ഡോ. എം.വി. നടേശന്
(റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്‍സ് ഡയറക്ടറാണ് ലേഖകന്‍)
ജൂണ്‍ 21 അന്തര്‍ദേശീയ യോഗാദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ 2014 ഡിസംബറില്‍ പ്രഖ്യാപച്ചതിനു ശേഷമുള്ള എട്ടാമത്തെ യോഗാ ദിനാചരണം ലോകരാജ്യങ്ങളില്‍ നടക്കുകയാണ്. യോഗയുടെ മഹത്വം വിളിച്ചോതുന്ന വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട സന്ദേശം യോഗ യോജിപ്പിനും സമാധാനത്തിനും എന്നതു തന്നെയാണ്. യോഗ മാനവികതയ്ക്ക് എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ടാണ് 2022 ലെ അന്തര്‍ദേശീയ യോഗാദിനം ആചരിക്കുന്നത്.
ആധുനിക ലോകം നേരിടുന്ന ഭീഷണിയാണ് ജീവിതശൈലീ രോഗങ്ങളും മനസംഘര്‍ഷവും. അഭ്യസ്തവിദ്യരുടെ ഇടയിലാണ് ഇത് കൂടുതലും. വികസിത രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയും ഇതാണ്. അതുകൊണ്ടാണ് അവിടങ്ങളില്‍ യോഗ, ധ്യാനം, ആയുര്‍വേദം തുടങ്ങിയവയ്ക്ക് കൂടുതല്‍ സ്വീകാര്യത വരുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 82 ശതമാനം ഇന്ത്യാക്കാരും മാനസിക സംഘര്‍ഷത്തിന് അടിമകളാണെന്നത് ഏറെ ആശങ്കയുളവാക്കുന്നു. യോഗ ഇതിനെല്ലാം ഫലപ്രദമാണെന്ന കാര്യം ജനങ്ങളുടെ അനുഭവവും ആധുനിക പഠനങ്ങളും ശരിവെക്കുന്നു.
ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം അമൃത മഹോത്സവമായി ആഘോഷിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ എഴുപത്തിയഞ്ച് നഗരങ്ങളില്‍ വിപുലമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. മൈസൂരിലും രാജ്യതലസ്ഥാനത്തുമാണ് ഇതില്‍ ശ്രദ്ധേയമായ ആചരണം നടക്കുന്നത്. കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ച അവസരത്തില്‍ പ്രാണവായുവിനായ് പിടഞ്ഞവര്‍ക്ക് പ്രാണായാമവും യോഗയും വലിയ ആശ്വാസമായിരുന്നു. കാരുണ്യത്തിന്റെയും, പരിരക്ഷയുടെയും ഏകതയുടെയും അനുഭവമായിരുന്നു അത് ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്. തുടര്‍ന്നും മാനവസമൂഹത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമായി ഇത് മാറണം. അങ്ങനെ വരുമ്പോള്‍ യോഗയ്ക്ക് എല്ലാ തരത്തിലുള്ള യോജിപ്പിനും സമാധാനത്തിനും വലിയ സംഭാവന നല്കാന് കഴിയും. ഈ ഗൗരവം ഉള്‍ക്കൊണ്ടാണ് 2022-23 കേന്ദ്ര ബജറ്റില്‍ യോഗ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി 3050 കോടി രൂപ വകയിരുത്തിയിട്ടുള്ളത്.
യോഗ ആനന്ദവും, ആരോഗ്യവും, ശാന്തിയും നല്കുന്ന ജീവിതചര്യയാണ്. യോഗ മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കിയും, ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഭിന്നശേഷിക്കാര്‍, ഭിന്നലിംഗത്തില്‍ വരുന്നവര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ളവരെ കൂടി ചേര്‍ത്തു നിര്‍ത്തിയും പങ്കാളികളാക്കിയും യോഗദിനാചരണം നടത്തണമെന്ന തീരുമാനം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്.
യോഗയുടെ വിവിധ മാനങ്ങള്‍
യോഗയെ ദര്‍ശനം, ശാസ്ത്രം, വിദ്യ, സംസ്ക്കാരം എന്നീ വിവിധ നിലകളില്‍ മനുഷ്യജീവിതത്തിന്റെ എല്ലാ കാര്യങ്ങളെയും ശരിയായ ദിശയില്‍ നയിക്കേണ്ട സമ്പൂര്‍ണ്ണ വിജ്ഞാനമായാണ് ഭാരതത്തില്‍ കണ്ടുവരുന്നത്. ശ്രീകൃഷ്ണന്, ശ്രീബുദ്ധന്, പതഞ്ജലി, വിവേകാനന്ദ സ്വാമികള്‍,ശ്രീനാരായണ ഗുരുദേവന്, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ മഹാത്മക്കളെല്ലാം ഉപദേശിച്ചത് യോഗയിലധിഷ്ഠിതമായ സമഗ്ര ജീവിതദര്‍ശനത്തെയാണ്.
യോഗയിന്ന് ആരോഗ്യം, സാന്ത്വന ചികിത്സാ,വിദ്യാഭ്യാസം, കായികരംഗം, നൈപുണ്യ വികസനം, കല, തൊഴില്‍, സാമ്പത്തികം, കുടുംബ ബന്ധങ്ങള്‍, തുടങ്ങിയ കാര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത വിധം പ്രാധാന്യമേറിയതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉയര്‍ന്ന വരുമാനമുള്ള മേഖലയായി യോഗ ബിസിനസ്, വെല്‍നസ് ഇന്‍ഡസ്ട്രി, പഠനം, ഗവേഷണം എന്നീ മേഖലകള്‍ വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. പഠനം പാഠനം ,പരിശീലനം, ഗവേഷണം എന്നിവയുടെ ഭാഗമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനവകുപ്പുകള്‍ ഇതിനോടകം വളര്‍ന്നു വന്നിട്ടുണ്ട്. ലോസ് ഏഞ്ചല്‍സില്‍ സ്ഥാപിതമായ വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റിയാണ് വിദേശ രാജ്യത്ത് ആദ്യമായി യോഗയുടെ പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി നിലവില്‍ വന്ന സര്‍വകലാശാല . യോഗയെ അടിസ്ഥാനപ്പെടുത്തി നിരവധി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ഇവിടെ നടക്കുന്നു. ഇന്ത്യയില്‍ എസ് വ്യാസ യൂണിവേഴ്സിറ്റി ബെംഗളൂരു ആസ്ഥാനമായി നിലവില്‍ വന്നു.
യോഗ സാമൂഹികവും സാംസ്കാരികവും ആരോഗ്യപരവുമായ ഒട്ടേറെ മാനങ്ങളുള്ള സാമൂഹിക വിജ്ഞാനമാണെന്ന തിരിച്ചറിവ് യോഗ ദിനാചരണങ്ങളിലൂടെയും പഠന, ഗവേഷണങ്ങളുടെയും ഫലമായി കൈവന്നിട്ടുമുണ്ട്. വികസിത രാജ്യങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ തങ്ങളുടെ രാജ്യപുരോഗതിയുടെ പ്രേരണാസ്രോതസായി കൈകാര്യം ചെയ്യുന്നത്.
എന്നാല്‍ ഭാരതത്തില്‍ വിദ്യാഭ്യാസത്തിന്റെയും കുടുംബ ജീവിതത്തിന്റെയും അടിസ്ഥാനം യോഗാധിഷ്ഠിതമായ നിലയിലേക്ക് വളരാന്‍ ഇനിയും സമയമെടുക്കും. കാരണം ഇതു സംബന്ധിച്ചുള്ള തെറ്റായ ധാരണകളാണ്. പ്രത്യേകിച്ച് മതേതര യോഗ വേണോ മതമുള്ള യോഗ വേണോ എന്നതാണ് നമ്മുടെ സംശയം.
യഥാര്‍ത്ഥത്തില്‍ ലോകവും മനുഷ്യനൊഴികെയുള്ള സകലജീവരാശികളും യോഗത്തിലാണ്. പ്രകൃതിയുടെ താളത്തിനൊത്ത് ജീവിക്കുകയും ആഘോഷിക്കുകയുമാണവര്. എന്നാല്‍ വിപരീതങ്ങളില്‍ മാത്രം ജീവിക്കുന്ന മനുഷ്യനാകട്ടെ ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മ്മകളിലും ഭാവിയെക്കുറിച്ചുള്ള ആശങ്കകളിലുമാണ് കാലം കഴിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യനെ മാത്രം യോഗയുടെ മഹത്വം ഉപദേശിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതായും വരുന്നത്. കര്‍മ്മത്തെ ഉപേക്ഷിക്കുന്നതല്ല, കൗശലത്തോടെ അത് നിര്‍വഹിക്കുന്നതാണ് യോഗ. ഇതാണ് ‘യോഗ: കര്‍മ്മസു കൗശലം ‘ എന്ന നിര്‍വചനം ഉദ്ഘോഷിക്കുന്നത്.
ഓരോ കാലഘട്ടത്തിലും യോഗ വിജ്ഞാനത്തെ പ്രചരിപ്പിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള നിരവധി പരിശ്രമങ്ങള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി പലതരത്തിലുള്ള യോഗസമ്പ്രദായങ്ങളും വളര്‍ന്നു വന്നിട്ടുണ്ട്. ഇങ്ങനെ പലതുണ്ടെങ്കിലും എല്ലാത്തിന്റെയും അടിസ്ഥാനം ജ്ഞാനയോഗവും കര്‍മ്മയോഗവുമാണ്.
അനര്ഥങ്ങളുണ്ടാക്കുന്ന സങ്കല്പങ്ങളാണ് എല്ലാ അസ്വസ്ഥതകള്‍ക്കും കാരണം. അതുകൊണ്ട് അത്തരം സങ്കല്പങ്ങളെ ഉന്മൂലനം ചെയ്യണം. വളരെ ചുരുക്കത്തില്‍ ഇതാണ് യോഗ. ഉപനിഷത്തുക്കളിലും, പതഞ്ജലി യോഗ ശാസ്ത്രത്തിലും, ബുദ്ധന്റെ ഉപദേശങ്ങളിലുമൊക്കെ വിസ്തരിച്ച് പ്രതിപാദിക്കുന്ന വിഷയമാണിത്. വേദങ്ങളുടെയുടെയും അംഗങ്ങളുടെയും പൊരുളും ഇതുതന്നെ. ആഘോഷങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ അപൂര്‍വമായി മാത്രമേ ഉയര്‍ന്നു വരാറുള്ളു.
യോഗസംസ്കാരത്തെ സഹായിക്കുന്ന ചര്യകളില്‍ ഒന്ന് മാത്രമാണ് യോഗാസനങ്ങള്‍. അനുകമ്പ, നന്ദി, പരോപകാരം, ജീവകാരുണ്യം, ശുചിത്വം, ധാര്‍മ്മികത തുടങ്ങിയ ഗുണങ്ങള്‍ നിറഞ്ഞ ‘നല്ല മനുഷ്യനെ’ സംസ്കരിച്ചെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഇതുതന്നെയാണ് യോഗ വിദ്യയുടെയും അടിസ്ഥാന സങ്കല്പം. പതഞ്ജലി മഹര്‍ഷി അഷ്ടാംഗ യോഗങ്ങളായ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാര, ധാരണാ, ധ്യാനം, സമാധി എന്നിവ വിവരിക്കുന്നിടത്ത് ഇക്കാര്യമാണ് ഊന്നി പറയുന്നത്.
ആധുനിക കാലഘട്ടത്തില്‍ മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ അസ്വസ്ഥത മനുഷ്യവിരുദ്ധമായ സാമൂഹിക സാഹചര്യമാണ്. അത് സൃഷ്ടിക്കുന്നതാവട്ടെ ജാതി, മത, രാഷ്ട്രീയ, അധികാര കേന്ദ്രങ്ങളാണ്. എന്തു കൊണ്ടാണ് മനുഷ്യന് മനുഷ്യത്വത്തിനെതിരാകുന്നതെന്ന ചോദ്യത്തിന് യോഗ ശാസ്ത്രം നല്കുന്ന മറുപടി അവിദ്യ അസ്മിത, രാഗം ദ്വേഷം, അഭിനിവേശം, എന്നിവക്ക് വശംവദരാകുന്നതിനാലാണെന്നാണ്.
”പ്രകൃതി പിടിച്ചു ചുഴറ്റിടുംപ്രകാരം
സുകൃതികള്‍ പോലുമഹോ ചുഴന്നിടുന്നു”.
എന്ന ആത്മോപദേശശതകത്തിലെ വരികള്‍ ഇതിനെ ശരിവയ്ക്കുന്നു.ലോകത്തിലെ സകല ജീവജാലങ്ങളും സ്വസ്ഥമായി കഴിയുമ്പോള്‍ മനുഷ്യന് മാത്രം അസ്വസ്ഥരാകാന്‍ കാരണമിതാണ്. ഇത് മറികടക്കാനുള്ള താത്വികവും പ്രായോഗികവുമായ പദ്ധതിയാണ് യോഗ എന്ന തിരിച്ചറിവിനാലാണ് ലോകം യോഗമാര്ഗത്തില് സഞ്ചരിക്കാന്‍ തയ്യാറാവുന്നത്.
അന്തര്‍ദേശീയ യോഗ ദിനത്തിലും, യോഗ എന്ന സമഗ്ര ജീവിത ദര്‍ശനത്തിന്റെ ചെറിയ ഭാഗം മാത്രമായ യോഗാസനങ്ങളില്‍ കേന്ദ്രീകരിക്കുന്ന രീതിയാണ് പൊതുവെ കണ്ടുവരുന്നത്. അതും ഒരു ദിവസം മാത്രം. യഥാര്‍ത്ഥത്തില്‍ ഓരോ ജീവിയും ജനനം മുതല്‍ മരണം വരെ യോഗത്തിലാണ്. ഇതുപോലെയുള്ള ഗൗരവമര്‍ഹിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞാചരിക്കുന്നിടത്താണ് യഥാര്‍ത്ഥത്തിലുള്ള യോഗയുടെ സന്ദേശം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: