പുറനാട്ടുകര: ലളിതമായ രീതികളിലൂടെ എറ്റവും ഉന്നതമായ ഈശ്വരാനുഭവത്തിലെത്താനുള്ള മാര്‍ഗ്ഗമാണ് ശ്രീരാമകൃഷ്ണദേവന് ഉപദേശിച്ചതെന്ന് ശ്രീരാമകൃഷ്ണ മിഷന് ഉപാധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദ.
പുറനാട്ടുകരയില്‍ വിവേകാനന്ദ പ്രിന്റിങ് ഹൗസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാനം ചെയ്യുന്നയാളാണ് അനുഗ്രഹിക്കപ്പെടുന്നതെന്നും അതുകൊണ്ട് സേവാ മനോഭാവം വികസിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പണത്തിന് വേണ്ടിയല്ല, ഈശ്വരന് വേണ്ടിയാണ് കണ്ണീരൊഴുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്വാമി സദ്ഭവാനന്ദ അധ്യക്ഷനായിരുന്നു. സ്വാമി വീരഭദ്രാനന്ദ, സ്വാമി ഭവനാത്മാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി വീതഗംഗാനന്ദ, സ്വാമി തല്പുരുഷാനന്ദ, സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തിയത്. സ്വാമി രംഗനാഥാനന്ദ, സ്വാമി ശക്രാനന്ദ, സ്വാമി ത്യാഗീശാനന്ദ എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമായ തൃശൂര്‍ തനിക്ക് പ്രിയങ്കരമാണെന്ന് സ്വാമി ഗൗതമാനന്ദ അഭിപ്രായപ്പെട്ടിരുന്നു. ബുധനാഴ്ച ഭക്തര്‍ക്ക് തന്ത്രദീക്ഷ നല്കിയ അദ്ദേഹം വ്യാഴാഴ്ചയും തന്ത്രദീക്ഷ നല്‍കും. വെള്ളിയാഴ്ച വൈറ്റിലയില്‍ നടക്കുന്ന ശ്രീരാമകൃഷ്ണ ഭക്തസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.
സ്വാമി ത്യാഗീശാനന്ദ തുടങ്ങിയ ആശ്രമം മഹാത്മാഗാന്ധിയുടെ സന്ദര്‍ശനം കൊണ്ട് പവിത്രമാണ്. 1972ല്‍ ആദ്യം സന്ദര്‍ശിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ അടയാളപ്പെടുത്തിയ സ്ഥലമാണ് തൃശൂരെന്നും ഇവിടുത്തെ ആശ്രമവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: