തിരുവനന്തപുരം : മതിയായ പാസില്ലാതെ അനിത പുല്ലയില്‍ ലോക കേരള സഭയില്‍ പങ്കെടുത്തതില്‍ നിയമസഭാ ജീവനക്കാരെ സംരക്ഷിച്ച് കരാര്‍ ജീവനക്കാര്‍ക്കെതിരെ മാത്രം നടപടി. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സ്പീക്കര്‍ എം.ബി. രാജേഷ് നടപടി സ്വീകരിച്ചിരിക്കുന്നത്. സഭ ടിവിയുടെ സാങ്കേതിക സഹായം നല്കുന്ന ഏജന്‍സിയുടെ ജിവനക്കാര്ക്കൊപ്പമാണ് അനിത നിയമസഭാ മന്ദിരത്തിലെത്തിയത്.
അനിത പുല്ലയിലിന് ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുന്നതിനുള്ള പാസ് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് സമ്മേളനത്തിനെത്തിയത്. കരാര്‍ ജീവനക്കാര്‍ക്കൊപ്പമാണ് നിയമസഭാ മന്ദിരത്തിലെത്തിയത്. ഇതില്‍ മറ്റാര്‍ക്കും പങ്കില്ല. നിയമഭാ സമ്മേളന വേദിയില്‍ കയറിയിട്ടില്ലെന്നും ചിഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു. സഭ ടീവിക്ക് സാങ്കേതിക സഹായം നല്കുന്ന ബിട്രൈയിറ്റ് സൊലൂഷന്‍സ് എന്ന ഏജന്‍സിയുടെ ജീവനക്കാരായ ഫസീല, വിപുരാജ്, പ്രവീണ്‍, വിഷ്ണു എന്നിവര്‍ക്കെതിരെയാണ് നടപടി.
മോന്സന് കേസില്‍ ആരോപണ വിധേയ ആയ അനിതാ പുല്ലയില്‍ ലോക കേരള സഭക്കിടെ നിയമസഭാ മന്ദിരത്തിലെത്തിയത് വന്‍ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കര്‍ നിയമസഭാ ചീഫ് മാര്‍ഷലിനെ ചുമതലപ്പെടുത്തിയത്. സഭാ ടിവിക്ക് ഒടിടി സഹായം നല്കുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: