ന്യൂദല്‍ഹി: മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തോല്പിക്കാനുള്ള നീക്കം പരാജയപ്പെട്ടു. മമത ബാനര്‍ജി നിര്‍ദേശിച്ച മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണഗാന്ധിയും തിങ്കളാഴ്ച താന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ ചെറുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായിരുന്നു ഗോപാല്‍ കൃഷ്ണഗാന്ധി.
നേരത്തെ മമത സ്ഥാനാര്‍ത്ഥിയാകണമെന്ന് നിര്‍ദേശിച്ച എന്‍സിപി നേതാവ് ശരത് പവാറും ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷത്തിന് എല്ലാവരും പിന്തുണയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയില്ലാതായി.
“എന്നേക്കാള്‍ മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ പുറത്തുണ്ടെന്ന് വിശ്വസിക്കുന്നു. അത്തരമൊരു മികച്ച വ്യക്തിക്ക് വേണ്ടി മറ്റുള്ളവര്‍ അവസരം ഉപോക്ഷിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു”- ഗോപാല്‍കൃഷ്ണ ഗാന്ധി പറഞ്ഞു. എന്തായാലും ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പിന്മാറ്റത്തോടെ പ്രതിപക്ഷഐക്യം വീണ്ടും ദുര്‍ബലമാണെന്ന് തെളിഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും മറ്റു രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ നിയോഗിച്ചിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയമുറപ്പിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിന്റെ നേതൃത്വത്തില്‍ 14 അംഗ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: