തിരുവനന്തപുരം: മൂന്നാമത് ലോകകേരള സഭ സമ്മേളനം അംഗീകരിച്ചത് 11 പ്രമേയങ്ങള്‍. പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ഒരു പ്രമേയം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡാറ്റാ ബാങ്ക് വിപുലീകരിക്കുന്നതിന്റെ നടപടികള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ സംരക്ഷണം, സ്ത്രീകളുടെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത, പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കല്‍, ലോകത്തെയും മനുഷ്യരേയും കൂട്ടിയിണക്കുന്നതിനുള്ള യജ്ഞത്തിന് രാജ്യം നേതൃത്വം നല്‍കേണ്ടതിന്റെ അനിവാര്യത, പുതിയ പ്രവാസി നയം തുടങ്ങിയ വിഷയങ്ങളും പ്രമേയത്തിലൂടെ അവതരിപ്പിച്ചു.
കോവിഡിനു മുമ്പും ശേഷവും വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകളുടെ അഭാവം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചു. വിദേശരാജ്യങ്ങളിലുളള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിദ്യാര്‍ത്ഥികളുടെയും കൃത്യമായ കണക്കെടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരണം. തൊഴിലാളികള്‍ക്കും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി ഐക്യരാഷ്‌ട്ര സഭ രൂപീകരിച്ച കൗണ്‍സിലില്‍ ഇന്ത്യ അംഗമാകണം. പ്രവാസി തൊഴിലാളികളുടെ കാര്യങ്ങളില്‍ നയതന്ത്രപരമായ ഇടപെടല്‍ നടത്താന്‍ ഇതുവഴി ഇന്ത്യയ്‌ക്കു കഴിയും. അതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അതു വഴി പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം.
തൊഴിലാളി തര്‍ക്കങ്ങളില്‍ ഇടപെടുന്നതില്‍ ഉദ്യോഗസ്ഥരുടെ അഭാവം പലപ്പോഴും പ്രശ്‌നങ്ങളെ കൃത്യമായി നേരിടുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ വഴിയൊരുക്കണം. എംബസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും പ്രവാസികള്‍ പ്രമേയത്തിലൂടെ ത്തവശ്യപ്പെട്ടു. സ്ത്രീ തൊഴിലാളികളുടെ കുടിയേറ്റത്തിന് നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കണം. തൊഴില്‍ കുടിയേറ്റം നിയമപരവും വിവേചനരഹിതവും സുതാര്യവുമാക്കണം. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സഭയില്‍ വെച്ച പ്രമേയത്തില്‍ ആവശ്യമുയര്‍ന്നു.
ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ടതടക്കം വിദേശ പ്രവാസികള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ലഭ്യമാക്കണം. പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള കേരളത്തില്‍ ദേശീയ കുടിയേറ്റ സമ്മേളനം നടത്താന്‍ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും സഭയില്‍ അവതരിപ്പിച്ചു. പ്രവാസി നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുകയും വിദേശ രാജ്യങ്ങളിലെ അധിക പഠനച്ചെലവ് കണക്കിലെടുത്ത് പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തില്‍ പഠിക്കാനാവശ്യമായ സാഹചര്യം ഒരുക്കണമെന്നും അതിനായി നോണ്‍ റെസിഡന്റ് കേരള യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോക കേരള സഭയില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്നും രണ്ടാം ലോക കേരള സഭ സമ്മേളനത്തിലെ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: