വഡോധര: പാവഗഢ് കുന്നിന്‍പുറത്തു പുനര്‍നിര്‍മിച്ച ശ്രീ കാളികാ മാതാ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു. തീര്‍ഥാടകരെ ഏറെ ആകര്‍ഷിക്കുന്ന ഈ ക്ഷേത്രം പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്. രണ്ടു ഘട്ടങ്ങളിലായാണു ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം നടന്നത്. പുനര്‍നിര്‍മാണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഈ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. ഇന്ന് ഉദ്ഘാടനംചെയ്ത രണ്ടാം ഘട്ടത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ 2017ലാണു പ്രധാനമന്ത്രി നിര്‍വഹിച്ചത്. ഇതില്‍ ക്ഷേത്രത്തിന്റെ അടിത്തറയും മൂന്നുതലങ്ങളിലായി ‘പരിസരവും’ വിപുലീകരിച്ചു. തെരുവുവിളക്കുകള്‍, സിസിടിവി സംവിധാനം തുടങ്ങിയ സൗകര്യങ്ങളും സ്ഥാപിച്ചു.
ക്ഷേത്രത്തിലെത്താനുള്ള ഭാഗ്യം തനിക്കു തന്നതിനു പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. അഞ്ചുനൂറ്റാണ്ടിനുശേഷവും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനു ശേഷവും ക്ഷേത്രത്തില്‍ ‘ധ്വജ’ പവിത്ര പതാക ഉയര്‍ത്തിയ നിമിഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ‘നൂറ്റാണ്ടുകള്‍ക്കുശേഷം പാവഗഢ് ക്ഷേത്രത്തിനു മുകളില്‍ ഇന്നു വീണ്ടും പതാക ഉയരുകയാണ്. ഈ ‘ശിഖരധ്വജ’ പതാക നമ്മുടെ വിശ്വാസത്തിന്റെയും ആത്മീയതയുടെയും പ്രതീകം മാത്രമല്ല. നൂറ്റാണ്ടുകള്‍ മാറും, യുഗങ്ങള്‍ മാറും, എന്നാല്‍ വിശ്വാസം ശാശ്വതമായി നിലനില്ക്കും എന്നതിന്റെ പ്രതീകം കൂടിയാണ്’ അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ‘ഗുപ്ത നവരാത്രി’ക്ക് തൊട്ടുമുമ്പുള്ള ഈ പുനര്‍നിര്‍മാണം ‘ശക്തി’ ഒരിക്കലും മങ്ങുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നില്ല എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം, കാശി വിശ്വനാഥ് ധാം, കേദാര്‍ധാം എന്നിവയെ പരാമര്‍ശിച്ചു പ്രധാനമന്ത്രി തുടര്‍ന്നു, ‘ഇന്ന് ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ മഹത്വം പുനഃസ്ഥാപിക്കപ്പെടുകയാണ്. ഇന്ന്, നവഭാരതം അതിന്റെ നൂതന വികസനസ്വപ്നങ്ങള്‍ക്കൊപ്പം പുരാതനസ്വത്വത്തിലും അഭിമാനത്തോടെ ജീവിക്കുകയാണ്. വിശ്വാസകേന്ദ്രങ്ങള്ക്കൊപ്പം നമ്മുടെ പുരോഗതിയുടെ പുതിയ സാധ്യതകളും ഉയര്‍ന്നുവരുന്നു. പാവഗഢിലെ ഈ മഹാക്ഷേത്രം ആ യാത്രയുടെ ഭാഗമാണ്. ഈ ക്ഷേത്രം ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്നിവയുടെ പ്രതീകമാണ്’.
കാളി മാതാവിന്റെ അനുഗ്രഹം ലഭിച്ചശേഷം സ്വാമി വിവേകാനന്ദന് പൊതുസേവനത്തിനായി സ്വയം സമര്പ്പിച്ചതെങ്ങനെയെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ജനങ്ങളെ സേവിക്കാന്‍ ശക്തി നല്‍കണമെന്ന് ഇന്നു ദേവിയോട് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ‘അമ്മേ, കൂടുതല്‍ ഊര്‍ജത്തോടും ത്യാഗത്തോടും സമര്‍പ്പണത്തോടും കൂടി ജനസേവകനായി രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതു തുടരാന്‍ എന്നെ അനുഗ്രഹിക്കണേ. എനിക്ക് എന്തു ശക്തിയുണ്ടെങ്കിലും, എന്റെ ജീവിതത്തില്‍ എന്തു ഗുണങ്ങളുണ്ടെങ്കിലും, അതു രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ക്ഷേമത്തിനായി എനിക്കു തുടര്‍ന്നും സമര്‍പ്പിക്കാനാകണം.’ ശ്രീ മോദി പ്രാര്‍ത്ഥിച്ചു.
സ്വാതന്ത്ര്യസമരത്തിലും രാജ്യത്തിന്റെ വികസനയാത്രയിലും ഗുജറാത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പര്യായമാണു ഗര്‍വി ഗുജറാത്തെന്നും അദ്ദേഹം പറഞ്ഞു. സോമനാഥ ക്ഷേത്രത്തിന്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പഞ്ചമഹലും പാവഗഢും നമ്മുടെ പൈതൃകത്തിന്റെ അഭിമാനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നു പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി ധ്വജമുയര്‍ത്തി കാളിമാതാവു തന്റെ ഭക്തര്‍ക്ക് ഏറ്റവും വലിയ സമ്മാനം നല്കി അനുഗ്രഹിച്ചിരിക്കുന്നു. പുനരുദ്ധാരണത്തില്‍, ക്ഷേത്രത്തിന്റെ പുരാതന സത്തയ്ക്കു മാറ്റം വരുത്തിയിട്ടില്ല അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം സുഗമമായതിനെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘നേരത്തെ പാവഗഢിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും അമ്മയെ ദര്‍ശിക്കണമെന്നു ജനങ്ങള്‍ പറയുമായിരുന്നു. ഇന്ന്, ഇവിടത്തെ വര്‍ധിച്ച സൗകര്യങ്ങള്‍ ദുഷ്കരമായ ദര്‍ശനം പ്രാപ്തമാക്കിയിരിക്കുന്നു’ അദ്ദേഹം പറഞ്ഞു. ഭക്തരോട് അച്ചടക്കം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘പാവഗഢില്‍ ആത്മീയതയുണ്ട്. ചരിത്രവും പ്രകൃതിയും കലയും സംസ്കാരവുമുണ്ട്. ഇവിടെ ഒരു വശത്ത് മഹാകാളിമാതാവിന്റെ ശക്തിപീഠവും മറുവശത്തു പരമ്പരാഗത ജൈനക്ഷേത്രവുമുണ്ട്. അതായത്, പാവഗഢ് ഒരുതരത്തില്‍ ഇന്ത്യയുടെ ചരിത്രപരമായ വൈവിധ്യത്തിനൊപ്പം സാര്വത്രികമൈത്രിയുടെ കേന്ദ്രവുമാണ്’ പ്രധാനമന്ത്രി പറഞ്ഞു. മാതാവിന്റെ വിവിധ ക്ഷേത്രങ്ങള്‍ പരാമര്‍ശിച്ച്, അമ്മയുടെ അനുഗ്രഹത്തിന്റെ സുരക്ഷാവലയം ഗുജറാത്തിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശ്വാസകേന്ദ്രങ്ങളുടെ വികസനത്തിനൊപ്പം വിനോദസഞ്ചാരം, തൊഴില്‍ എന്നിവയില്‍ പുതിയ അവസരങ്ങള്‍ വര്‍ധിക്കുന്നതായും മേഖലയിലെ കലയെയും കരകൗശലത്തെയും കുറിച്ചുള്ള അവബോധം വര്‍ധിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിഹാസ സംഗീതജ്ഞന് ബൈജു ബവാരയുടെ നാടാണു പഞ്ചമഹല് എന്നു സൂചിപ്പിച്ച്, പൈതൃകവും സംസ്കാരവും ശക്തിപ്പെടുന്നിടത്തെല്ലാം കലയും പ്രതിഭയും വളരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 2006ല്‍ ചാമ്പാനേറില് നിന്നാണു ‘ജ്യോതിര്‍ഗ്രാം’ പദ്ധതി ആരംഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: