ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് സംസ്കാരം ഉദയം ചെയ്തിട്ട് അധികകാലം ആയിട്ടില്ല. പക്ഷേ ആ സംസ്കാരത്തിന്റെ സാക്ഷ്യപത്രങ്ങള്‍ നമ്മെ അനുഭവവേദ്യമാക്കുന്നത് ആഗോള വികസന സൂചികകളില്‍ പടവുകള്‍ കയറുന്ന ഭാരതത്തെയാണ്. യുഎസിനും ചൈനയ്ക്കും ശേഷം യുകെയെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറി. 2021ല്‍ യൂണികോണ്‍ പദവിയിലെത്തിയ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം റിക്കാര്‍ഡ് വേഗത കൈവരിച്ചു. നിലവില്‍ ഇന്ത്യയ്ക്ക് 90 യൂണികോണുകളുണ്ട്. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് പ്രകാരം 2016 ലെ 130-ാം സ്ഥാനത്തുനിന്ന് ഇന്ത്യ 63-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആഗോള ഇന്നൊവേഷന് സൂചികയിലെ ഇന്ത്യയുടെ പ്രകടനം 2015 ലെ 81-ാം റാങ്കില്‍ നിന്ന് 2021ല്‍ 46-ാം റാങ്കായി മെച്ചപ്പെട്ടു. മധ്യ-ദക്ഷിണേഷ്യ മേഖലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ ആഗോള ഇന്നൊവേഷന് ഇന്‍ഡക്സ് 2021 റാങ്കിങ്ങില്‍ ഇന്ത്യ 57ല്‍ നിന്ന് 46-ാം സ്ഥാനത്തെത്തി. സ്റ്റാര്‍ട്ടപ്പുകളുടെ വ്യാപ്തി ക്രമാനുഗതമായി വര്‍ധിച്ചതോടെ ഇന്ത്യയില്‍ പേറ്റന്റ് ഫയല്‍ ചെയ്യുന്നതിലും അനുവദിക്കുന്നതിലും വളരെയധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഭാരത സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയം ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്(ഡിപിഐഐടി) കീഴില്‍ പുതുസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് സാമ്പത്തിക ഉത്തേജനം നല്കുന്നതിനുമായി രാജ്യത്ത് ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് സംസ്കാരവും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആത്മനിര്‍ഭരമാകുന്ന ഭാരതത്തെ തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ സൃഷ്ടാക്കളുടെ രാജ്യമായി മാറ്റുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. എല്ലാവര്‍ഷവും ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആഘോഷിക്കുന്നു.
വിപ്ലവാത്മക നയരൂപീകരണങ്ങള്‍
സ്വയം സാക്ഷ്യപ്പെടുത്തല്‍ സൗകര്യം, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ് ആന്‍ഡ് അടല്‍ ഇന്നൊവേഷന് മിഷന്, ആദായനികുതി ഇളവുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 വര്‍ഷത്തേക്ക് നികുതി ഇളവ്, ധനസഹായവും പ്രോത്സാഹനവും, മുദ്ര ലോണ്‍ ഉള്‍പ്പെടെയുള്ള 124 സാമ്പത്തിക പദ്ധതികള്‍, ഫണ്ട് ഓഫ് ഫണ്ട് വഴി 10,000 കോടിയുടെ ധനസഹായം, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം, ചുവപ്പുനാട ഒഴിവാക്കി 39 നിയമ ഭേദഗതികള്‍, പേറ്റന്റിനുള്ള അപേക്ഷാസൗകര്യവും ബൗദ്ധിക സ്വത്തവകാശ പരിരക്ഷയും ലഘുവായ പൊതുസംഭരണ മാനദണ്ഡങ്ങള്‍, ഇന്‍കുബേഷന്‍ ആന്‍ഡ് വ്യവസായ-അക്കാദമിക പങ്കാളിത്തം, നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ആന്‍ഡ് സ്റ്റേറ്റ്സ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്.
2016-17ല്‍ 733 മാത്രമുണ്ടായിരുന്ന പുതിയ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2021-22ല്‍ 14,000 ആയി ഉയര്‍ന്നു. 2021ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം 24.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇക്വിറ്റി നിക്ഷേപം സമാഹരിച്ചു, അതില്‍ 65 ശതമാനവും 42 യൂണികോണ്‍ കമ്പനികളുടേതാണ്. വിശാലവും സുതാര്യവുമായ സംഭരണ പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ്. 6,678 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്പ്ലേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുന്‍വര്‍ഷത്തെ 11.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2021 ആയപ്പോഴേക്കും 42 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞു അതോടൊപ്പം കോര്‍പ്പറേറ്റ് പങ്കാളിത്തത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. ഏകദേശം 260ലധികം കോര്‍പ്പറേറ്റുകള്‍ നിലവില്‍ സജീവ പങ്കാളികളാണ്. 50 ശതമാനവും ബഹുരാഷ്ട്ര കമ്പനികളാണ്. ഇത് ആഗോള കമ്പനികള്‍ക്ക് ഇന്ത്യന്‍ ആവാസവ്യവസ്ഥയില്‍ നിക്ഷേപം നടത്താനുള്ള താത്പര്യം വര്‍ധിക്കുന്നതിന്റെ സൂചനയാണ്. സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ബിസിനസ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഇനിഷ്യേറ്റീവിന്റെ പഠനമനുസരിച്ച് അമേരിക്കയിലെ 500 യൂണികോണുകളുടെ 1,078 സ്ഥാപകരില്‍, പത്തില്‍ നാലിലധികം പേരും ആദ്യ തലമുറ കുടിയേറ്റക്കാരാണ്. അതില്‍ 90 പേരും ഇന്ത്യന്‍ വംശജരാണ്. ഒരുകാലഘട്ടത്തില്‍ നിയമസംവിധാനങ്ങളിലെ ചുവപ്പുനാടകളില്‍ കുടുങ്ങി നിക്ഷേപസൗഹൃദമല്ലാത്ത ഭാരതത്തിലെ അന്തരീക്ഷം പല നിക്ഷേപകരെയും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്, എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പരമ്പരാഗത സംരംഭകര്‍ക്കും വിദേശ ബഹുരാഷ്ട്ര കമ്പനി
കള്‍ക്കും പുതു സംരംഭകര്‍ക്കും അനുസ്യൂതം ഇന്ത്യന്‍ സംരംഭക സംസ്കാരത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന സാമ്പത്തിക ആവാസവ്യവസ്ഥയാണ് നിലവിലുള്ളത്. വിദ്യാഭ്യാസ മന്ത്രാലയവും ശാസ്ത്ര സാങ്കേതിക വകുപ്പും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ആക്ഷന്‍ പ്ലാനിന് കീഴില്‍, അക്കാദമികവും വ്യവസായവും ഇഴചേര്‍ന്ന ഇന്കുബേഷനിലൂടെയും സംയുക്ത ഗവേഷണ-വികസന ശ്രമങ്ങളിലൂടെയും സംരംഭക ആവാസവ്യവസ്ഥയുടെ വിജയകരമായ നവീകരണവും പ്രോത്സാഹനവും അതിലൂടെ ആത്മനിര്‍ഭരമാകുന്ന ഭാരതത്തിന്റെ അനിവാര്യതയും ലക്ഷ്യമിട്ട് നിതാന്തശ്രമങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: