തൃശൂര്‍: ഗുരുവായൂരിലെ തീര്‍ത്ഥാടന-ചരിത്ര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഏകദിന ടൂറിസം പാക്കേജ് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമായി ഗുരുവായൂര്‍ നഗരസഭ. ഗുരുവായൂര്‍ ക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം, തിരുവെങ്കിടാചലപതി ക്ഷേത്രം, ആനക്കോട്ട, ചക്കംകണ്ടം, പാലയൂര്‍ പളളി, മണത്തല ജുമാമസ്ജിദ്, പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് തറവാട് എന്നീ കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നതാണ് ഏകദിന ടൂറിസം പാക്കേജ്.
നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഗുരുവായൂര്‍ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട ദേവസ്വം തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാന്‍ ഗുരുവായൂര്‍ നഗരസഭയുടെ മാസ്റ്റര്‍ പ്ലാനുമായി ബന്ധിപ്പിക്കുന്ന വിഷയവും യോഗത്തില്‍ ചര്‍ച്ചയായി. വര്‍ക്കിങ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സ്പെഷ്യല്‍ കമ്മിറ്റി, നഗരസഭാ കൗണ്‍സില്‍ എന്നിവയുടെ അംഗീകാരത്തോടെ സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കും.
അമ്യത് നഗരങ്ങളില്‍ ജിഐഎസ് മാപ്പിങ് അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സെമിനാറും നടന്നു. നിലവിലെ ഭൂവിനിയോഗം, കെട്ടിടങ്ങളുടെ വിനിയോഗം, തോടുകള്‍, കനാലുകള്‍ എന്നിവ മേഖലാടിസ്ഥാനത്തില്‍ വിവരിച്ചു. നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ ചെയര്മാന് എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്, എ.എസ്. മനോജ്, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍ മാസ്റ്റര്‍, നഗരസഭാ സെക്രട്ടറി ബീന .എസ് കുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇ. ലീല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: