അഞ്ചല്‍: കുളത്തൂപ്പുഴ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും ചേര്‍ന്ന് കള്ള ഒപ്പിട്ട് വീട്ടമ്മയുടെ പേരില്‍ അനുവദിച്ച 1,60000 രൂപ തട്ടിയെടുത്തതായി പരാതി. കടമാന്കോഡ് പന്ത്രണ്ടാം വാര്‍ഡ് വനവാസി കോളനിയിലെ ആദിവാസി എസ്ടി വിഭാഗത്തില്‍പ്പെട്ട വിപിനയാണ് പരാതിക്കാരി. 2020-21 കാലഘട്ടത്തില്‍ പഞ്ചായത്തില്‍ നിന്നും അനുവദിച്ച കാലിത്തൊഴുത്തിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കള്ള ഒപ്പിട്ട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും പണം മുഴുവന്‍ കൈപ്പറ്റി എന്നാണ് ആരോപണം.
തുക കൈപ്പറ്റിയത് സംബന്ധിച്ച വിവരാവകാശരേഖ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിപിന രംഗത്തെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടും തൊഴുത്തിന്റെ നിര്‍മാണ ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ഈ വീട്ടമ്മയ്ക്ക് സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വിപിന നിരവധി തവണ പഞ്ചായത്തില്‍ കയറിയിറങ്ങിയിട്ടും ചെയ്തു തരാന്‍ സാധ്യമല്ല എന്ന് പറഞ്ഞ് അധികൃതര്‍ തിരിച്ചയയ്ക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
അഞ്ചല്‍ ബ്ലോക്ക് ഓഫീസിലും, ജില്ലാ കളക്ടര്‍ക്കും, മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്കി കാത്തിരിക്കുകയാണ് ഈ വീട്ടമ്മ. വനമേഖലയില്‍ താമസിക്കുന്ന തങ്ങള്‍ക്ക് വന്യമൃഗങ്ങളുടെ ശല്യം ഉള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഞങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ ജീവന് നഷ്ടപ്പെട്ടേക്കാം എന്ന ആശങ്കയാണുള്ളതെന്നും വിപിന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: