കാബൂള്‍: രാജ്യത്തെ പട്ടിണി മാറ്റാനായി മാനുഷിക പരിഗണനവെച്ച് ഭാരതം നല്കിയ ഭഷ്യധാന്യങ്ങള്‍ പാക്കിസ്ഥാന് തട്ടികൊണ്ട് പോയെന്ന് അഫ്ഗാനിസ്ഥാന്. ഇന്ത്യ നല്കിയ ഗോതമ്പ് അടക്കമുള്ള സാധനങ്ങളാണ് പാക്കിസ്ഥാന് തട്ടിയെടുത്തത്.
താലിബാന് ഭീകരര്‍ അധികാരം പിടിച്ചെടുത്തതോടെ ദുരിതത്തിലായ അഫ്ഗാനിസ്ഥാന് ജനതയ്ക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയ രാജ്യം ഇന്ത്യയായിരുന്നു. അഫ്ഗാന് ജനതയുടെ പട്ടിണിമാറ്റാന്‍ 2500 മെട്രിക് ടണ്‍ ഗോതമ്പാണ് കേന്ദ്രസര്‍ക്കാര്‍ കയറ്റി അയച്ചത്.
അമൃത്സറില് നിന്ന് 50 തോളം ട്രക്കുകളിലാണ് അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലേയ്ക്ക് ഗോതമ്പ് അയച്ചത്. കടുത്ത അരക്ഷിതാവസ്ഥയില്‍ കഴിയുന്ന അഫ്ഗാന് ജനതയ്ക്കായി 50,000 മെട്രിക് ടണ്‍ ഗോതമ്പ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ കയറ്റി അയച്ച ഗോതമ്പാണ് പാക്കിസ്ഥാന് തട്ടികൊണ്ട് പോയത്.
ഖാമ പ്രസിലെ റിപ്പോര്‍ട്ട് അനുസരിച്ച് 15 ട്രക്കുകളിലെ ഗോതമ്പാണ് പാക്കിസ്ഥാന് ബലമായി കടത്തികൊണ്ട് പോയത്. 50 ട്രക്കുകളിലെ സാധനങ്ങള്‍ കടത്തുന്നത് തടഞ്ഞുവെന്നും അഫ്ഗാന്‍സൈന്യം വെളിപ്പെടുത്തുന്നു. ഗോതമ്പ് പാകിസ്ഥാനിലേക്ക് കൊണ്ടുപോകുന്നതിനായി ഹെല്‍മണ്ട് പ്രവിശ്യയിലെ വാഷിര്‍ ജില്ലയിലെ കമ്പനി ഏരിയയില്‍ എത്തിയ വാഹനങ്ങളാണ് സൈന്യം പിടികൂടിയത്. പാക്കിസ്ഥാന് അതിര്‍ത്തികളിലൂടെ തങ്ങള്‍ക്കുള്ള സഹായങ്ങള്‍ അയക്കരുതെന്നും അഫ്ഗാന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഉന്നതതല സംഘം അഫ്ഗാനിസ്താനില്‍ താലിബാന് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാന് ഇടക്കാല വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന് മുത്തഖിയുമായി മുതിര്‍ന്ന നയതന്ത്രജഞന്‍ ജെ.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന് അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ പ്രതിനിധിസംഘത്തെ അഫ്ഗാനിലേക്ക് അയക്കുന്നത്. ഇന്ത്യ-അഫ്ഗാന് നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം എന്നിവയാണ് ചര്‍ച്ചയായതെന്ന് താലിബാന് വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖാഹര്‍ ബല്‍ഖി ട്വീറ്റ് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തുടക്കമെന്നാണ് സന്ദര്‍ശനത്തെ താലിബാന് വിശേഷിപ്പിച്ചത്. താലിബാന് സര്‍ക്കാരുമായി നിലവില്‍ ഇന്ത്യക്ക് നയതന്ത്രബന്ധമില്ല. എന്നിരുന്നാലും മരുന്നും ഗോതമ്പും സൗജന്യമായി നല്‍കാമോയെന്ന് അഫ്ഗാന് വീണ്ടും ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: