പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ വിലക്കിനെതിരെ പ്രതിഷേധവുമായി ബിജെപി. സംസ്ഥാന സമിതി സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും കറുത്ത മാസ്ക് വിതരണം ചെയ്തു. കറുത്ത മാസ്ക് ധരിച്ചാണ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ 10.30ന് പുല്ലാട് സൗപര്‍ണ്ണിക ഓഡിറ്റോറിയത്തിലാണ് ആരംഭിച്ചത്.
സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് പുറമെ സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം പ്രതിനിധികളും പങ്കെടുത്തു. ഇതാദ്യമായാണ് സമ്പൂര്‍ണ സംസ്ഥാന സമിതി യോഗത്തിന് പത്തനംതിട്ട ആതിഥ്യമരുളുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ കോട്ടയം, കൊച്ചി, തവനൂര്‍ എന്നിവിടങ്ങളിലെ പരിപാടികളില്‍ കറുത്ത മാസ്കും വസ്ത്രവും വിലക്കിയിരുന്നു. ഇതിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധം.
രാവിലെ ഒന്‍പതിന് കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു സംസ്ഥാന സമിതി യോഗം ആരംഭിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്, കേന്ദ്രമന്ത്രി വി. മുരളീധരന്, എ.പി. അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്, ഒ. രാജഗോപാല്‍, എം.ടി. രമേശ്, ജോര്‍ജ്ജ് കുര്യന്, സി. കൃഷ്ണകുമാര്‍, പി.സുധീര്‍, എം. ഗണേശന്, കെ. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് നാലു വരെയാണ് സംസ്ഥാന സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: