ന്യൂദല്‍ഹി : നിയമ വിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങളാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടം പൊളിച്ചതിനെ ചോദ്യം ചെയ്ത് ജംയത്തുള്‍ ഉലമ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രയാഗ് രാജിലും, കാണ്‍പൂരിലും കെട്ടിടങ്ങള്‍ പൊളിച്ചത് നിയമവിധേയമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചത് പ്രയാഗ് രാജ് വികസന അതോറിട്ടി ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിര്‍മാണമായതിനാല്‍ ആണെന്നും യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. പ്രതിഷേധക്കാരുടെ വീടുകളാണ് പൊളിച്ചു നീക്കിയതെന്നാണ് പരാതിക്കാര്‍ ആരോപിച്ചത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തര്‍പ്രദേശ് അറിയിച്ചു. 1973 ലെ ഉത്തര്‍പ്രദേശ് അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് പ്രകാരം നോട്ടീസ് നല്‍കിയാണ് പൊളിക്കല്‍ നടപടി എന്നും യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമാണ് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചത്. അഫ്രീന്‍ ഫാത്തിമയുടെ പിതാവും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാവുമായ ജാവേദ് മുഹമ്മദിന്റെ കെട്ടിടവും പൊളിച്ചത് നോട്ടീസ് നല്‍കിയാണ്. കെട്ടിടങ്ങള്‍ നഷ്ടപെട്ട ആരും കോടതിയെ സമീപിച്ചിട്ടില്ല. നിയമപരമായി നടക്കുന്ന നടപടിക്രമങ്ങള്‍ക്ക് മറ്റ് നിറങ്ങള്‍ നല്‍കാന്‍ ആണ് ജംയത്തുള്‍ ഉലമ ശ്രമിക്കുന്നതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: