തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ലെന്ന് മുന്‍മന്ത്രി കെ.ടി.ജലീല്‍. ക്ലിഫ് ഹൗസിലേക്ക് ബിരിയാണി കൊടുത്തുവിട്ടു എന്ന് പറയുന്നതിലും എന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതാകും നല്ലത്. മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് അതുപോലെ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുത്. സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ജനങ്ങളിലേക്ക് എത്തിക്കാവൂ. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും കരിതേച്ച് കാണിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്. സ്വര്‍ണം എവിടെ പോയി, ആര്‍ക്ക് വേണ്ടി, എങ്ങനെ എന്നെല്ലാം പറയേണ്ടത് അന്വേഷണ ഏജന്‍സികളാണ്. ഞങ്ങളെ സംബന്ധിച്ച് ഒരു ഭയവും ഇക്കാര്യത്തില്‍ ഇല്ല. ഞങ്ങളുടെ സ്വത്തുക്കളും അക്കൗണ്ടുകളുമൊക്കെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായിട്ടുള്ളതാണ്. എന്‍ഫോഴ്മെന്റ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു. ആരോപിക്കും പോലെ ഏതെങ്കിലും ബന്ധം സ്വര്‍ണക്കടത്തുമായി ഉണ്ടായിരുന്നെങ്കില്‍ എന്ന് അകത്തായി എന്ന് ചോദിച്ചാ പോരെ. അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരേക്കാളും അന്വേഷണ ഏജന്‍സികള്‍ക്ക് അറിയാം. പൊതു പ്രവര്‍ത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നില്‍ മോശക്കാരാക്കാനുള്ള ശ്രമം വിലപ്പോകില്ല ജലീല്‍ പറഞ്ഞു. സ്വപ്നയും പിസി ജോര്‍ജും നട്ടാല്‍ കുരുക്കാത്ത നുണ പറയുകയാണെന്നും ജലീല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: