യു.പി. സന്തോഷ്
(തപസ്യ സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍)
ഇന്നു മുതല്‍ ജൂലൈ ആറ് വരെ തപസ്യ കലാസാഹിത്യ വേദി എല്ലാ ഘടകങ്ങളിലും വനപര്‍വ്വം ആചരിക്കുകയാണ്. തപസ്യ അതിന്റെ പ്രാരംഭദശയില്‍ തന്നെ ആവിഷ്കരിച്ച ഒരു പ്രവര്‍ത്തന പദ്ധതിയാണ് വനപര്‍വ്വം. പ്രകൃതി സംരക്ഷണം, പാരിസ്ഥിതികാവബോധം വളര്‍ത്തല്‍, ശുദ്ധമായ മണ്ണും വെള്ളവും വായുവും നിലനിര്‍ത്തുന്നതിനൊപ്പം ഭാവിതലമുറയ്ക്കായും കരുതിവയ്ക്കുക എന്ന സന്ദേശത്തിന്റെ പ്രചാരണം എന്നിവയൊക്കെയാണ് വനപര്‍വ്വത്തിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഇതൊക്കെ ചെയ്യാന്‍ പരിസ്ഥിതി സംഘടനകളും സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുമുള്ളപ്പോള് ഒരു കലാസാഹിത്യ സംഘടന എന്ന നിലയില്‍ തപസ്യ ഇത്തരമൊരു കര്‍മ്മപരിപാടി ഏറ്റെടുക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. പ്രകൃതിയോടുള്ള സമീപനവും പാരിസ്ഥിതിക വിവേകവും ഭാരതീയ സംസ്കാരത്തിലെ അറുത്തുമാറ്റാനാവാത്ത ഘടകങ്ങളായതിനാല്‍ അവ സംസ്കാരിക സംഘടനകളുടെയൊക്കെ പ്രവര്ത്തനപദ്ധതിയിലുള്പ്പെടുന്നു എന്നാണ് മറുപടി.
എണ്‍പതുകളില്‍ വനപര്‍വ്വം എന്ന പേരിട്ട് ഇത്തരം ഒരു വാര്‍ഷികപരിപാടിക്ക് തുടക്കം കുറിക്കുമ്പോള്‍ വ്യക്തമായ ബോധ്യം അതാവിഷ്കരിച്ച തപസ്യയുടെ ആദ്യകാല നേതാക്കള്‍ക്കുണ്ടായിരുന്നു. ‘ഉപ്പിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ കര്‍പ്പൂരത്തെ വിസ്മരിക്കാത്ത ഒരു ജീവിതാവബോധം, പ്രകൃതിയെയും അതിലടങ്ങിയ മനുഷ്യരെയും സര്‍വ്വചരാചരങ്ങളെയും കൂട്ടിയിണക്കുന്ന അദൈ്വതബോധം, ഒരുകാലത്ത് നമുക്കുണ്ടായിരുന്നത് ഇന്ന് ഏറെക്കുറെ നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടപ്പെട്ട ഈ താളബോധം വീണ്ടെടുക്കുമ്പോള്‍ മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യമാവൂ. വനാന്തരങ്ങളിലിരുന്ന് ഉല്‍കൃഷ്ട ചിന്തയ്ക്ക് തുടക്കം കുറിച്ച ഋഷിപരമ്പരകളെയാണ് വനപര്‍വ്വം എന്ന ശീര്‍ഷകം അനുസ്മരിപ്പിക്കുന്നത’. ‘വനപര്‍വ്വം’ എന്ന കര്‍മ്മപദ്ധതി അവതരിപ്പിച്ചുകൊണ്ട് പ്രൊഫ. കെ.പി.ശശിധരന് കുറിച്ച വാക്കുകളാണിത്. തപസ്യയുടെ മുന്‍നിര നേതാക്കളിലൊരാളും ചിന്തകനുമായ പ്രൊഫ. ശശിധരനു പുറമെ, തപസ്യയെ മുന്നില്‍ നിന്നു നയിച്ച മഹാകവി അക്കിത്തം, പി. പരമേശ്വരന്, വി.എം. കൊറാത്ത്, പ്രൊഫ. സി.കെ. മൂസ്സത്, തുറവൂര്‍ വിശ്വംഭരന്, എം.എ. കൃഷ്ണന് തുടങ്ങിയവരുടെയും കൂട്ടായ ചിന്തയില്‍ നിന്നാണ് വനപര്‍വ്വം എന്ന ആശയം രൂപപ്പെട്ടത്. എഴുപതുകളില്‍ സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തോടെ കേരളം പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കേട്ടുതുടങ്ങിയിരുന്നെങ്കിലും പരിസ്ഥിതി എന്ന വിഷയം അത്രയേറെയൊന്നും എണ്‍പതുകളിലെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിരുന്നില്ല. ആ സമയത്താണ് പരിസ്ഥിതി സംരക്ഷണത്തെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ പ്രസക്തിയെയും കുറിച്ചുള്ള സാമൂഹ്യാവബോധം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തപസ്യ വനപര്‍വ്വം എന്ന ദൗത്യം ഏറ്റെടുക്കുന്നത്.
ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശബ്ദം കേരളത്തിലെമ്പാടും ഉയരുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും അവരുടെ പ്രവര്‍ത്തനപരിപാടികളില്‍ പരിസ്ഥിതി സംരക്ഷണത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മുമ്പെന്നപോലെ (ഒരുപക്ഷെ മുമ്പത്തേക്കാള്‍) പ്രകൃതിയെ മറന്നുകൊണ്ടുള്ള ജീവിതം നയിക്കുകയാണ് കേരള ജനത. അതുകൊണ്ടു തന്നെ തപസ്യക്ക് വനപര്‍വ്വം എന്ന കര്‍മ്മപദ്ധതി അവസാനിപ്പിക്കാനാവില്ല. മൂന്നു പതിറ്റാണ്ടിലേറെ കൊണ്ടുനടന്ന ഈ പരിപാടി ഇന്നും നിഷ്ഠാപൂര്‍വ്വം നടപ്പാക്കാന്‍ തപസ്യ ശ്രദ്ധിക്കുന്നതും അതുകൊണ്ടാണ്.
തിരുവാതിര ഞാറ്റുവേല മുതലുള്ള കുറച്ചു ദിവസങ്ങളാണ് തപസ്യ വനപര്‍വ്വം പരിപാടികള്‍ക്കു വേണ്ടി തിരഞ്ഞെടുക്കാറുള്ളത്. കേരളത്തിന്റെ ഭൂപ്രകൃതിയുമായി തിരുവാതിര ഞാറ്റുവേലയ്ക്കുള്ള ബന്ധം പ്രത്യേകം പറയേണ്ടതില്ല. ഓരോ നക്ഷത്രങ്ങള്‍ക്കുമായി 27 ഞാറ്റുവേലകളുണ്ടെങ്കിലും കേരളം നെഞ്ചോടു ചേര്‍ത്തുവച്ച ഞാറ്റുവേലയാണ് തിരുവാതിര. പതിനഞ്ച് ദിവസമാണ് തിരുവാതിര ഞാറ്റുവേലയുടെ ദൈര്‍ഘ്യം. ഈ ദിവസങ്ങളില്‍ എന്തു നട്ടാലും സമൃദ്ധമായി വിളയുമെന്നതാണ് അനുഭവം. ഈ പാഠം ഉള്‍ക്കൊണ്ടാണ് നമ്മുടെ കര്‍ഷകര്‍ കൃഷി ചെയ്തിരുന്നത്. തിരുവാതിരയില്‍ നൂറു വെയിലും നൂറു മഴയും എന്നാണ് പഴഞ്ചൊല്ല്. പതിനഞ്ച് ദിവസത്തില്‍ ഏഴര ദിവസം വെയിലും ഏഴര ദിവസം മഴയും കൃത്യമായി ലഭിക്കുമത്രെ. സമയം തെറ്റിയെത്തുന്ന മഴയും വേനലും ശൈത്യവുമൊക്കെയാണ് ഇപ്പോള്‍ കേരളത്തിന്റെ കാലാവസ്ഥ എന്നത് വസ്തുത. എന്തായാലും കേരളത്തിന്റെ പച്ചപ്പിന് പിന്നില്‍ തിരുവാതിര ഞാറ്റുവേലയാണ്. മരുവല്‍ക്കരണത്തിന്റെ പാതയില്‍ കേരളം മുന്നേറുമ്പോഴും ഈ പച്ചപ്പുകള്‍ അല്പമെങ്കിലും അവശേഷിക്കുന്നതില്‍ നമ്മുടെ സ്വന്തമായ ഈ പ്രകൃതിപ്രതിഭാസത്തിന് വലിയ പങ്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
രണ്ടുമൂന്ന് വര്‍ഷം മുമ്പ് രണ്ട് പ്രളയവും ഉരുള്‍പൊട്ടലുകളുമൊക്കെ കേരളം നേരിട്ടതാണ്. കാലങ്ങളായി പശ്ചിമഘട്ടമലനിരകളോട് നാം കാട്ടുന്ന ക്രൂരതയാണ് ഇതിന് കാരണമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലേക്കുള്ള കുടിയേറ്റവും കൈയേറ്റവുമെല്ലാം ആ മേഖലയുടെ പാരിസ്ഥിതികമായ സന്തുലനാവസ്ഥയെയാണ് തകര്‍ത്തത്. ഇതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന ദുരന്തങ്ങള്‍. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് പശ്ചിമഘട്ടത്തെ ശാശ്വതമായി സംരക്ഷിക്കാനുള്ള ശാസ്ത്രീയമായ ഒരു ഉദ്യമത്തിന്റെ തുടക്കമായി മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നടത്തിയ പഠനം. ഈ പഠനത്തിന്റെ റിപ്പോര്‍ട്ടനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് നേരിട്ട തടസ്സങ്ങളും ഭേദഗതികളോടെ പിന്നീട് നിലവില്‍ വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനോടുള്ള എതിര്‍പ്പുമൊക്കെ നാം കണ്ടു. ഉരുള്‍പൊട്ടലും പ്രകൃതിദുരന്തങ്ങളും ആവര്‍ത്തിക്കുമ്പോഴും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ച് തപസ്യ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. അഞ്ചാറ് വര്‍ഷം മുമ്പ് തപസ്യ നടത്തിയ രണ്ട് യാത്രകളില്‍ ഉയര്‍ത്തിയ പ്രധാന സന്ദേശങ്ങളിലൊന്ന് പരിസ്ഥിതി സംരക്ഷണമായിരുന്നു. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള സാഗരതീരയാത്രയും ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയുള്ള സഹ്യസാനു യാത്രയും. പശ്ചിമഘട്ടത്തില്‍ മനുഷ്യന് നടത്തിയ ധ്വംസനങ്ങളെ തുറന്നു കാട്ടാനും പശ്ചിമഘട്ടസംരക്ഷണാര്ത്ഥം ബോധവത്കരണത്തിനുമായിരുന്നു സഹ്യസാനു യാത്ര ഊന്നല്‍ നല്‍കിയത്.
വീണ്ടുമൊരു തിരുവാതിര ഞാറ്റുവേല കൂടി കടന്നുപോകുമ്പോള്‍ മൂന്നര പതിറ്റാണ്ടു മുമ്പ് തപസ്യ തുടക്കം കുറിച്ച വനപര്‍വ്വം എന്ന കര്‍മ്മപദ്ധതിയുടെ കാലികപ്രസക്തിയെ കുറിച്ച് തപസ്യക്ക് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലങ്ങോളമിങ്ങോളമുള്ള തപസ്യ ഘടകങ്ങള്‍ വനപര്‍വ്വം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിക്കുന്നു. വൃക്ഷത്തൈ വിതരണത്തിലും മരം വച്ചുപിടിപ്പിക്കലിലും പരിസ്ഥിതി സെമിനാറുകളിലും ഒതുങ്ങുന്നില്ല വനപര്‍വ്വം. ഭാരതീയമായ ലളിത-സുകുമാര കലകളിലെല്ലാം അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒരു പാരിസ്ഥിതികവിവേകമുണ്ട്. നമ്മുടെ ജീവിതദര്‍ശനത്തിന്റെ ഭാഗമായ ആ വിവേകത്തെയാണ് തപസ്യ വനപര്‍വ്വത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: