലോർ മ്യൂസിയം, കുറുമശ്ശേരിയിലെ മൂഴിക്കുളം സാല ജീവ കാമ്പസ് എന്നിവയും സംഘം സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: