കൊച്ചി : കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ്എഫ്ഐ നേതാവിന് സഹപ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയതില്‍ പോലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായി സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജു. വിവിധ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്കാണ് റിമാന്‍ഡിലിരിക്കേ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. അന്വേഷണം നടന്നു വരികയാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കും. അനുവദിക്കാനാകാത്ത കാര്യമാണ് സംഭവിച്ചത്. പ്രഥമദൃഷ്ട്യാ നോക്കുമ്പോള്‍ പ്രതിയുടെ കൂടെ ഉണ്ടായിരുന്ന പോലീസുകാര്‍ പ്രതീക്ഷിക്കാത്തൊരു സംഭവമാണെന്നാണ് മനസ്സിലായത്.
എന്തായാലും അതൊരു വീഴ്ച തന്നെയാണ്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. എത്രമാത്രം വീഴ്ചയുണ്ടായി എന്നതിനനുസരിച്ചാകും നടപടികള്‍ ഉണ്ടാവുക, സ്വീകരണം നല്കിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ കേസുകളില്‍ പ്രതിയാക്കപ്പെട്ടിട്ടും ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി സിറ്റി പോലീസിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ ആര്‍ഷോ പോലീസിന് മുമ്പാകെ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം കൊണ്ടുവരുന്നതിനിടെ ജയിലിന് മുന്നില്‍വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യംവിളികളുമായി ആര്‍ഷോയെ മാലയിട്ട് സ്വീകരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത് വിവാദമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: