തിരുവനന്തപുരം: ലോകകേരളസഭയിലെ ഓപ്പണ്‍ ഫോറത്തില്‍ ഡോ.എം.എ. യൂസഫലിയെ കാണാന്‍ എബിന് വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും ഓപ്പണ്‍ ഫോറത്തിനു മുന്നില്‍ എബിന് പ്രതീക്ഷയോടെ കാത്തുനിന്നു. ഒടുവില്‍ സദസ്സില്‍ തിങ്ങിനിറഞ്ഞ ചോദ്യകര്‍ത്താക്കളില്‍ നിന്നും എബിന്റെ നേരെ ഡോ.യൂസഫലി കൈനീട്ടി ആ ആവശ്യം ഏറ്റുവാങ്ങുകയായിരുന്നു, ഒരു നിയോഗം പോലെ.
നിമിഷങ്ങള്‍ക്കുള്ളില്‍ കടലിനക്കരെ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയില്‍ നിന്നു തന്നെ യുസഫലിയുടെ ഫോണ്‍ കോള്‍ ചെന്നു. താങ്ങാനാവാത്ത ആ നോവ് ഏറ്റെടുത്ത ആ നിമിഷത്തെ സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു.
എബിന്റെ അച്ഛന് ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോര്‍ച്ചറിയാലണ്. അപകടത്തില്‍ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണം. അതായിരുന്നു പൊതുവേദിയില്‍ എബിന് ഡോ.യുസഫലിക്കു മുന്നില്‍ വച്ച ആവശ്യം.
ചോദ്യം കേട്ടമാത്രയില്‍ സൗദിയില്‍ വിളിക്കാന്‍ നിര്‍ദ്ദേശിച്ച യൂസഫലി ഉടന്‍ ആ ഖമീസ് മുഷൈത്ത് ആശുപത്രിയുമായി ബന്ധപ്പെട്ട് വിഷയം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്കി. മുന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാണ് അദ്ദേഹം സൗദിയിലെ ഓഫീസിനോട് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായ എബിന് ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസം അച്ഛന്റെ ഒരു സുഹൃത്താണ് അപകടവിവരം അറിയിച്ചത്.
ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്സില്‍ ബന്ധപ്പെടുകയും അപേക്ഷ നല്‍കുകയും ചെയ്തു. അതിനു ശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട് സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഫോണ്‍ വന്നിരുന്നു. അങ്ങനെ ആരുമില്ലാത്തതാണ് എബിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിത്. അച്ഛന് അകാലത്തില്‍ വിടവാങ്ങിയതിനൊപ്പം മൃതദേഹം പോലും നാട്ടിലെത്തിക്കാന്‍ സാധിക്കുന്നില്ല വേദന യുസഫലിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സുഹൃത്ത് സജീറാണ് ഉപദേശിച്ചതെന്ന് എബിന് പറയുന്നു.
സൗദിയില്‍ ടൈല്‍ പണി ചെയ്യുന്ന ബാബു 11 വര്‍ഷമായി സൗദിയിലാണ്. മൂന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്. ഉഷയാണ് എബിന്റെ അമ്മ. പ്ലസ് ടു വിദ്യാര്‍ഥിയായ വിപിന്‍ സഹോദരനാണ്.
ഓപ്പണ്‍ ഫോറത്തില്‍ വിദ്യാര്‍ഥികളും പ്രവാസികളുമടക്കം വലിയ സദസ്സാണ് പങ്കെടുത്തത്. പുതിയ തലമുറക്കു മുന്നില്‍ പ്രസംഗിക്കാനല്ല അവരുമായി സംവദിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അറിയിച്ച യൂസഫലി കുറഞ്ഞ വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ച ശേഷം സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു. തന്റെ ആവശ്യം വേദിയില്‍ തന്നെ യൂസഫലിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ അങ്ങനെയാണ് എബിന് അവസരമൊരുങ്ങിയത്.
യൂസഫലിയുമായി സംവദിക്കാന്‍ ലഭിച്ച അവസരം സദസ്സ് ആവേശത്തോടെയാണ് ഏറ്റെടുത്തത്. നോര്‍ക്ക റൂട്ട്സിന്റെ വൈസ് ചെയര്മാന് കൂടിയായ അദ്ദേഹത്തോടെ പ്രവാസികള്‍ പുനരധിവാസമടക്കമുള്ള നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു ചോദ്യങ്ങള്‍ സശ്രദ്ധം കേട്ട് അദ്ദേഹം തൃപ്തികരമായ മറുപടികള്‍ നല്കി.
നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളും മറ്റു സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ മുന്നോട്ടു വരണമെന്ന്്അദ്ദേഹം അഭ്യര്‍ഥിച്ചു.
ലോകകേരള സഭയിലെ തന്റെ അടുത്ത വേദിയിലേക്ക് നീങ്ങാന്‍ സമയമാകുന്നതു വരെയും സദസ്സുമായി സംവദിച്ചഅദ്ദേഹത്തെ നിറഞ്ഞ സ്നേഹവായ്പ്പോടെയാണ് പ്രവാസികള്‍ യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: