ഇരിട്ടി: വെള്ളമില്ലാത്തതു മൂലം പ്രഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാനാവാതെ ഒരാഴ്ചയായി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കിടത്തിച്ചികിത്സാ വിഭാഗത്തിലെ രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ദുരിതത്തില്‍. ഇരിട്ടി പാലത്തിന് സമീപം പഴശ്ശി പദ്ധതിയോട് ചേര്‍ന്ന ജല അതോറിറ്റിയുടെ കിണറില്‍ നിന്നുമുള്ള പമ്പിങ് തടസ്സപ്പെട്ടതാണ് ജല ലഭ്യതക്ക് തടസ്സമായത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇരിട്ടി മേഖലയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. കാലവര്‍ഷം കനക്കുമെന്ന് കരുതി പഴശ്ശിയുടെ ഷട്ടറുകളെല്ലാം തുറന്ന് ജലം ഒഴുക്കിക്കളഞ്ഞതാണ് താലൂക്ക് ആശുപത്രിക്ക് വിനയായത്. ഇതോടെ ആശുപത്രിയിലേക്ക് വെള്ളം പമ്പുചെയ്യുന്ന കിണറിലെ വെള്ളം മുഴുവന്‍ താണുപോയതാണ് പമ്പിങ് നിലക്കാന് ഇടയാക്കിയത്. വെറും 10 മിനിട്ടു പോലും ഇതില്‍ നിന്നും പമ്പുചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍.
കിടത്തിച്ചികിത്സയിലുള്ളവരും അവരുടെ കൂട്ടിരിപ്പുകാരും ജീവനക്കാരുമൊക്കെയായി നൂറില്‍പ്പപരം പേര് സദാസയവും ആശുപത്രിയിലുണ്ടാവും. ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് തന്നെ വേണം നല്ലൊരു ശതമാനം വെള്ളം. എന്നാല്‍ ഇപ്പോള്‍ പത്ത് മിനുട്ട് പോലും ഉപയോഗിക്കാനുള്ള വെള്ളം ലഭിക്കുന്നില്ല. രാവിലെയും ഉച്ചക്കും രാത്രിയിലുമെല്ലാം ഇതാണ് അവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്താല്‍ മേല്‍ക്കൂരയില്‍ നിന്നും വീഴുന്ന വെള്ളത്തിനായി കാത്തിരുന്നാണ് പലരും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. വെള്ളമില്ലാഞ്ഞതിനാല്‍ ചികിത്സ പാതിവഴി നിര്‍ത്തി പോകേണ്ടിവന്നവരും ഉണ്ട്.
ഇരിട്ടി ഹൈസ്കൂള്‍ കുന്നിന്റെ ഒരു ഭാഗത്താണ് ഇരിട്ടി താലൂക്ക് ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നത്. വെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് നിരവധി തവണ വെള്ളത്തിനായി കുഴല്‍ കിണറുകള്‍ അടക്കം കുഴിച്ചിരുന്നെങ്കിലും വെള്ളം ലഭിക്കാത്ത അവസ്ഥയായിരുന്നു. നേരമ്പോക്കിലെ പഴയ ആശുപത്രിയിലെ (ഇപ്പോള്‍ അഗ്നിശമനസേനാനിലയം) കിണറില്‍ നിന്നും ഇരിട്ടി പാലത്തിനു സമീപത്തെ ജല അതോറിറ്റിയുടെ കിണറില്‍ നിന്നുമാണ് വെള്ളം പമ്പുചെയ്ത് ഇവിടെ എത്തിച്ചിരുന്നത്. മഴക്കാലം തുടങ്ങുന്നതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നതോടെ എല്ലാ വര്‍ഷവും ഈ പ്രശ്നം ആശുപത്രിയില്‍ ഉണ്ടാകാറുണ്ട്.
പഴശ്ശി പദ്ധതിയുടെ ജലാശയത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന നഗരമാണ് ഇരിട്ടി. എന്നാല്‍ ആശുപത്രിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി ഒരു സമഗ്ര പദ്ധതി ഇതുവരെ ഉണ്ടായിട്ടില്ല. നേരംപോക്ക് മേഖലയില്‍ നിത്യവും വെള്ളം ലഭിക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്. ഇവിടെ എവിടെയെങ്കിലും കിണര്‍ കുത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂ എങ്കിലും ഇതിനുള്ള പരിശ്രമം ഉണ്ടാകുന്നില്ല. നേരംപോക്ക് വയല്‍ തുടങ്ങുന്ന ഭാഗത്തു പഴശ്ശിയുടെ അധീനതയിലുള്ള ഭൂമിയില്‍ കിണര്‍ കുഴിക്കുമെന്നു കുറച്ചുകാലമായി പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും അതൊന്നും പ്രവര്‍ത്തികമായില്ല.
എന്നാല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ജലക്ഷാമം പരിഹരിച്ചതായി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത അറിയിച്ചു. പഴശ്ശി പദ്ധതിയിലെ ഷട്ടര്‍ തുറന്നപ്പോള്‍ കിണറ്റിലെ വെള്ളം പെട്ടെന്ന് താഴ്ന്നതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ജലസേചന വിഭാഗം അധികൃതരുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ വെളളം നിശ്ചിത അളവില്‍ നിലനിര്‍ത്തിയതോടെ പ്രതിസന്ധി പരിഹരിച്ചു. പുതിയ ടാങ്ക് നിര്‍മ്മിച്ചെ് വെള്ളത്തിന്റെ സംഭരണ ശേഷി ഉയര്‍ത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും ചെയര്‍ പേഴ്സണ്‍ പറഞ്ഞു.
പഴശ്ശി ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞതോടെ ജലാശയത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന നിരവധി വീടുകളിലെ കിണറുകള്‍ വറ്റിയ അവസ്ഥയിലായി. പുഴയില്‍ വെള്ളം താഴ്ന്നതോടെ കിണറുകളിലെ വെള്ളവും ക്രമാതീതമായി താഴ്ന്ന് പോവുകയായിരുന്നു. കാലവര്‍ഷം ശക്തിപ്പെട്ട് ഭൂമിയില്‍ ഉറവ രൂപപ്പെടുന്നതിനു മുന്‍പ് വെള്ളം തുറന്നു വിട്ടതാണ് വിനയായത്. മഴ ശക്തിപ്പെടാതെ ഇനി ഇത്തരം കിണറുകളില്‍ വെള്ളം ലഭിക്കില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ പഴശ്ശി പദ്ധതി വരുന്നതിനു മുന്‍പ് നിര്‍മ്മിച്ച പഴയ കിണറുകളില്‍ ഈ പ്രശ്നം ഇല്ലാത്തതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: