സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ അമേരിക്കല്‍ സുഹൃത്ത് ഡോ.ചന്ദ്രഗുപ്തനോട് തന്റെ ശിഷ്ടകാലം പൊതുപ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്ന് റെയ്ച്ചല്‍ മത്തായി ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ചന്ദ്രഗുപ്തന് പറഞ്ഞതനുസരിച്ചാണ് അന്ന് റെയ്ച്ചല്‍ മത്തായിയെ നേരിട്ട് പോയി കാണുന്നത്. അക്കാലത്താണ് ബിജെപിയുടെ ആദ്യ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. നേരിട്ടുകണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായി റെയ്ച്ചല്‍ മത്തായിയെ നിശ്ചയിച്ചു. കോട്ടയ്ക്കകത്തുള്ള പ്രിയദര്‍ശനി ഹാളിലായിരുന്നു സമ്മേളനം. രാഷ്ട്രീയമൊഴിച്ചുള്ള പൊതുപ്രവര്‍ത്തനത്തിലാണ് താല്പര്യമെന്നു പറഞ്ഞിരുന്നെങ്കിലും സമ്മേളനം തുടങ്ങിക്കഴിഞ്ഞപ്പോള്‍ ബിജെപിയില്‍ അംഗത്വമെടുക്കാന്‍ താല്പര്യം കാട്ടി മുന്നോട്ടുവരികയായിരുന്നു. സമ്മേളന നടത്തിപ്പിലും റെയ്ച്ചല്‍ മത്തായിയുടെ വ്യക്തിത്വത്തിലും എല്‍.കെ.അദ്വാനി മതിപ്പുപ്രകടിപ്പിച്ചു. തുടര്‍ന്ന് എല്‍.കെ.അദ്വാനി റെയ്ച്ചല്‍ മത്തായിയെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി നിശ്ചയിച്ചു. തുടര്‍ന്നുള്ള എല്ലാ കമ്മിറ്റികളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നുവെന്ന് മാത്രമല്ല പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാകാര്യങ്ങളും പൂര്‍ണ്ണമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
പൊതുപ്രവര്‍ത്തനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പാരമ്പര്യമുണ്ടായിരുന്ന കുടുംബത്തിലായിരുന്നു അവര്‍ ജനിച്ചത്. അടൂരിലെ പ്രസിദ്ധമായ നെല്ലിമൂട്ടില്‍ തറവാട്ടില്‍ എന്‍.പി.മത്തായി മുതലാളിയുടെയും തങ്കമ്മയുടെയും മകളായി 1925 നവംബര്‍ 23ന് ജനനം. പട്ടം താണുപിള്ള, സി.കേശവന്, ടി.എം.വര്‍ഗീസ് തുടങ്ങിയ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കുന്ന അച്ഛന്റെ ജീവിതം കണ്ടുവളര്‍ന്ന റെയ്ച്ചലിന്റെ കുഞ്ഞുമനസില്‍ അന്നുമുതല്‍ തന്നെ ദേശീയതയും പൊതുപ്രവര്‍ത്തനവും ഇടംപിടിച്ചിരുന്നു. 90 കളിലെ അക്രമപരമ്പരകളോടെ കശ്മീരില്‍ ദേശീയപതാക ഉയര്‍ത്തുക എന്നത് ഭരണകൂടത്തിനുപോലും വെല്ലുവിളിയായിരുന്നു. ഭീകരരുടെ ഭീഷണി അവഗണിച്ചുകൊണ്ട് 1992 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ കശ്മീരിലെ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താന്‍ ബിജെപി തീരുമാനിക്കുകയുണ്ടായി. മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നാണ് ദേശീയപതാക വഹിച്ചുകൊണ്ടുള്ള ഏകതായാത്ര ആരംഭിച്ചത്. നരേന്ദ്രമോദിയായിരുന്നു പ്രധാന സംഘാടകന്‍. ഭീകരഭീഷണിയെ തൃണവത്ഗണിച്ചുകൊണ്ട് ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്തിയ ചരിത്രസംഭവത്തില്‍ ഡോ.മുരളിമനോഹര്‍ ജോഷിയ്ക്കും നരേന്ദ്രമോദിക്കുമൊപ്പം കേരളത്തില്‍ നിന്നും പങ്കെടുത്തത് റെയ്ച്ചല്‍ മത്തായി ആയിരുന്നു. കുഞ്ഞുനാളില്‍ കുടുംബത്തില്‍ നിന്ന് പകര്‍ന്നുകിട്ടിയ ദേശീയബോധത്തിന്റെയും ഭയരഹിത പൊതുപ്രവര്‍ത്തനത്തിന്റെയും പാഠങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് റെയ്ച്ചല്‍ ഉള്‍പ്പെടെയുള്ളവര്‍ അന്നവിടെ ഉച്ചത്തില്‍ വന്ദേമാതരം മുഴക്കുമ്പോള്‍ അഭിമാനപൂര്‍വം ഭാരതമാസകലം അതേറ്റുവിളിക്കുകയായിരുന്നു. പതാക ഉയര്‍ത്തുന്നസ്ഥലത്തേക്ക് കേരളത്തില്‍ നിന്നെത്തിയ ഏക പ്രതിനിധിയായിരുന്നു റെയ്ച്ചല്‍.
മാര്‍ത്താണ്ഡവര്‍മ്മ ഒളിവില്‍ക്കഴിഞ്ഞിരുന്ന കാലത്ത് കുറെക്കാലം റെയ്ച്ചലിന്റെ കുടുംബത്തില്‍ അഭയം പ്രാപിച്ചിരുന്നു. അവിടെ എത്തപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മയെ നെല്ലിക്ക ഉപ്പിലിട്ടതും മോരും നല്കി സ്വീകരിച്ചതുകൊണ്ടാണ് പില്ക്കാലത്ത് തറവാടിന്റെ പേര് നെല്ലിക്കമൂട്ടില്‍ എന്നറിയപ്പെട്ടത്. അവിടത്തെ പുരുഷന്മാര്ക്ക് മുതലാളിയെന്നും വനിതകള്‍ക്ക് കുഞ്ഞമ്മ എന്നും സ്ഥാനപ്പേരു കിട്ടി.
മൂന്ന് സഹോദരിമാരും ഒരു കുഞ്ഞനിയനും ചേര്‍ന്ന ആ കുടുംബത്തില്‍ നിന്നാണ് റെയ്ച്ചല്‍ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെത്തിയത്. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് 1947 ല്‍ കെമിസ്ട്രിയില്‍ ബിരുദമെടുത്തു. തുടര്‍ന്ന് സിലോണില്‍ (ശ്രീലങ്ക) പോയാണ് എംബിബിഎസ് ബിരുദമെടുത്തത്. അതിനുശേഷം ഉന്നത പഠനത്തിനായി ഇംഗ്ളണ്ടിലെത്തി എഫ്ആര്‍സിപിയും കരസ്ഥമാക്കി. തിരികെയെത്തി 26 – മത്തെ വയസില്‍ കേരളത്തില്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവേശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ കേരളത്തിലെ പല ആശുപത്രികളിലും സേവനമനുഷ്ഠിച്ചു. 1984 ല്‍ വിരമിക്കുമ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടായിരുന്നു. ഒരേ സമയം ജനറല്‍ ആശുപത്രിയിലും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും സൂപ്രണ്ടായിരുന്നു.
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളെല്ലാം ലാഭനഷ്ടങ്ങള്‍നോക്കാതെ അനുസരിച്ചു. നിയമസഭയിലേക്ക് നടന്ന മത്സരത്തില്‍ കഴക്കൂട്ടത്ത് മത്സരിച്ച് 13000 ഓളം വോട്ടുനേടി. തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്തിലും കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ത്ഥിയായി. വിജയിക്കുമെന്ന പ്രതീക്ഷയായിരുന്നില്ല, മറിച്ച് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുകയായിരുന്നു. സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കിയായിരുന്നു യാത്രകളെല്ലാം.
അവിവാഹിതയായി സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന റെയ്ച്ചല്‍ അവസാനകാലം ബാംഗ്ലൂരില്‍ സഹോദരന്റെ കുടുംബത്തോടൊപ്പമായിരുന്നു. ഏക സഹോദരന് ഫിലിപ്പോസ് മത്തായി കര്‍ണാടകത്തില്‍ സീനിയര്‍ ഐഎഎസ് ഓഫീസറായിരുന്നു. ഒരു സഹോദരി എറണാകുളത്ത് ജില്ലാ ജഡ്ജിയായും പ്രവര്‍ത്തിച്ചിരുന്നു. പാര്ട്ടിപ്രവര്ത്തനത്തില് വരും തലമുറകള്‍ക്കും മാതൃകയാണ് റെയ്ച്ചല്‍ മത്തായിയുടെ നിലപാടുകളും പ്രവര്‍ത്തന രീതിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: