ഹൈദരാബാദ് : അഗ്നിപഥിനെതിരെ സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. സൈന്യത്തില്‍ ചേരാന്‍ താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്ന സെന്ററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളെയാണ് പിടിയിയിലായത്. ആന്ധ്ര പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് കൈമാറും.
അഗ്നിപഥിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തില്‍ ചേരാന്‍ പരീക്ഷയെഴുതി റിക്രൂട്മെന്റിനായി കാത്തിരിക്കുന്നവരോട് ഇനി നിയമനം നടത്തില്ലെന്നും ഇതിനെതിരെ പ്രതിഷേധിക്കാനും സുബ്ബറാവു വാട്സ്ആപ്പിലൂടെ ആഹ്വാനം ചെയ്തതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. അവകാശപ്പെട്ട ജോലി ലഭിക്കാനായി പ്രതിഷേധിക്കണമെന്നായിരുന്നു വാട്ട്സാപ്പിലൂടെ നിര്‍ദ്ദേശം. ഇതോടെ യുവാക്കള്‍ സംഘടിച്ച് സെക്കന്തരാബാദ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീവെയ്ക്കുകയുമായിരുന്നു.
സ്റ്റേഷനിലെ പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചു. മൂന്ന് ട്രെയിനുകള്‍ കത്തി നശിച്ചതടക്കം 20 കോടിയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ആക്രമണം രൂക്ഷമായതോടെ പോലീസ് വെടിയുതിര്‍ക്കുകയും ഒരാള്‍ കാല്ലപ്പെടുകയും ചെയ്തിരുന്നു. വാറങ്കല്‍ സ്വദേശി രാകേഷാണ് മരിച്ചത്. അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് പിന്നില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണമെന്നും തെലങ്കാന ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: