കലാസാഹിത്യ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ ചായ്വുകളും രാഷ്ട്രീയ നിലപാടുകളുമൊക്കെയുണ്ടാകാം. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും അതിന്റെ നേതാക്കളുടേയും കാല്ക്കീഴില് ചുരുണ്ടുകിടക്കാന്‍ ഒരു കലാസാഹിത്യ സംഘടന തയ്യാറായാല്‍ അത് പരിതാപകരമാണ്. തങ്ങളുടെ യജമാനനെ വിമര്‍ശിച്ച കലാകാരനെ പടിയടച്ചു പിണ്ഡം വയ്ക്കാനുള്ള പുരോഗമന കലാസാഹിത്യ സംഘത്തിന്റെ തീരുമാനം ലജ്ജാകരമാണ്. ഉന്നതശീര്‍ഷരായ നിരവധി എഴുത്തുകാരും കലാകാരന്മാരും ഒരുകാലത്ത് നേതൃത്വം നല്കിയ ഒരു സാംസ്കാരിക പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയോര്‍ത്ത് അനേകം പേര് പരിതപിക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയുന്നു.
നാടകപ്രവര്‍ത്തകന്‍ എ. ശാന്തകുമാറിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് നടന്നുവരുന്ന ശാന്തനോര്‍മ്മ എന്ന പരിപാടി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് പ്രമുഖ നടന് ഹരീഷ് പേരടിയായിരുന്നു. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹത്തെ ഒഴിവാക്കിയതായി സംഘാടകര്‍ അറിയിച്ചു. ഈ സംഭവം ഹരീഷ് തന്നെ പുറത്തുപറഞ്ഞതോടെ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വിവാദമായി.
പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ ആ സംഘടനയുടെ മാതൃസംഘടനയുടെ നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചു എന്ന കാരണത്താലാണ് ഹരീഷ് പേരടിയെ പരിപാടിയില്‍ നിന്നൊഴിവാക്കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്കിയ മൊഴിയെ തുടര്‍ന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തേയും നിലപാടിനേയുമാണ് ഹരീഷ് വിമര്‍ശിച്ചത്. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ചതു കൊണ്ടാണ് ശാന്തന് അനുസ്മരണ പരിപാടിയില്‍ നിന്ന് ഹരീഷിനെ ഒഴിവാക്കിയതെന്ന് പുകസ കോഴിക്കോട് ജില്ല സെക്രട്ടറി യു. മഹേന്ദ്രകുമാര്‍ വിശദീകരിച്ചിട്ടുമുണ്ട്.
പുകസ നേതാക്കളുടെ ക്ഷണമനുസരിച്ച് എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വഴിയാണ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയെന്ന പുകസക്കാരുടെ ഫോണ്‍ സന്ദേശം ഹരീഷിന് ലഭിക്കുന്നത്. വിലക്കിനെ കുറിച്ച് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. തന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ശാന്തനെ അഭിസംബോധന ചെയ്യുന്ന രീതിയിലായിരുന്നു ഹരീഷിന്റെ പോസ്റ്റ്. ഉള്ളില്‍ തട്ടിയുള്ള വൈകാരികതയോടെയുള്ള ആ പോസ്റ്റ് ഇങ്ങനെയാണ്:
”ശാന്താ, ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പുകസയുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു. ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
പാതിവഴിയില്‍ വച്ച് സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന് സ്നേഹം പൊതിഞ്ഞ വാക്കുകളില്‍ … നിന്റെ ഓര്‍മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും.
അതുകൊണ്ട് ഞാന്‍ മാറി നിന്നു, ഇത് ആരേയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം… പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ… ‘ദാമേട്ടാ, സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം’- നാടകം-പെരുംകൊല്ലന്‍..”
വിവാദത്തെ കുറിച്ച് പുകസ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിശദീകരണത്തിന് പിന്നാലെ ഇന്നലെ തന്നെ പുകസയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന് ചരുവിലിന്റെ വിശദീകരണവും വന്നു. വിദേശത്ത് ഇരുന്നുകൊണ്ട് ഫെയ്സ് ബുക്കിലൂടെയായിരുന്നു വിശദീകരണക്കുറിപ്പ്.
പുകസ രൂപം കൊണ്ട ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും ഇന്ന് ആ സംഘടന പ്രവര്‍ത്തിക്കുന്നത് സാമ്രാജ്യത്വത്തിന്റെ ശിങ്കിടിയായി നിന്ന് ആര്‍എസ്എസ് ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളികളെ നേരിടാനാണെന്നുമൊക്കെ പറഞ്ഞുകൊണ്ടുള്ളതാണ് ഈ കുറിപ്പ്. അശോകന് തുടര്‍ന്നു പറയുന്നത് ഇതാണ്;
”ജനവിരുദ്ധമായി തീര്‍ന്ന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ജനകീയ ബദല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഈ ജനകീയ സര്‍ക്കാര്‍ രാജ്യം മുഴുവനുമുള്ള ജനാധിപത്യവാദികളുടേയും അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടേയും വലിയ പ്രതീക്ഷയാണ്. അതുപോലെ തന്നെ വര്‍ഗീയ ഭീകര കേന്ദ്രഭരണകൂടത്തിന്റെ കണ്ണിലെ കരടുമാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരിനൊപ്പം പുകസ ഇപ്പോള്‍ നിലയുറപ്പിക്കുന്നു.”
പിണറായി വിജയനെതിരായ വേട്ട ആര്‍എസ്എസ് സംവിധാനം ചെയ്യുന്നതാണെന്നും അത്തരം നീക്കങ്ങളെ ന്യായീകരിക്കുന്നവരുമായി സഹകരിക്കാന്‍ പുകസക്ക് തല്ക്കാലം നിവൃത്തിയില്ലെന്നും അറിയിച്ചുകൊണ്ടാണ് ചരുവിലിന്റെ കുറിപ്പ് അവസാനിക്കുന്നത്. അതായത്, പിണറായിയുടെ ദുര്‍നടപടികളേയും അഴിമതിയേയുമൊക്കെ വിമര്‍ശിച്ചുകൊണ്ട് ഹരീഷിന്റേതായി വരുന്ന പോസ്റ്റുകള്‍ ആര്‍എസ്എസ് കാപ്സ്യൂളുകളാണെന്ന് ചുരുക്കം! കാപ്സ്യൂളുകള്‍ കഴിച്ച് കഴിച്ച് ഒരു പരുവമായ ചരുവില്‍ ഇങ്ങനെ എഴുതിയില്ലെങ്കിലേ അത്ഭുതമുള്ളു. പിണറായിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരൊക്കെ ആര്‍എസ്എസാണെന്ന കണ്ടുപിടിത്തം ഏതായാലും ആര്‍എസ്എസിന് ഗുണകരമാവും. ശാന്തന് അനുസ്മരണ പരിപാടിയുടെ കാര്യപരിപാടികള്‍ അറിഞ്ഞ ചില സൈബര്‍ സഖാക്കള്‍, മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഹരീഷ് പേരടിയെ ഉദ്ഘാടകനാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വളരെ മോശമായി പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുകസ ജില്ലാ നേതൃത്വം ഉദ്ഘാടകനെ മാറ്റാന്‍ തീരുമാനിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ കേരള സംഗീതനാടക അക്കാദമി ചെയര്മാന് സ്ഥാനത്ത് ഗായകന് എം.ജി. ശ്രീകുമാറിനെ പരിഗണിച്ച വിവരം എങ്ങനെയോ അറിഞ്ഞ സൈബര്‍ സഖാക്കള്‍ അദ്ദേഹത്തിന് സംഘിപട്ടം ചാര്‍ത്തിക്കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ ആടിത്തിമിര്‍ത്ത് തീരുമാനം മാറ്റിച്ചത് ഈയിടെയാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: