തൊടുപുഴ/ കട്ടപ്പന: ബഫര്‍ സോണിന്റെ പേരില്‍ ഇന്ന് ഇടുക്കിയില്‍ ഇടതുപക്ഷം ആഹ്യാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെതിരെ ജനരോക്ഷം ഇരമ്പുന്നു. വാര്‍ത്ത മാധ്യമങ്ങളിലൂടെ ഇടത് സര്‍ക്കാരിന്റെ കള്ളത്തരം തെളിവ് സഹിതം പുറത്ത് വന്നതോടെ പാര്ട്ടിക്കാര് തന്നെ ഹര്‍ത്താലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. നിയമ സഭ സമ്മേളത്തില്‍ 2019ല്‍ മന്ത്രി കെ. രാജു ഈ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ അന്ന് ആരും തയ്യാറായില്ല.
അടുത്തയാഴ്ച യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സാധാരണക്കാരടക്കം ഹര്‍ത്താലുകള്‍ക്കെതിരെ രംഗത്ത് വന്ന് കഴിഞ്ഞു. കൊവിഡും യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നെല്ലാം കര കയറുന്നതിനായി മലയോര ജനത ശ്രമിക്കുന്നതിനിടെയാണ് തിരിച്ചടിയായി ഹര്‍ത്താലുകള്‍ എത്തുന്നത്. എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുവാന്‍ തീരുമാനിക്കുന്നത് യുഡിഎഫിന്റെ പ്രഖ്യാപനം വന്നതിന് ശേഷമാണ്. ഇതില്‍ കൃത്യമായി പാലിക്കേണ്ട നടപടികളൊന്നും പാലിച്ചിട്ടുമില്ല. നിയമ പ്രകാരം ഒരാഴ്ച മുമ്പ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കേണ്ടതുണ്ട്. ഇതൊന്നും പാലിക്കാതെയാണ് രണ്ട് ദിവസം മാത്രം മുമ്പ് പ്രഖ്യാപനം വരുന്നത്.
2011 മുതല്‍ മാധവ് ഗാഡ്കില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഹര്‍ത്താലുകളുടെ ഘോഷയാത്ര തന്നെ അരങ്ങേറിയിരുന്നു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ ഇടത് വലത് മുന്നണികള്‍ക്ക് ആയിട്ടില്ല. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനായി പൊതുജനത്തെ വലക്കുവാനും ഇരട്ടത്താപ്പ് കാണിക്കാനുമാണ് ഇപ്പോള്‍ ഇടത് മുന്നണി ശ്രമിക്കുന്നത്. ടൂറിസം മേഖലക്കടക്കം ഇത് വലിയ തിരിച്ചടിയുണ്ടാകും ഉണ്ടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: