എസ്. ശ്രീനിവാസ് അയ്യര്‍
ഉള്ളിന്റെയുള്ളില്‍ നിന്നും ഉയരുന്ന ‘ത്വര’ യുടെ ഫലമാണ് സാഹിത്യം എന്ന സിദ്ധാന്തം അല്ലെങ്കില്‍ വിശ്വാസം ഓരോ അക്ഷരസ്നേഹിയുടെ ആത്മാവിലും പണ്ടുകാലം തൊട്ട് ആഴത്തില്‍ വേരോടിയിരുന്നു. എഴുതണമെന്ന തോന്നല്‍ അതിശക്തവും തീവ്രവുമാകുമ്പോള്‍ മാത്രം തൂലിക എടുത്ത സാഹിത്യകാരന്മാരായിരുന്നു ഉണ്ടായിരുന്നത്. ‘ആറ്റുനോറ്റുണ്ടായൊരുണ്ണി’ എന്ന ചൊല്ല് അവരുടെ മാനസിക സന്തതികളായ നോവല്‍, കഥ, കവിത, ലേഖനം എന്നിവക്കെല്ലാം നന്നേ ഇണങ്ങുന്ന വിശേഷണമായിരുന്നു. ഒരു അക്ഷരം ഒരു വാക്കായും ഒരു വാചകമായും ഒരു ഖണ്ഡികയായും ഒരു അദ്ധ്യായമായും വികസിക്കുന്നത് അദമ്യമായ ഉള്‍പ്രേരണ കൊണ്ടായിരിക്കും എന്ന് വായനക്കാരന് ധരിച്ചിരുന്നു.
സാഹിത്യം ‘സ്വയമേവാഗതം’ ആവണം എന്നായിരുന്നു, ഏവരുടേയും ബോധ്യം. ചില പ്രധാനപ്പെട്ട എഴുത്തുകാരുടെ സ്വന്തം ശില്പശാലകളെക്കുറിച്ചുള്ള, തന്റെ എഴുത്തുവഴികളെക്കുറിച്ചുള്ള സത്യസന്ധമായ കഥനങ്ങള്‍ വായനക്കാരെ ഈ വിശ്വാസത്തിന്റെ ആരൂഢത്തില്‍ ഉറപ്പിച്ചു. പാറ്റിപ്പെറുക്കിയും ചേറ്റിക്കൊഴിച്ചും ഭാവുകത്വത്തിന്റെ മൂശയിലിട്ട് ഉരുക്കിയുമാണ് സൃഷ്ടികര്‍മ്മത്തെ അന്ന് പൂര്‍ണതയിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോയത്. അങ്ങനെ സാഹിത്യം സമുജ്ജ്വലമായ, അതിരില്ലാത്ത ഒരു സര്ഗകര്മ്മമായി; സാഹിത്യകാരന് പ്രജാപതിയുമായി…
വല്ലതും ഒന്ന് ‘കുത്തിക്കുറിച്ച് ‘ പുസ്തകമാക്കിയാല്‍ തന്നെ നിരവധി ആശങ്കകളാണ് മുന്‍കാലത്തെ എഴുത്തുകാരന് നേരിട്ടിരുന്നത്. ആനുകാലികങ്ങളില്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കുവാനുള്ള ഭാഗ്യം എല്ലാവര്ക്കും ലഭിച്ചുവെന്ന് വരില്ല. നല്ലൊരു പ്രസാധകനെ കിട്ടുക എന്നത് അങ്ങേയറ്റത്തെ വെല്ലുവിളിയായിരുന്നു. അങ്ങനെ വെളിച്ചം കണ്ടാലും കുറ്റമറ്റ രീതിയില്‍ വിതരണം നടത്തി വായനക്കാരുടെ മുന്നിലെത്തിക്കുക എന്നത് ഭഗീരഥപ്രയത്നം തന്നെയായിരുന്നു.
സൈബര്‍യുഗം പിറന്നതോടെ സാഹിത്യത്തിന്റെ സകലദിവ്യത്വവും മനപ്പൂര്‍വമായിത്തന്നെ ബാഷ്പീകരിക്കപ്പെട്ടു. ‘നവമാധ്യമങ്ങള്‍’ രാജ്യം ഭരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോള്‍ കടന്നുപോകുന്നത്. സാഹിത്യത്തെ ഒരു ഉത്പന്നമായി കാണാന്‍ ജനകീയത ഏവരേയും പ്രേരിപ്പിക്കുകയാണ്.
വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? കൊച്ചുകുട്ടിപോലും സത്യം മനസ്സിലാക്കും. പേനയുള്ളവനും അക്ഷരം അറിയുന്നവനും അതുകൊണ്ട് എഴുത്തുകാരനുമാവില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അങ്ങനെയാവുമെങ്കില് ശ്രീസരസ്വതിയുടെ കൈയ്യിലെ ‘കച്ഛപി’ എന്ന വീണ നമ്മുടെ ഫാക്ടറികളില്‍ നിര്മ്മിക്കാമായിരുന്നു! അതിനാല്‍ എഴുത്തും വായനയുമറിയുന്നവരെല്ലാം സര്ഗസാഹിത്യകാരന്മാരാവുക എന്നത് ‘നടക്കാത്ത മനോഹരമായ സ്വപ്നമാണ്’.
എന്തെഴുതിയാലും വായനക്കാരന് വേണമല്ലോ! വായനക്കാരില്ലാത്ത പുസ്തകം ‘അനാഘ്രാത കുസുമം ‘ എന്ന സങ്കല്പവും മാറിമറിഞ്ഞിരിക്കുന്നു. എഴുത്തുകാര്‍ വളരെ, വായനക്കാര്‍ തീരെക്കുറവും. അനുപാതം പാടേ തെറ്റിക്കഴിഞ്ഞു. വായനയിലൂടെ Flat Book, Deep Book എന്നിങ്ങനെ പുസ്തകങ്ങളെ തരംതിരിക്കുകയും നല്ല പുസ്തകങ്ങളെ നെഞ്ചിലേറ്റുകയും സഹപ്രവര്‍ത്തകരോടും കൂട്ടുകാരോടും ഗൃഹ സദസ്സുകളിലും അവയെ കൊണ്ടാടുകയും ചെയ്യുന്ന വായനക്കാര്‍ ഇന്ന് ഏതാണ്ട് അന്യം വന്നു കഴിഞ്ഞു.
പാചകക്കുറിപ്പ്, ഹിമാലയന്‍ യാത്രാവിവരണം, കവിതകള്‍, കഥ, നോവല്‍, ഇംഗ്ലീഷ് പരിശീലന പുസ്തകങ്ങള്‍, യോഗ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍, എങ്ങനെ ജീവിതത്തില്‍ വിജയിക്കാം എന്നതിനുള്ള കുറുക്കുവഴികള്‍, പ്രസംഗ പരിശീലനം എന്നിങ്ങനെയുള്ള വിഭവങ്ങള്‍, ശീര്‍ഷകങ്ങള്‍ ദിവസവും എഴുതപ്പെടുകയാണ്. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിക്കും മുന്‍പ് ഒരു പുസ്തകം എങ്കിലും പ്രസിദ്ധീകരിക്കണം എന്നത് ശക്തമായ പകര്‍ച്ചവ്യാധിയായിരിക്കുന്നു.
സാഹചര്യം വിലയിരുത്തിക്കൊണ്ട് പുതിയ കരുക്കളുമായി മുന്നോട്ടുവന്നിരിക്കുകയാണ് പ്രസാധകര്. ഇന്ന് നമ്മുടെ നാട്ടില്‍ വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്തുകാരാണ്; എഴുത്തുകാരെക്കാള്‍ കൂടുതല്‍ പ്രസാധകരും. ഒരു പുതിയ പുസ്തകം പ്രസിദ്ധീകരിച്ച് വീട്ടിലും നാട്ടിലും യോഗ്യത വളര്‍ത്താന്‍ പുറപ്പെടുന്ന ‘മേനിക്കണ്ടപ്പന്മാരാണ്’ പ്രസാധകരുടെ പ്രധാന ഇര. തന്റെ കൈയൊപ്പ് ചാര്‍ത്തി പുസ്തകം സമ്മാനിച്ച് ഞെളിയുക എന്നത് എഴുത്തുകാര്‍ക്ക് ഇന്ന് ഒരു ഹോബിയാണ്. ടീപ്പോയില്‍ വിശ്രമിക്കുന്ന ആ പുസ്തകം വിരല്‍സ്പര്‍ശം പോലും ഏല്ക്കാതെ പിന്നീട് അട്ടത്തോ, തട്ടിന്‍പുറത്തോ മാസം തോറും വര്‍ത്തമാനപ്പത്രം ശേഖരിക്കാനെത്തുന്ന ആക്രി വ്യാപാരിയുടെ ചാക്കിനുള്ളിലോ അന്ത്യവിശ്രമം കൊള്ളുകയായി. ഒരു പ്രയോജനവുമില്ലാത്ത വെറും പാഴ്വേലയായി അങ്ങനെ പല ‘നവജാതപുസ്തകങ്ങളും’ ചരിത്രത്തില്‍ മണ്ണടിയുകയാണ്…
നല്ല വായനക്കാരന് ഇപ്പോഴും മൃഗീയ ന്യൂനപക്ഷം തന്നെയായി തുടരുന്നു. വായന ഒരു വഴിപാടല്ല. അത് മഹത്തായ ഒരു സംവേദനമാണ്. ഇന്നതെല്ലാം കെട്ടുകഥയായിക്കഴിഞ്ഞു. ഇങ്ങനെ പോയാല്‍ വായനയുടെ വാതായനങ്ങള്‍ എന്നന്നത്തേക്കുമായി കൊട്ടിയടയ്ക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: