ഡര്ബന്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം റാസി വാന്‍ഡര്‍ ഡസ്സന്റെയും ഡേവിഡ് മില്ലറുടെയും മിന്നല്‍ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. 45 പന്തില്‍ 75 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സന് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 31 പന്തില്‍ 64 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 211/4, ദക്ഷിണാഫ്രിക്ക ഓവറില്‍ 19.1 ഓവറില്‍ 212/3
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന് കിഷന്റെയും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ക്യാപ്റ്റന്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത ഇഷാന് കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ 31റണ്‍സെടുത്തു. അവസാന നാലോവറില്‍ 55 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്.
പവര്‍ പ്ലേയില്‍ ഇഷാന് കിഷനും റുതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ഗെയ്ക്വാഗിനെ(16 പന്തില്‍ 23) വെയ്ന്‍ പാര്‍ണല്‍ മടക്കി ദക്ഷിണാഫ്രിക്കക്ക് ആദ്യ ബ്രേക്ക് ത്രൂ നല്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്ന് 80 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചു. ഇരുപതാം ഓവറിലെ അവസാന പന്തില്‍ പന്ത്(16 പന്തില്‍ 29) വീണെങ്കിലും ഒരു സിക്സ് കൂടി പറത്തി പാണ്ഡ്യ ഇന്ത്യയെ 211ല്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: