തിരുവനന്തപുരം : ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദ്ദേശ പ്രകാരമാണ് നടപടി. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടി. പാലം നിര്‍മാണത്തിലിരിക്കേ തകര്‍ന്നതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ പേരിന് നടപടി സ്വീകരിച്ചിരിക്കുന്നത്.
പാലം നിര്‍മാണത്തിലിരിക്കേ തകര്‍ന്നതോടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തകര്‍ച്ചയുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിയിരിക്കുന്നത്. അതേസമയം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊപ്പം പാലത്തിന്റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുത്. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങള്‍ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിര്‍ദേശിച്ചു.
പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പിഡബ്ല്യൂഡി വിജിലന്‍സ് ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ കുറച്ചുകൂടി വ്യക്തത വരുത്തേണ്ടതുകൊണ്ടാണ് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ എം.അന്‍സാര്‍ ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരിച്ചയച്ചതെന്ന് മന്ത്രി പ്രതികരിച്ചു. പാലം നിര്‍മാണത്തിന്റെ ടെക്നിക്കല്‍, മാന്വല്‍ വശങ്ങള് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും പരിശോധിച്ച് വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് പിഡബ്ല്യൂഡി വിജിലന്‍സിനോട് ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ മെയ് 16 നായിരുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ എഞ്ചിനീയേഴ്സ് അസോസിയേഷന്റെ കലാകായിക മേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: