ജെ.സോമശേഖരന്‍ പിള്ള
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ചില ശക്തികള്‍ മുന്നോട്ടുവരുന്നത് വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്. ഈ പ്രതിഷേധത്തിന്റെ അടിസ്ഥാനം തങ്ങള്‍ കുത്തകയാക്കി വച്ചിരിക്കുന്ന മേഖലയിലേക്ക് മറ്റിടങ്ങളില്‍ നിന്നും അര്‍ഹരായവര്‍ കടന്നുവരുമോ എന്ന ഭയമാണെന്നതില് സംശയമില്ല. സംശയാലുക്കളായവരെ ഇളക്കിവിടാന്‍ തയ്യാറെടുത്തു നില്ക്കുന്ന വിധ്വംസക ശക്തികളുടെ കയ്യില്‍ അവര്‍ പാവകളെപ്പോലെയായിത്തീരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇതേപോലെയാണ് ഒന്നര വര്‍ഷം കൊണ്ട് കേന്ദ്ര സര്‍വ്വീസില്‍ നിലവിലുള്ള ഒഴിവുകളുള്‍പ്പെടെ പത്തുലക്ഷം പേരെ നിയമിക്കാനെടുത്ത തീരുമാനത്തോടും അത്തരം കോണുകളില്‍ നിന്നുണ്ടായ വിമര്‍ശനം. സുസ്ഥിരമായ ജീവിത സൗകര്യങ്ങള്‍ യോഗ്യരായ പൗരന്മാര്ക്ക് നല്കുന്നു എന്നത് വെറും തെരഞ്ഞെടുപ്പ് തന്ത്രമായി മാത്രം കാണുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തില്‍ അത്തരം തീരുമാനമെടുക്കുന്നത് യുക്തിസഹമായിട്ടാണെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നവര്‍ക്ക് മനസ്സിലാവും. കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ മലയാളികളുടെ പ്രാതിനിധ്യം കുറഞ്ഞുവരുന്നത് മനസ്സിലാക്കി അവരെ യോഗ്യരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചാല്‍ കേരളത്തിനും അതിന്റെ പ്രയോജനം ലഭിക്കും. മലയാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ താല്‍പ്പര്യമുള്ളവരുടെ ശ്രദ്ധ അക്കാര്യത്തിലുണ്ടാകണം.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പല നല്ല പദ്ധതികള്‍ക്കുമെതിരെ രാഷ്ട്രീയ വിരോധത്താലോ മറ്റു സങ്കുചിത ചിന്തയാലോ നടത്തുന്ന പ്രതിഷേധങ്ങള്‍ കാരണം അര്‍ഹര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇത് പ്രതിഷേധിക്കുന്നവര്‍ കാണുന്നില്ല. അയല്‍ രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സാധാരണക്കാരായ മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ പരത്തി രാജ്യത്ത് കലാപമുണ്ടാക്കാനുള്ള കളമൊരുക്കി. കാര്‍ഷിക നിയമങ്ങള്‍ ഇടനിലക്കാരില്‍ നിന്നും സാധാരണ കര്‍ഷകനെ മോചിപ്പിക്കാനുള്ള ലക്ഷ്യത്തോടെ കൊണ്ടുവന്നതായിരുന്നു. നിയമം വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് വിദേശ സഹായത്താല്‍ കലാപം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ലക്ഷ്യബോധമുള്ള സര്‍ക്കാരായതിനാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ ഇത്തരം ഹീന പ്രവൃത്തികളെ തടയുന്നു എന്നതാണ് ആശ്വാസം.
നൂതനമായ പദ്ധതികളിലൂടെ മുന്നേറുന്ന സര്‍ക്കാരിന്റെ ലക്ഷ്യമെന്താണെന്ന് താഴെത്തട്ടിലുള്ള ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ വ്യാജപ്രചാരണങ്ങളിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന വിധ്വംസക ശക്തികളുടെ ഗൂഢശ്രമത്തെ ജനങ്ങള്‍ തന്നെ പരാജയപ്പെടുത്തുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: