ഡോ. സി.എം. ജോയി
(പ്രകൃതി സംരക്ഷണവേദി കോര്‍ കമ്മിറ്റി മെമ്പറാണ് ലേഖകന്‍)
ഭാരതത്തിലെ വന്യജീവി സംരക്ഷണ മേഖലകള്‍, നാഷണല്‍ പാര്‍ക്കുകള്‍, മറ്റു സംരക്ഷിത പ്രദേശങ്ങള്‍ എന്നിവയുടെ ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നിലവില്‍ ഒരു കിലോ മീറ്ററിലധികം അത്തരം സോണുകള്‍ ഉണ്ടെങ്കില്‍ അത് തുടരും. കേരളത്തില്‍ ആറ് ദേശീയ ഉദ്യാനങ്ങളും 18 വന്യജീവി സങ്കേതങ്ങളുമുണ്ട്. 2019ല്‍ മതികെട്ടാന്‍ചോല വന്യജീവി സംരക്ഷണ കേന്ദ്രത്തിന് ചുറ്റും ഒന്നര കിലോമീറ്റര്‍ ഇ.എസ്.സെഡ് കണക്കാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2019 ല്‍ പ്രഖ്യാപിച്ച കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ പോലും നിര്‍ണയിച്ചിട്ടില്ല. സംരക്ഷിത മേഖലകള്‍ക്കു ചുറ്റും സംസ്ഥാനത്ത് ഉദ്ദേശം നാലുലക്ഷം ഏക്കര്‍ സ്ഥലമെങ്കിലും ഇ.എസ്.സെഡില്‍ ഉള്‍പ്പെടുത്തേണ്ടി വരും.
എന്തിനാണ് ഇ.എസ്.സെഡ്
- സംരക്ഷിത മേഖലകളെ സുസ്ഥിരമായി സംരക്ഷിക്കാന്‍
- പ്രാദേശികമായി കണ്ടുവരുന്ന ജീവജാലങ്ങളുടെ വംശനാശ ഭീഷണി ഒഴിവാക്കുവാന്‍ അവയെ അവയുടെ ആവാസവ്യവസ്ഥയില്‍ നിലനിര്‍ത്താന്‍ ഇ.എസ്.സെഡ് ആവശ്യമാണ്.
- വനനശീകരണം കുറയ്ക്കുവാനും മനുഷ്യനിര്‍മിത കാട്ടുതീ ഒഴിവാക്കുവാനും.
- വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുവാന്‍
- പ്രാദേശിക ജനസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും വനവാസി അവകാശ നിയമങ്ങള്‍ സംരക്ഷിക്കാനും
- ഇസ്.എസ്. സെഡ് ആഘാത ആഗിരണമേഖലയും സംക്രമണ പ്രദേശവുമാണ്.
- കൈയേറ്റം, വനംകൊള്ള, വന്യജീവികടത്ത്, അനധികൃത ഖനനം, മലിനീകരണം എന്നിവ തടയുന്നതിന്.
- കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രളയം, ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ എന്നിവ ഒഴിവാക്കാന്‍.
സ്വാതന്ത്ര്യാനന്തരം നിരവധി നിയമങ്ങള്‍ വന്നെങ്കിലും വനവും വന്യജീവികളും ഇന്നും സുരക്ഷിതമല്ല എന്നതാണ് വാസ്തവം. സംരക്ഷിത മേഖലകളുടെ ചുറ്റും അതിരുകടന്ന നഗരവത്കരണവും വനഭൂമി കൈയേറ്റവും രൂക്ഷമായി തുടരുന്നു. കാട് ഇനിയും നാടാക്കാനാകില്ല. ഇക്കോ ടൂറിസത്തിന്റെ പേരിലും റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ പേരിലും പുതിയ പുതിയ റോഡുകള്‍ നിര്‍മ്മിച്ചും സംരക്ഷിത മേഖലകള്‍ നിലനില്‍പ്പ് ഭീഷണിയിലാണ്. മണല്‍ഖനനവും പാറമടകളും വനത്തിനും വന്യജീവികള്‍ക്കും ജൈവവൈവിധ്യത്തിനും വലിയ നാശങ്ങള് സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 2022 ജൂണ്‍ മൂന്നിന് സുപ്രീംകോടതി ഇക്കോ സെന്‍സിറ്റീവ് സോണിനെക്കുറിച്ച് ഒരു വിധി പുറപ്പെടുവിച്ചത്.
എന്താണ് സുപ്രിംകോടതി വിധിയുടെ കാതല്‍?
- സംരക്ഷിത മേഖലകളുടെ ചുറ്റും മിനിമം ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ വേണം.
- നിലവില്‍ ഒരു കിലോമീറ്ററില്‍ കൂടുതല്‍ ഇ.എസ്.സെഡ് ഉണ്ടെങ്കില്‍ അത് നിലനില്ക്കും.
- സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സൗകര്യം ഒരുക്കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര വികസനത്തിന് വഴിയൊരുക്കണം. ആഗോളതാപനം, കാലാവസ്ഥാ ദുരന്തങ്ങള്‍ എന്നിവ മുന്നില്‍ കാണണം.
- മൂന്നു മാസത്തിനുള്ളില്‍ ഇ.എസ്.സെഡില്‍ നിലവിലെ അവസ്ഥ, ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവ ചീഫ് കണ്‍സര്‍വേറ്റര്‍ മുഖേന സംസ്ഥാനങ്ങള്‍ കോടതിയെ അറിയിക്കണം.
- 09/02/2011 ല്‍ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകളുടെയും നടപടിക്രമങ്ങളുടെയും വെളിച്ചത്തിലായിരിക്കണം ഇ.എസ്.സെഡ് പ്രഖ്യാപിക്കേണ്ടത്.
- വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പരിധിയില്‍ ഖനനം, സ്ഥിരം കെട്ടിടങ്ങള്‍, നിര്‍മ്മിതികള്‍ എന്നിവ പാടില്ല.
- നിലവില്‍ സംരക്ഷിത മേഖലകളുടെ ഒരു കി.മീ ചുറ്റളവില്‍ 2011ലെ ഉത്തരവില്‍ അനുവദിക്കാത്ത എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ആറു മാസത്തിനുള്ളില്‍ ബന്ധപ്പെട്ട ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റില്‍നിന്നും അനുമതി വാങ്ങണം. നിരോധിച്ച പ്രവര്‍ത്തനമാണെങ്കില്‍ അനുമതി ഉണ്ടാവില്ല.
- ഖനനം, മെറ്റല്‍ ക്രഷര്‍, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, വിനാശകരമായ വസ്തുക്കളുടെ ഉത്പാദനം, പുതിയ തടിമില്ല്, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ജലവില്‍പ്പന, ഇഷ്ടികക്കളം, കീടനാശിനി ഉപേയാഗം, റോഡ് വീതികൂട്ടല്‍, മരംമുറി എന്നിവ അനുവദിക്കില്ല.
- പ്രദേശവാസികള്‍ക്ക് ഭവനനിര്‍മ്മാണത്തിനും മരംമുറിക്കാനും അനുമതി നേടാവുന്നതാണ്. മലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍, ചെറുകിടവ്യവസായങ്ങള്‍, കുടില്‍ വ്യവസായം, ഹോംസ്റ്റേ, പൊതുപാത നിര്‍മ്മാണം, അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി ലഭിക്കും. കൃഷിരീതികളും കൃഷിയും തുടരാവുന്നതാണ്. ഹരിത സാങ്കേതികവിദ്യകള്‍ക്കും ജൈവകൃഷിക്കും പുനരുപയോഗ ഊര്‍ജ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗത്തിനുംവിലക്കില്ല. ആളുകളെ കുടിയൊഴിപ്പിക്കാനോ ഭൂമിയുടെ ക്രയവിക്രയത്തിന് തടസ്സമോ സുപ്രീംകോടതി വിധിയില്‍ പറയുന്നില്ല.
ജനങ്ങളുടെ സുരക്ഷയും സുസ്ഥിര വികസനവും കണക്കിലെടുത്തുള്ള സുപ്രീംകോടതി വിധിക്കെതിരെ വ്യാപകമായി നുണപ്രചാരണങ്ങള്‍ നടക്കുകയാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാന്‍ നടത്തിയപോലെയുള്ള കലാപശ്രമങ്ങളാണ്, കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവുംഖനന ലോബികളുടെയും മതമേലധ്യക്ഷന്മാരുടെയും റിസോര്‍ട്ട് മാഫിയകളുടെയും പാറമടക്കാരുടെയും കൂട്ടുപിടിച്ച് നടത്തിവരുന്നത്. സുപ്രീംകോടതി വിധിയില്‍ കര്‍ഷകവിരുദ്ധമായി ഒന്നുമില്ലെങ്കിലും മലയോര കര്‍ഷകരുടെ പേരിലാണ് നുണപ്രചാരണങ്ങള്‍ നടക്കുന്നത്. നാളിതുവരെ സംസ്ഥാനം ഭരിച്ച യുഡിഎഫും എല്‍ഡിഎഫും മലയോര കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചെറുവിരലനക്കിയിട്ടില്ല. പകരം സുപ്രീംകോടതി വിധിയാണ് എല്ലാത്തിനും പ്രശ്നം എന്ന് വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് കോടതിയലക്ഷ്യവും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. സുപ്രീംകോടതി വിധി ജനങ്ങള്‍ക്കെതിരെയാണെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ക്കും വിധിക്കെതിരെ കലാപാഹ്വാനം നടത്തുന്നവര്‍ക്കുെമതിരെ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പ്രകൃതിദുരന്തങ്ങളും കുടിവെള്ളക്ഷാമവും വന്യജീവി ആക്രമണങ്ങളും നടക്കുന്ന കേരളത്തില്‍ വിധിയില്‍ പറഞ്ഞതുപോലെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും സമീപിച്ച് ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണണം. സര്‍ക്കാര്‍ ശാസ്ത്രീയമായി ജനങ്ങളുടെയും പരിസ്ഥിതിയുടെയും പക്ഷം പിടിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: