ന്യൂദല്‍ഹി: കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് കേന്ദ്ര പോലീസ് സേനകളിള്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 10 ശതമാനമാണ് കേന്ദ്ര അര്‍ഥസൈനിക വിഭാഗങ്ങളില്‍ ഇവര്‍ക്ക് സംവരണം ലഭിക്കുക. സൈന്യത്തിന്റെ ഭാഗമായ അസം റൈഫിള്‍സിലും ഈ ആനുകൂല്യം ലഭ്യമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
നാലുവര്‍ഷം അഗ്നിവീര്‍ സൈനികനായി സേവന ശേഷം പുറത്തിറങ്ങുന്നവര്‍ക്ക് മൂന്നു വര്‍ഷം പ്രായപരിധിയിലും ആനുകൂല്യം ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ തസ്തികകളില്‍ അഗ്നിവീരന്മാര്ക്ക് പരിഗണന ലഭിക്കുമെന്ന് അറിയിച്ചിരുന്നു. യുപിഎസിയിലും മറ്റും കൂടതല്‍ പരിഗണ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ യുവാക്കള്‍ക്ക് സായുധ സേനയില്‍ ചേരാനും അവരുടെ മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് അഗ്നിപഥ് പദ്ധതിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം 2022ലെ റിക്രൂട്ട്മെന്റ് പരിപാടിയില്‍ ‘അഗ്നിവീര്‍’കളുടെ റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി 21 വയസ്സില്‍ നിന്ന് 23 വയസ്സായി ഉയര്‍ത്തിയതായി രാജ്നാഥ് സിംഗ് പ്രസ്താവിച്ചു.
സര്‍ക്കാരിന് നമ്മുടെ യുവാക്കളുടെ മേല്‍ കരുതല്‍ ഉണ്ടെന്നാണ് പ്രായപരിധിയിലെ ഇളവ് സൂചിപ്പിക്കുന്നത്. സൈനിക കാര്യ വകുപ്പ്, പ്രതിരോധ സേവന മന്ത്രാലയം, എന്നിവ റിക്രൂട്ട്മെന്റ് നടപടികള്‍ എത്രയും വേഗം ആരംഭിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. അഗ്നിപഥിലൂടെ സായുധ സേനയില്‍ ചേരാനും രാജ്യത്തെ സേവിക്കാനും അദ്ദേഹം യുവാക്കളെ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: